ഓണാട്ടുകര തേരോട്ടങ്ങളുടെ ലഹരിയിലാണ്. ഇവിടെ തേരുകള്‍ക്കൊപ്പം കുതിരയും കാളയും കാലാളുമെല്ലാമുണ്ട്. ഭീമനും ഹനുമാനും ദേവീ ദേവന്മാരുമെല്ലാം പലരൂപത്തില്‍, ഭാവത്തില്‍ കെട്ടുകാഴ്ചകളായി വന്നുചേരുന്നു. ഉത്സവക്കാഴ്ചകള്‍ക്ക് നിറം പകരുന്ന കെട്ടുകാഴ്ചകള്‍ ഭക്തമനസുകളില്‍ ആവേശവും ആഹ്ലാദവും നിറയ്ക്കുന്നു. സങ്കടങ്ങള്‍ നടയ്ക്ക് വച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ദേവതകള്‍ക്കായി ഒരുക്കുന്ന നേര്ച്ചകാഴ്ചകള് കൂടിയാണിത്. ഭക്തിയുടെ നൂലിഴകള്‍ തുന്നിച്ചേര്‍ത്ത തേരോട്ടമെന്നും പറയാം.
ദേവീ ക്ഷേത്രങ്ങളില്‍ തേരും കുതിരയുമാണ് സാധാരണ കാണുന്നത്. ശിവ ക്ഷേത്രങ്ങളില്‍
നന്ദികേശന്റെ പ്രതിരൂപമായ കെട്ടുകാളകളാണ്. ചില ക്ഷേത്രങ്ങളില്‍ തേരും കുതിരയും കെട്ടുകാളകളുമെല്ലാം കാണാം. ദേവീ ക്ഷേത്രങ്ങളില്‍ കെട്ടുകാളകള്‍ മാത്രമെത്തുന്ന ഉത്സവങ്ങളുമുണ്ട്. കാളകെട്ടെന്നും നന്ദികേശന്റെ എഴുന്നള്ളത്തെന്നുമെല്ലാം കാളകളെ കെട്ടിയൊരുക്കുന്നതിന് വിളിപ്പേരുണ്ട്. ഓണാട്ടുകരയിലെ ഏറ്റവും വലിയ തേരോട്ടമായ ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച കഴിഞ്ഞ ദിവസമായിരുന്നു.
സമീപ പ്രദേശങ്ങളിലെ ചെറുതും വലുതുമായ നിരവധി അമ്പലങ്ങളില്‍ പലതരത്തിലുളള കെട്ടുകാഴ്ചകളെത്തുന്നു. നൂറ്റാണ്ടുകളായി നടന്നുവരുന്നവയും കാലങ്ങളായി മുടങ്ങിക്കിടന്ന കെട്ടുത്സവങ്ങള്‍ വീണ്ടും തുടങ്ങിയവയെല്ലാമുണ്ട്.കൊല്ലം ജില്ലയിലെ കരുനാഗപ്പളളിയും ആലപ്പുഴയിലെ കാര്‍ത്തികപ്പളളി, മാവേലിക്കര താലൂക്കുകളും ചേര്‍ന്നാല്‍ ഓണാട്ടുകരയായി. ഒരുകാലത്ത് മലയാളിയെ ഓണം ഊട്ടിയിരുന്ന കര. ക്ഷേത്രങ്ങളുടെ മണ്ണെന്നും ഈ നാടിനെ വിളിക്കാം. അത്രയ്ക്കാണിവിടുത്തെ ക്ഷേത്രങ്ങളുടെ എണ്ണം. സാംസ്കാരികവും കലാപരമായും ഔന്നത്യം പുലര്‍ത്തുന്ന ഓണാട്ടുകരയുടെ ഐശ്വര്യമാണീ ക്ഷേത്രങ്ങളെന്നും പറയാം.
ക്ഷേത്ര ചടങ്ങുകളില്‍ അത്ര ശ്രദ്ധിക്കാത്തവരും അമ്പലത്തില്‍ പോകുന്ന ശീലമില്ലാത്തവരുമെല്ലാം ഭക്തര്‍ക്കൊപ്പം കെട്ടുകാഴ്ചകള്‍ ഒരുക്കാന്‍ കൂടുന്നു.
ഒരുക്കിയെടുക്കുന്ന ഉത്സവകാഴ്ചയുടെ പ്രാധാന്യത്തിനൊപ്പം കരക്കൂട്ടവുമായി കൈകോര്‍ക്കാനുളള വെമ്പല്‍ എല്ലായിടങ്ങളിലും കാണാം. രാഷ്ട്രീയമുള്‍പ്പെടെ എല്ലാ ഭേദങ്ങളും മാറ്റിവച്ചുളള സംഘബോധമാണ് ഈ ആഘോഷങ്ങള്‍ക്കൊപ്പം വളരുന്നത്. ഹൈന്ദവ നവോത്ഥാനത്തിന്റെ പുതിയ ലോകം ഇവിടെ സൃഷ്ടിക്കപ്പെടുന്നു. അന്യമതസ്ഥരും ഈ കൂട്ടായ്മയില്‍ ചേരുന്നു. ആരെങ്കിലും നിര്‍ബന്ധിച്ചിട്ടല്ല, മറിച്ച് തങ്ങളുടെ അവകാശവും ഉത്തരവാദിത്തവുമായാണ് കരക്കാര് കെട്ടുകാഴ്ചയൊരുക്കം നോക്കിക്കാണുന്നത്. ജോലിക്കും മറ്റുമായി വിദേശങ്ങളിലടക്കം പോകുന്നവര്‍ നാട്ടിന്‍പുറത്തെ ഉത്സവകാലം നോക്കിയാണ് വരുന്നത്. പലപ്പോഴും മടക്കയാത്രയില്‍ വീട്ടില്‍ കയറും മുമ്പ് കെട്ടുകാഴ്ചകളില്‍ കൈവയ്ക്കാന്‍ ഓടിവരുന്നവരേയും കാണാം. പൂര്‍വ ജന്മത്തിലൂടെ പകര്‍ന്നുവന്ന കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും അടയാളങ്ങളാണിത്.
ചെട്ടികുളങ്ങര ഭരണി നാളില്‍…
ചെട്ടികുളങ്ങരയില്‍ 13 കരകളില്‍ നിന്നാണ് കെട്ടുകാഴ്ചകള്‍ വരുന്നത്. കരകള്‍ക്ക് കൃത്യമായ ക്രമമുണ്ട്. ആ ക്രമത്തില്‍ തേരും കുതിരയുമെല്ലാം അമ്പലനടയില്‍ എത്തണം. ഊഴംതെറ്റിയുളള ക്ഷേത്രപ്രവേശനത്തിന് ആരും വരില്ല. അതൊരു അലിഖിത നിയമമാണ്.
ലോകത്താകെയുളള പൈതൃക ഉത്സവങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ചെട്ടികുളങ്ങരയുടെ സ്ഥാനം ഏറെ മുന്നിലാണ്. യുനസ്കോയുടെ ലോക പൈതൃക ഭൂപടത്തിലേക്ക് ചെട്ടികുളങ്ങര കെട്ടുകാഴ്ചകളും കുത്തിയോട്ടം വഴിപാടും ഓടിക്കയറുന്ന നാളുകളാണ് വരാന്‍ പോകുന്നത്. കുംഭത്തിലെ ശിവരാത്രിയില്‍ തുടങ്ങി ഭരണിവരെ നീളുന്ന ഉത്സവം. ഒരാഴ്ചത്തെ ഉത്സവകാലത്ത് നാല് മുതല്‍ അഞ്ചുലക്ഷം വരെ ഭക്തരാണ് കുംഭഭരണി ഉത്സവത്തില്‍ പങ്കാളികളാകുന്നത്. കെട്ടുകാഴ്ചകളുടെ ഒരുക്കം മുതല്‍ കുത്തിയോട്ട വീടുകളിലെ പങ്കാളിത്തംവരെയുളള ഏകദേശ കണക്കാണിത്. മൂന്നര നാല് ലക്ഷം പേര് പങ്കുകൊളളുന്ന അന്നദാന വഴിപാടാണ് ഈ ഉത്സവത്തിന്റെ മറ്റൊരു സവിശേഷത.
കുത്തിയോട്ടം വഴിപാട് നടത്തുന്ന വീടുകളില്‍ ദിവസം മുഴുവന്‍ ഭക്ഷണം വിളമ്പും. രാവിലെ മുതല്‍ രാത്രി വൈകുംവരെ പാചകപ്പുരകള്‍ക്ക് വിശ്രമമുണ്ടാകില്ല. കുത്തിയോട്ടം വഴിപാടു വീട്ടിലെ കലവറ ഒഴിയരുതെന്നാണ് വഴിപാടുകാര്‍ ആഗ്രഹിക്കുന്നത്. ഇത് ആരും നിര്‍ദ്ദേശിക്കുന്നതല്ല. വഴിപാടുകാരന് സ്വയം തീരുമാനിക്കുന്നതാണ്. കുത്തിയോട്ടം വഴിപാടിന് യഥാശക്തി ഭക്ഷണം നല്കിയാല് മതിയെന്നാണ് കീഴ്വഴക്കം. അത് പാലിക്കുന്നവരുമുണ്ട്.
കെട്ടുകാഴ്ചകള്‍ കെട്ടിയൊരുക്കുന്നിടങ്ങളില് കുതിരമൂട്ടില്‍ കഞ്ഞിയുണ്ട്. കഞ്ഞി സദ്യയെന്നാണ് നാട്ടുഭാഷ. ഓലക്കീറില്‍ ഈര്‍ക്കില്‍ കുത്തി ചുരുട്ടിയെടുത്താല്‍ തടയായി. പച്ചമണ്ണില്‍ ഈ തടവച്ച് അതിന്മീതെ വാഴയില വയ്ക്കും. ആവിപറക്കുന്ന കഞ്ഞി ഒഴിക്കുമ്പോള്‍ ആ ചൂടില്‍ ഇല വാടും. തടയിലേക്ക് ഇലയുടെ മധ്യഭാഗം മെല്ലെ താഴ്ന്നിറങ്ങും. അസ്ത്രം എന്നറിയപ്പെടുന്ന ഓണാട്ടുകര സ്പെഷ്യല്‍ കറിയാണ് അടുത്ത വിഭവം. ഇതിനിടെ കടുക് മാങ്ങ, ഉണ്ണിയപ്പം, മുതിര പുഴുക്ക്, അവല്, പഴം, പപ്പടം എന്നിവയെല്ലാം വിളമ്പും. ഇങ്ങനെയാണ് ഓണാട്ടുകരക്കാര്‍ കഞ്ഞിസദ്യയൊരുക്കുന്നത്.
കുത്തിയോട്ടം വഴിപാട് 18-ാം നൂറ്റാണ്ട് മുതല്‍ തെക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കുന്നതായി രേഖകളുണ്ട്. നരബലിയാണ് ഈ വഴിപാടിന്റെ അടിസ്ഥാനമായി പറയപ്പെടുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പുത്രബലി സങ്കല്‍പ്പത്തിലാണ് കുത്തിയോട്ടം നടത്തുന്നത്. പുത്രബലി ആയതിനാല്‍ വഴിപാട് സ്വന്തം വീട്ടില്‍ തന്നെ നടത്തണം. എട്ടുവയസില്‍ താഴെയുളള ബാലകന്മാരെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ വളര്‍ത്തി കുത്തിയോട്ടച്ചുവട് പരിശീലിപ്പിക്കും. പരിചയസമ്പന്നരായ ആശാന്മാരുടെ ശിക്ഷണത്തിലാണ് പരിശീലനം. തന്നന്ന താനന്ന… താളത്തിലാണ് ചുവട് വയ്പ്പ്. കുത്തിയോട്ട ബാലന്മാരെ ചുവട് പഠിപ്പിച്ച ശേഷം മുതിര്‍ന്ന ആളുകള്‍ ചുവട് വയ്ക്കും. പ്രത്യേക താളത്തില്‍ മേളത്തിലുളള പാട്ടുകള്‍ക്കൊപ്പമാണ് ചുവട് വയ്ക്കുന്നുത്. വഴിപാട് വീടുകളില്‍ നടക്കുന്ന പാട്ടും ചുവടും കാണാന്‍ ആയിരക്കണക്കിന് ഭക്തരാണ് ഒത്തുകൂടുക.
കുംഭഭരണി ദിവസം കുത്തിയോട്ട ബാലന്മാരെ അണിയിച്ചൊരുക്കി ഘോഷയാത്രയായി ദേവീ സന്നിധിയിലെത്തും. തിരുനടയില്‍ ചുവട് വച്ച ശേഷം കുത്തിയോട്ട സമര്‍പ്പണം. ചൂരല്‍ മുറിയല്‍ എന്ന സവിശേഷ ചടങ്ങോടെയാണ് കുത്തിയോട്ടം പൂര്‍ത്തിയാകുന്നത്. ഭരണി സന്ധ്യയോടെ 13 കരകളിലേയും കെട്ടുകാഴ്ചകള്‍ ചെട്ടികുളങ്ങര നടയില്‍ എത്തിച്ചേരും. തുടര്‍ന്ന് കിഴക്കേ നടയിലെ കാഴ്ചക്കണ്ടത്തില്‍ അണിനിരക്കും. മനം മയക്കുന്ന ദൃശ്യവിസ്മയമാണിത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്ഷിച്ചിരിക്കുന്നതാണ് ചെട്ടികുളങ്ങര കുത്തിയോട്ടവും കെട്ടുകാഴ്ചയും. ആറ് കുതിര, അഞ്ച് തേര്, ഭീമന്, ഹനുമാന് എന്നിവയാണ് ചെട്ടികുളങ്ങര ഭരണിക്കാഴ്ചയിലുളളത്.
ഓണാട്ടുകരയുടെ കെട്ടുത്സവങ്ങള്‍
വെട്ടിയാര്‍ പളളിയറക്കാവ് ദേവീ ക്ഷേത്രം, കാര്‍ത്തികപ്പള്ളി വലിയകുളങ്ങര ദേവീ ക്ഷേത്രം, കൊയ്പ്പള്ളിക്കാരാഴ്മ, മുളളിക്കുളങ്ങര, പുതിയകാവ്, വെണ്മണി ശാര്‍ങ്ങരക്കാവ് ദേവീ ക്ഷേത്രം, കാരാഴ്മ ദേവീ ക്ഷേത്രം, വള്ളികുന്നം പടയണിവട്ടം ദേവീ ക്ഷേത്രം, പൊന്നാരം തോട്ടം ദേവീക്ഷേത്രം, ഹരിപ്പാട് എരിക്കാവ് മുണ്ടോലില്‍ ദേവീ ക്ഷേത്രം… തേരും കുതിരയും ഉത്സവത്തിന്റെ ഭാഗമായുള്ള ക്ഷേത്രങ്ങള്‍ അനവധിയാണ്. ഇവിടെ പരാമര്‍ശിക്കപ്പെടാത്ത നിരവധി ക്ഷേത്രങ്ങളില്‍ ഗംഭീരമായി തേരും കുതിരയും ഒരുക്കി ഉത്സവം ആഘോഷിക്കുന്നുണ്ട്. പേരെടുത്ത് പറയാതെ പോയത് അവയുടെ പ്രാധാന്യം കുറഞ്ഞതുകൊണ്ടല്ല. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയെന്ന് മാത്രം.
കെട്ടുകാഴ്ചയിലെ കുതിരയ്ക്ക് യഥാര്‍ഥ കുതിരയുമായി ഒരു സാദൃശ്യവുമുണ്ടാകില്ല. നൂറടി വരെ ഉയരം വരുന്ന നിര്‍മിതിയാണിത്. ചില ക്ഷേത്രങ്ങളില്‍ കെട്ടുകാഴ്ചയില്‍ കുതിരയുടെ തലയുടെ ഭാഗം ചേര്‍ത്ത് വയ്ക്കാറുണ്ട്. മറുഭാഗത്ത് ചെറിയ വാലും. വേഗതയില്‍ കുതിരകളെപ്പോലും തോല്‍പ്പിക്കാന്‍ കഴിയുന്ന കെട്ടുകാഴ്ച കുതിരകളുണ്ട്. അത് കരക്കാരുടെ കൈക്കരുത്തിന്റെ ബലത്തിലാണെന്ന് മാത്രം. അമ്പലപ്പറമ്പിലേക്കുള്ള യാത്രയില്‍ കരക്കരുത്തില് ഈ കുതിരകള്‍ ഓടിച്ചാടിപ്പോകുന്നത് കാണാം.
കെട്ടുകാളകളുടെ കാര്യം പറയുമ്പോള്‍ ഓണാട്ടുകരയിലെ ബഹുഭൂരിപക്ഷം അമ്പലങ്ങളും പരാമര്‍ശിക്കേണ്ടിവരും. നന്ദികേശന് ഇടംപിടിക്കാത്ത ഉത്സവങ്ങള്‍ തീരെ കുറവായിരിക്കും. ഒരു ജോഡികാളകളാണ് സാധാരണ കാണുന്നത്. ചിലയിടങ്ങളില്‍ ഒറ്റക്കാളകളുമുണ്ട്. രണ്ട് കാളകളിലൊന്ന് ചെമ്പട്ട് ചുറ്റിയിരിക്കും. ഒപ്പമുളളത് തൂവെളള പട്ടണിയുന്നതും. നീളമേറിയ കഴുത്തില്‍ നിറയെ മണികെട്ടും. തടിച്ചക്രത്തിന് മീതെ കാളയെ ഉറപ്പിച്ചാണ് അമ്പലത്തിലേക്ക് കൊണ്ടുപോകുന്നത്.
ഓച്ചിറ ക്ഷേത്രത്തില്‍ ഇരുപത്തിയെട്ടാം ഓണത്തിനുളള കെട്ടുകാഴ്ചവരവാണ് ഈ പ്രദേശത്തെ പ്രധാന കാളകെട്ട്. നൂറനാട് പടനിലം, ചുനക്കര, ഹരിപ്പാട് തലത്തോട്ട, ആറാട്ടുപുഴ മംഗലം, കടുവിനാല്‍ പരിയാരത്ത് കുളങ്ങര, കാര്‍ത്യാനി പുരം, വട്ടയ്ക്കാട്ട് ക്ഷേത്രം, ശക്തികുളങ്ങര ഭുവനേശ്വരി ക്ഷേത്രം, നെടിയാണിക്കല്‍, നൂറനാട് പണയില്‍ ദേവീ ക്ഷേത്രം, കരുമുളയ്ക്കല് തുരുത്തിയില്‍, ചെറ്റാരിക്കല്‍, മറ്റം മഹാദേവര്‍ ക്ഷേത്രം, മാവേലിക്കര മറുതാക്ഷി ക്ഷേത്രം, താമരക്കുളം കണ്ഠകാളക്ഷേത്രം, ഭരണിക്കാവ്, ചെന്നിത്തല തൃപ്പെരുന്തുറ മഹാദേവ ക്ഷേത്രം, തറമേല്‍ക്കാവ്, അമ്മഞ്ചേരില്‍, മന്ദാനില്, മലമുറ്റം ഇറവങ്കര, കവറാട്ട് ക്ഷേത്രം… പട്ടികയ്ക്ക് ദൈര്‍ഘ്യമേറെയാണ്.
ഓണാട്ടുകരയിലെ കെട്ടുത്സവങ്ങള്‍ സമഗ്രമായ ഗവേഷണം അര്‍ഹിക്കുന്ന വിഷയമാണ്. താല്പര്യമുളളവര് തുനിഞ്ഞിറങ്ങുമെന്ന് പ്രതീക്ഷിക്കാം.
പ്രകൃതിയ്ക്കൊപ്പം നില്ക്കുന്ന കെട്ടുകാഴ്ചകള്‍
കെട്ടുകാഴ്ചകളെ ഒരുക്കുന്നതിന് പ്രകൃതിയുമായി ചേര്‍ന്ന് നില്ക്കുന്ന ചിട്ടവട്ടങ്ങളാണുളളത്. 100 അടി പൊക്കത്തിലെ കാഴ്ച രൂപങ്ങള്‍ ഒരുക്കിയെടുക്കാന്‍ ഇഴക്കയറും തടി ആപ്പുകളുമാണ് കൂട്ടുണ്ടാവുക. ഇരുമ്പും പ്ലാസ്റ്റിക്കും പടിക്ക് പുറത്താണ്. കമുകിന് കീറുകളില്‍ കാട്ടുവള്ളികള്‍ കൂട്ടിക്കെട്ടിയായിരുന്നു മുമ്പ് തേരും കുതിരയും ഒരുക്കിയിരുന്നത്. ഇപ്പോള്‍ കാട്ടുവള്ളികള്‍ കുറവാണ്. പകരം കയറുകള്‍ വ്യാപകമായി. അപ്പോഴും പ്ലാസ്റ്റിക് വടങ്ങളും കയറുകളും ഉപയോഗിക്കാറേയില്ല.
കെട്ടുകാളകള്‍ക്ക് തടിക്കൂട്ടിന് മീതെ വൈക്കോലാണ് (ഓണാട്ടുകരയില്‍ കച്ചിയെന്ന് വിളിപ്പേര്) കെട്ടുന്നത്. കാളയുടെ ശരീര വടിവിനൊപ്പിച്ച് വൈക്കോല്‍ കെട്ടിയൊരുക്കുന്നതിന് അതിവിശേഷമായ വൈദഗ്ധ്യം തന്നെ വേണം. കരക്കാര് തലമുറകളായി ഈ തച്ചുശാസ്ത്രം പഠിച്ചെടുക്കുകയാണ്. കാളകളുടെ ഒരുക്കവും പ്രകൃതിയുമായി ചേര്‍ന്നുവേണം.
കെട്ടുകാഴ്ചകള്‍ക്ക് ഓരോ ദേശങ്ങളിലും ഓരോ രൂപമായിരിക്കും.
തേരിനും കുതിരയ്ക്കും കെട്ടുകാളകള്ക്കും രൂപഭേദമുണ്ടാകും. എന്നാല്‍, ഇവ ഒരുക്കുന്നവരുടെ മനസ് ഒന്നുതന്നെയാണ്. തങ്ങളുടെ ഇഷ്ടദേവതയ്ക്ക് സമര്‍പ്പിക്കാനുളള വലിയൊരു വഴിപാട്. അതും കൂട്ടായ്മയില്‍ നിന്ന് പിറവിയെടുക്കുന്നത്. അത് സമര്‍പ്പിക്കുന്നതിലൂടെ ഭക്തന് ലഭിക്കുന്ന പോസിറ്റീവ് എനര്‍ജി അനുഭവിച്ചറിയുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: