പതിനൊന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് അലിയ ഫാത്തിമ യ്ക്ക് സ്വന്തം കരള്‍ പകുത്തുനല്കി ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന യുവതി. ദാരിദ്ര്യം ഊടും പാവും നെയ്ത ജീവിതത്തോട് പൊരുതി കുരുന്നു ജീവന് തുണയായവള്‍. അവയവ ദാതാവിന്റെ സമ്മതമുണ്ടെങ്കില്‍ മറ്റാരുടേയും അനുവാദം വാങ്ങാതെ അവയവം ദാനം നല്‍കാമെന്ന് കേരള ഹൈക്കോടതിയെ കൊണ്ട് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് ചരിത്രത്തില്‍ ഇടം നേടിയവള്‍. മറക്കരുത്, ഈ ഹൃദയവിശാലതയെ. ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016 ഏപ്രില്‍ ആറിന് തിരുവനന്തപുരം പൂജപ്പുര തമലം സ്വദേശിനിയായ ശ്രീരഞ്ജിനിയെ കുറിച്ച് കേരളം ഏറ്റുപറഞ്ഞ വാചകങ്ങളാണിത്.
അവയവദാനം മഹത്തരം തന്നെ. പക്ഷേ, അതിനുശേഷമുള്ള ഒറ്റപ്പെടല്‍. ആ നോവിന്റെ നെരിപ്പോടില്‍ നീറുകയാണ് ശ്രീരഞ്ജിനിയെന്ന ഈ നന്മയുടെ പൂമരം. ഉറ്റവര്‍ തിരിച്ചറിഞ്ഞില്ല ശ്രീരഞ്ജിനിയിലെ അമ്മ മനസ്സ്. അവയവ ദാനത്തിനു ശേഷം അഭയം തേടിയെത്തിയ ശ്രീരഞ്ജിനിയെ പടിയിറക്കിവിട്ടു ബന്ധുക്കള്‍. ഒപ്പമുണ്ടെന്ന് പലയാവര്‍ത്തി പുലമ്പിയവര്‍ തിരിഞ്ഞു നോക്കിയില്ല അവളെ. പട്ടിണിയും പരിവട്ടവുമായി വാടക വീട്ടില്‍ ഒതുങ്ങിക്കൂടി ശ്രീരഞ്ജിനി. ആരോടും പരിഭവമില്ലാതെ, അലിയയില്‍ ജീവന്റെ തുടിപ്പ് നിലനിര്‍ത്താനായ പുണ്യത്തെ താലോലിച്ച് ഒരു ഏകാന്ത വാസം.
അലിയ ഫാത്തിമയെ കണ്ടുമുട്ടിയത്
തൃക്കണ്ണാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആശാവര്‍ക്കറായിരുന്നു ശ്രീരഞ്ജിനി. കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് 2016 ഫെബ്രുവരി 21 ന് ശ്രീരഞ്ജിനി തമലത്തെ അങ്കണവാടിയില്‍ എത്തിയത്. തുള്ളിമരുന്ന് കുട്ടികള്‍ക്ക് നല്‍കുന്നതിനിടെ അമ്മയുടെ ഒക്കത്തുകിടന്ന് വിതുമ്പുന്ന പത്തുമാസക്കാരി ശ്രീരഞ്ജിനിയുടെ ശ്രദ്ധയില്‍പെട്ടു. കണ്ണുകള്‍ മഞ്ഞളിച്ച്, ശോഷിച്ച ശരീരപ്രകൃതിയുള്ള ഒരു പിഞ്ചുകുഞ്ഞ്. കാണുന്നവരില്‍ സങ്കടം നിറയ്ക്കുന്നതായിരുന്നു ആ കുഞ്ഞിന്റെ മുഖം.
ദൈന്യതയോടെ തന്നെ നോക്കി ഏങ്ങലിട്ട കുഞ്ഞിനെ ശ്രീരഞ്ജിനി കൊഞ്ചിക്കാന് ശ്രമിച്ചു. ശ്രീരഞ്ജിനി വാത്സല്യത്തോടെ നീട്ടിയ കൈകളിലേക്ക് അലിയ ഫാത്തിമയെന്ന ആ പിഞ്ചോമന പറന്നിറങ്ങിയത് പെട്ടന്നായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഒന്നരവര്‍ഷം മുമ്പ് തന്നില്‍നിന്ന് അടര്‍ത്തിയെടുത്തുകൊണ്ടുപോയ സ്വന്തം മക്കളുടെ മുഖമായിരുന്നു ശ്രീരഞ്ജിനിയിലെ മാതൃ മനസ്സ് അലിയയില്‍ കണ്ടത്. അലിയയുടെ അമ്മയോട് കുഞ്ഞിന്റെ മുഖത്തെ വിളര്‍ച്ചയ്ക്ക് കാരണം തിരക്കിയപ്പോഴാണ് ശ്രീരഞ്ജിനി പകച്ചു പോയത്.
പിത്തനാളി വികസിക്കാത്ത അപൂര്‍വയിനം കരള്‍ രോഗമായിരുന്നു അവള്‍ക്ക്. പോരാത്തതിന് തൂക്ക കുറവും. കരള്‍ നല്കാന് ആരെങ്കിലും തയ്യാറായാല്‍ ശസ്ത്രക്രിയയിലൂടെ അലിയയെ ജീവിതത്തിന്റെ വസന്തത്തിലേക്ക് മടക്കിക്കൊണ്ടുവരാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞു. 20 ലക്ഷമാണ് ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ചിലവ്. പണം കണ്ടെത്തുന്നതല്ല, കുട്ടിയുടെ ശരീരവുമായി ചേരുന്ന കരള്‍ ദാതാവിനെ കണ്ടെത്തണം. മാതാപിതാക്കളും ബന്ധുക്കളുമടക്കം പലരും സന്നദ്ധരായെങ്കിലും ആരുടേയും കരള്‍ കുഞ്ഞിന് ചേരുന്നതായിരുന്നില്ല. ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ശ്രീരഞ്ജിനി ഒരു തീരുമാനമെടുത്തു. അലിയയ്ക്ക് കരള്‍ താന്‍ പകുത്തുനല്‍കും. അശരീരി പോലെയാണ് ശ്രീരഞ്ജിനിയുടെ വാക്കുകള്‍ അലിയയുടെ കുടുംബം കേട്ടത്. നെഞ്ചുരുകി വിളിച്ച വിളികള്‍ ഈശ്വരന് കേട്ടുവെന്ന ആശ്വാസമായിരുന്നു ആ കുടുബത്തിന്. ആരുമല്ലാത്ത അലിയയ്ക്ക് ഉയിരുപകുത്ത് അമ്മയായി ശ്രീരഞ്ജിനി.
കോടതി ഇടപെടലിലൂടെ ശസ്ത്രക്രിയ
ശ്രീരഞ്ജിനിയുടെ കരള്‍ അലിയയില്‍ ജീവന് നിലനിര്‍ത്തുമെന്ന് പരിശോധനകളില്‍ തെളിഞ്ഞു. ശസ്ത്രക്രിയയ്ക്ക് 10 ലക്ഷം സംസ്ഥാന സര്‍ക്കാര്‍ നല്കി. ശേഷിച്ച പത്തുലക്ഷം അലിയയെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രി നല്കാമെന്നേറ്റു. വളരെ പെട്ടന്ന് കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. അപ്പോഴാണ് അവയവ ദാതാവിന്റെ ജീവിത പങ്കാളി സമ്മതപത്രത്തില്‍ ഒപ്പിടണമെന്ന നിയമ പ്രശ്നമുണ്ടായത്.
ശ്രീരഞ്ജിനിയെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവ് ശസ്ത്രക്രിയയ്ക്ക് സമ്മതമല്ലെന്ന് അറിയിച്ചു. അവിടെ തോല്ക്കാന് ശ്രീരഞ്ജിനി തയ്യാറായില്ല. അലിയയുടെ ജീവനുവേണ്ടി ശ്രീരഞ്ജിനി ഹൈക്കോടതിയുടെ ദയ യാചിച്ചു. രക്തബന്ധത്തിന്റെ ആനുകൂല്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും ശ്രീരഞ്ജിനിയിലെ നന്മ കോടതിയുടെ മനസലിയിച്ചു. അവയവ ദാതാവിന്റെ സമ്മതമുണ്ടെങ്കില്‍ മറ്റാരുടേയും സമ്മതമില്ലാതെ ശസ്ത്രക്രിയ നടത്താന്‍ കോടതി ഉത്തരവിട്ടു. അങ്ങനെ 2016 ഏപ്രില്‍ ആറിന് അലിയയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ഈ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അലിയ. പ്രതിഫലമൊന്നും വാങ്ങാതെ ശ്രീരഞ്ജിനി ചെയ്ത ഒരു സത്കര്‍മ്മം.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജീവിതം
പരിതാപകരമായിരുന്നു ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടെത്തിയ ശ്രീരഞ്ജിനിയുടെ ജീവിതം. ആകെയുണ്ടായിരുന്ന തമലത്തെ ഓലപ്പുര ഒരു വര്‍ഷം മുമ്പ് കനത്ത മഴയില്‍ തകര്‍ന്നതോടെ ബന്ധുവീട്ടിലായിരുന്നു ശ്രീരഞ്ജിനി അന്തിയുറങ്ങിയിരുന്നത്. ഈ ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് കരള്‍ ദാനം ചെയ്യാന്‍ ശ്രീരഞ്ജിനി ഇറങ്ങിത്തിരിച്ചത്. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ അവളെ വീട്ടില്‍ കയറാന്‍ ബന്ധുക്കള്‍ അനുവദിച്ചില്ല. തല ചായ്ക്കാന്‍ ഇടം തേടി ശ്രീരഞ്ജിനി പലയിടത്തും മുട്ടി. നിരാശയായിരുന്നു ഫലം. ഒടുവില്‍ ഒരു സുഹൃത്തുവഴി പേയാടിനടുത്ത് മിണ്ണംകോട് സിഎസ്ഐ പള്ളിക്ക് സമീപം വാടക വീടെടുത്ത് താമസം തുടങ്ങി. ദുരിത പൂര്‍ണ്ണമായ ശ്രീരഞ്ജിനിയുടെ ജീവിതം ‘ജന്മഭൂമി’ പുറംലോകത്തെ അറിയിച്ചു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട നിരവധി സുമനസുകള്‍ ശ്രീരഞ്ജിനിക്ക് സഹായങ്ങളുമായെത്തി. ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടര്‍ മുന്‍കൈ എടുത്ത് വട്ടിയൂര്‍ക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറ്റന്ററായി താല്‍ക്കാലിക ജോലി നല്കി. തുച്ഛമായ വരുമാനമാണെങ്കിലും പട്ടിണിയില്ലാതെ ജീവിക്കാന്‍ കഴിയുന്നു ഇന്നവള്‍ക്ക്.
മാതൃകയാണ്, പക്ഷേ
സ്ത്രീ സമൂഹത്തിനാകെ മാതൃകയാണ് ശ്രീരഞ്ജിനി. പ്രാരാബ്ധങ്ങളും പ്രശ്നങ്ങളും താളം തെറ്റിച്ച ജീവിതത്തില്‍ തളരാത്ത പെണ്‍കരുത്ത്. കരള്‍ മുറിച്ചുനല്‍കി അന്യമതസ്ഥയായ കുരുന്നിനോട് കാരുണ്യം കാണിച്ചപ്പോള്‍ ഉറ്റവര്‍ ആട്ടിപ്പായിച്ചവള്‍. അവിടെയും തോല്ക്കാന് അവള്‍ക്ക് മനസില്ലായിരുന്നു. പൊരുതുകയാണ് അവള് തനിക്ക് അയിത്തം കല്‍പ്പിച്ചവരോട്. എങ്കിലും പ്രതിക്ഷേധമുണ്ട് നമ്മുടെ ഭരണ സംവിധാനങ്ങളോട്. മസ്തിഷ്ക മരണം സംഭവിച്ചവര്‍, അപകട മരണം സംഭവിച്ചവര്‍ തുടങ്ങി ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നവരുടെ അവയവ ദാനത്തിന് സര്‍ക്കാരിന്റെ പ്രോത്സാഹനമുണ്ട്. അവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായവും. പക്ഷേ, അവയവ ദാനത്തിനു ശേഷം ജീവിക്കുന്ന തന്നെപ്പോലുള്ളവരെ മറക്കുകയാണ് സര്‍ക്കാര്‍. ചെയ്ത പുണ്യ പ്രവൃത്തിക്ക് പ്രതിഫലമൊന്നും നല്കിയില്ലെങ്കിലും ഭരണകര്‍ത്താക്കളില്‍ നിന്ന് ഒരു നല്ലവാക്ക് പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ. ശ്രീരഞ്ജിനിയുടെ ഈ ചോദ്യം അധികൃതരുടെ കണ്ണുതുറപ്പിക്കുമെന്ന് ആശിക്കാം. വീണ്ടുമൊരു വനിതാ ദിനത്തിന്റെ ആരവമാണ് എല്ലായിടത്തും. ആരുടേയും ഓര്മ്മക്കൂട്ടിലില്ലാതെ ഒറ്റപ്പെടലിന്റെ തുരുത്തില് ശ്രീരഞ്ജിനിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: