ന്യൂദല്‍ഹി: ചരക്ക് സേവന നികുതിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തത്വത്തില്‍ അംഗീകാരം നല്കി. മാര്‍ച്ച് മധ്യത്തോടെ ഇത് നടപ്പിലാക്കുന്നതിനുള്ള അന്തിമ അംഗീകാരം ലഭിക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സംസ്ഥാന പ്രതിനിധികളുമായി ജിഎസ്ടി ചട്ടങ്ങള്‍ സംബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ജിഎസ്ടിയുടെ ഭാഗമായ കേന്ദ്ര ചരക്കുസേവന നികുതി(സിജിഎസ്ടി), സമ്പൂര്‍ണ്ണ ചരക്കു സേവന നികുതി(ഐജിഎസ്ടി) എന്നിവയുടെ നിബന്ധനകളും യോഗം അംഗീകരിച്ചു.
ജിഎസ്ടി ചട്ടങ്ങളില്‍ കേന്ദ്രം 26 ഓളം മാറ്റങ്ങള്‍ വരുത്തി. ഇവയ്ക്കെല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകാരവും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് മധ്യത്തോടെ ജിഎസ്ടി സംബന്ധിച്ച് വീണ്ടും യോഗം ചേരും. സിജിഎസ്ടി, ഐജിഎസ്ടി എന്നിവ വീണ്ടും ചര്‍ച്ച ചെയ്യുന്നതാണെന്ന് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര പറഞ്ഞു. അതേസമയം ധാബകളേയും ചെറുകിട റെസ്റ്റോറന്റുകളേയും സംയോജിപ്പിച്ചുകൊണ്ട് പദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും അറിയിച്ചു. ഐജിഎസ്ടി സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചരക്ക് കൈമാറ്റത്തില്‍ നികുതിയിളവ് നല്‍കുന്നതാണെന്നും മിത്ര കൂട്ടിച്ചേര്‍ത്തു.
അതിനിടെ റിയല്‍ എസ്റ്റേറ്റും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരേണ്ടതാണെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു. കള്ളപ്പണം ഏറ്റവും കൂടുതല്‍ കണ്ടെത്തുന്നത് ഈ മേഖലയിലാണ.് അതിനാല്‍ ഇതും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരേണ്ടതാണെന്ന് സിസോദിയ പറഞ്ഞു. എന്നാല്‍ ജിഎസ്ടി ചട്ടങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അതിനാല്‍ നിയമ വിഭാഗത്തിന്റെ പരിഗണനക്ക് ഇത് വീണ്ടും നല്‍കേണ്ടതാണെന്നും ജമ്മുകശ്മീര്‍ ധനമന്ത്രി ഹസീബ് ദബ്രു യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: