ന്യൂദല്‍ഹി: മാസ ശരാശരി ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ഈടാക്കുന്നു. ശരാശരി ബാലന്‍സ് ഇല്ലെങ്കില്‍ പ്രതിമാസം സര്‍വ്വീസ് ചാര്‍ജ് കൂടാതെ 100 രൂപ വരെ അക്കൗണ്ടില്‍ നിന്ന് പിഴ ഈടാക്കും. കറന്റ് അക്കൗണ്ടുകളില്‍ പിഴ 20,000 രൂപ വരെ ഉയരുന്നതാണ്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
അഞ്ചു വര്‍ഷത്തിനുശേഷമാണ് എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ കൊണ്ടുവരുന്നത്. ഇതുകൂടാതെ എടിഎം ഉള്‍പ്പടെയുള്ള മറ്റ് സേവനങ്ങളുടെ ചാര്‍ജ് സംബന്ധിച്ചും ബാങ്കുകള്‍ പുനഃപരിശോധിക്കുന്നുണ്ട്. അതേസമയം സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസം മൂന്നു തവണ സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിക്കാവുന്നതാണ്. അതിനുശേഷമുള്ള നിക്ഷേപിക്കലിന് 50 രൂപ വീതം അധിക ചാര്‍ജ് ഈടാക്കും.
വന്‍ നഗരങ്ങളില്‍ ശരാശരി മാസ ബാക്കി 5000 രൂപയാണ്. ഇതില്‍ താഴെയാണെങ്കില്‍ സേവന നികുതിയും 100 രൂപ പിഴയും അടയ്ക്കണം. ഇതിന്റെ പകുതിയാണ് ബാങ്ക് അക്കൗണ്ടിലെ പണമെങ്കില്‍ സേവന നികുതിയും 50 രൂപയും പിഴ നല്‍കണം. ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനനുസരിച്ച് ശരാശരി മാസ ബാക്കിയുടെ നിരക്കിലും വ്യത്യാസമുണ്ട്.
2012ല്‍ എസ്ബിഐ മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ ഈടാക്കുന്നത് നിര്ത്തിയിരുന്നതാണ്. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും എസ്ബിഐ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
പ്രതിമാസം എസ്ബിഐയുടെ എടിഎമ്മില്‍ നിന്നും അഞ്ച് തവണയില്‍ കുടുതല്‍ പണം പിന്‍വലിക്കുന്നതിന് 10 രൂപ വീതം ചാര്‍ജ് ഈടാക്കുന്നതാണ്. മറ്റ് ബാങ്കുകളുടേതില്‍ നിന്ന് മൂന്നു തവണ സൗജന്യമായും അതില്‍ കൂടുതല്‍ തവണ പണം പിന്‍വലിക്കുകയാണെങ്കില്‍ 20 രൂപ വീതവും ചാര്‍ജ് ഈടാക്കും. എന്നാല്‍ ബാങ്ക് അക്കൗണ്ട് ബാലന്‍സ് 25,000ല്‍ കൂടുതല്‍ ആണെങ്കില്‍ ഇത്തരത്തിലുള്ള ഒരു ചാര്‍ജും ഈടാക്കുന്നതല്ലെന്നും എസ്ബിഐ അറിയിച്ചു. എന്നാല്‍ മറ്റ് ബാങ്കുകളില്‍ ബാലന്‍സ് 1,00,000 കൂടുതല്‍ ആണെങ്കില്‍ മാത്രമാണ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: