മഴ മാറി നിന്നതല്ല, ഒന്ന് ഒളിച്ചു നിന്നതാണ്. നന്നായി പെയ്യാനാണ് കനത്ത ചൂടില്‍ ഭൂമി തിളച്ചതെന്നു തോന്നുന്നു. കുറെ ദിവസങ്ങളായി ചുട്ടുപൊള്ളുകയായിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കേരളത്തിന്റെ പല ഭാഗങ്ങളിലും ഒറ്റയ്ക്കും തെറ്റയ്ക്കും മഴ പെയ്തു. ചിലയിടങ്ങളില്‍ ഒന്നു കനയ്ക്കുകയും ചെയ്തു. അപ്പഴും കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മഴവരവ് പിണങ്ങി നില്‍ക്കുകയാണ്.
പണ്ട് എപ്പോള്‍ മഴവരുമെന്നും ചൂടുവരമെന്നുമൊക്കെ മലയാളിക്ക് അറിയാമായിരുന്നു. അന്നു കാലാവസ്ഥ നിരീക്ഷണമൊന്നും വേണ്ടായിരുന്നു. നിഴലു കണ്ട് നേരമളന്നിരുന്നവര്ക്കെന്ത് കാലാവസ്ഥാ നിരീക്ഷണം. ഋതുഭേദങ്ങള്‍ അവര്‍ക്ക് അനുഭവങ്ങളുടെ കൈരേഖ പോലെയായിരുന്നു. കൊള്ളപ്പിടിച്ച മഴയും കൊടുംവേനലുമായിരുന്ന കാലാവസ്ഥ. അല്ലെങ്കില്‍ സമശീതോഷ്ണാവസ്ഥ. ലോകത്തൊരിടത്തും ഇത്രയ്ക്കു നല്ല കാലാവസ്ഥയില്ലെന്നു പറഞ്ഞു നമ്മള് തന്നെ അഹങ്കരിച്ച നാളുകള്‍. നമുക്കു കണ്ണുകിട്ടിയോ എന്നു തോന്നുമാറ് എല്ലാം കലങ്ങി മറിഞ്ഞു പോയോ.
ഇപ്പഴാണ് മഴ കാത്തു കിടക്കുന്ന വേഴാമ്പലിനെപ്പോലെ ആയത് കേരളം. സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയായി മലമുഴക്കി വേഴാമ്പലിനെ അന്നു തെരഞ്ഞെടുക്കുമ്പോള്‍ ഇങ്ങനെ മഴ കാത്തിരിക്കുന്ന കാലമൊന്നും ഓര്‍ത്തു കാണില്ല. ഇന്ന് മഴ ഒരു പുതുമയാണ്. ഒരതിശയം. പുതുതലമുറയ്ക്ക് പ്രത്യേകിച്ചും. മഴകാണാന്‍ പോകാമെന്നു അവര്‍ കൗതുകം കൊള്ളുംവരെയായി മഴയുടെ അപൂര്‍വത. ഉഷ്ണംമാത്രം കണ്ടും അറിഞ്ഞും വരുന്നവര്‍ക്ക് മഴത്തുള്ളിക്കിലുക്കവും മഴനനവും കുളിരുമൊക്കെ അനുഭൂതിയാവും.
കുളവും തോടും മുറ്റവും വഴിയുമൊക്കെ മഴ നിറഞ്ഞ ഒരു കുട്ടിക്കാലം ഇന്നത്തെ മുതിര്‍ന്നവരുടെ മനസില്‍ മറ്റൊരു മഴയായി പെയ്യുന്നുണ്ടാവും. അന്ന് മഴയില്‍ നനഞ്ഞും കളിച്ചും മഴയിലൂടെ ഒഴുകി വരുന്ന മീനിനെ പിടിച്ചുമൊക്കെയായി മഴക്കാലം കഴിച്ചിരുന്ന നാളുകള്‍. വറ്റിയ കുളങ്ങളുടേയും തോടുകളുടേയും പകരമായി ഇന്ന് മഴക്കാലത്ത് നിരത്താണ് കുളവും തോടുമാകുന്നതെന്നുമാത്രം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കവിത എഴുതപ്പെട്ടത് മഴയെക്കുറിച്ചായിരിക്കും. മഴ മുളപൊട്ടലും ആരംഭവും തുടര്‍ച്ചയുമാണ്. ജലത്തെ ജീവജലമെന്നാണ് പറയുന്നത്.
വരള്‍ച്ചയുടെ മരവിപ്പിലാണ് കേരളം.പുഴകള്‍ വറ്റിയുള്ള മണല്‍ തിട്ടകളില് കുട്ടികള്‍ കാല്പ്പന്തും ക്രിക്കറ്റുമൊക്കെ കളിക്കുകയാണ്. കിണറുകളൊക്ക വറ്റി. വെള്ളമില്ലാതെ നെട്ടോട്ടത്തിലാണ് ജനം. വെള്ളമില്ലാത്തതിനാല്‍ ഒരു കോളേജു തന്നെ പൂട്ടിയെന്നു കഴിഞ്ഞിടെ വാര്‍ത്തയുണ്ടായിരുന്നു. ലോകത്ത് ചില കടലുകള്‍ വറ്റുന്നുവെന്നത് നമ്മെ നടുക്കിയിരുന്നു. ചാവുകടല്‍ നിരന്തരം വറ്റുകയാണ്. നമ്മുടെ ജലസ്രോതസുകളും വറ്റുകയാണ്. മാരിവില്ലുകളും മഴ മേഘങ്ങളും ഒഴിഞ്ഞുപോകുന്നു. ഉണ്ടായ മഴയനക്കം പെരുത്തു പെരുത്ത് മഴയുടെ ഉത്സവം തന്നെയാകട്ടേയെന്ന് നമുക്കു ആഗ്രഹിക്കാം. കാത്തിരുന്ന വേഴാമ്പല്‍ കാര്മുകില്മാലയെ കാണുംപോലെയാണ് കൃഷ്ണനെ അക്രൂരന് കണ്ടതെന്ന് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലുണ്ട്. ഇനി മഴ നമുക്കു നല്‍കുന്നത് ആ കാഴ്ചപോലെയാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: