സാമൂഹ്യ വിരുദ്ധതയുടെ സകലവിധ ദുഷ്ടലാക്കും നല്കി ഇത്രയും കാലം യുപിയേയും ബീഹാറിനേയും കുറ്റപ്പെടുത്തിയ നമ്മള് അത്തരം കാര്യങ്ങളില്‍ അവരെ പിന്നിലാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആര്‍ക്കും ഏതു പെണ്ണിനേയും പീഡിപ്പിക്കാമെന്ന നിലയിലായിരുന്നു അവിടെ നിന്നും ബലാല്‍സംഗക്കഥകളും മറ്റും പുറത്തു വന്നിരുന്നത്. അതിനിടയില്‍ ദല്‍ഹി ബലാല്‍സംഗ തലസ്ഥാനം എന്നുവരെ കുപ്രസിദ്ധി നേടിയിരുന്നു. ഇപ്പോള്‍ കേരള വാര്‍ത്തകളില്‍ നിത്യവും ഇടംപിടിക്കുന്നത് പീഡനത്തിന്റെ അകൃതമായ കഥകള്‍. പുറത്തറിയാതിരിക്കുന്നത് ഇതിന്റെ എത്ര ഇരട്ടിയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കൊട്ടിയൂരില്‍ പള്ളിവികാരി ബലാല്‍സംഗംചെയ്തു ഗര്‍ഭിണിയാക്കിയ 16കാരിയുടെ വേദനാജനകമായ കഥയുടെ പുരാവൃത്തങ്ങള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വാളയാറിലും വയനാട്ടിലും പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിനിരയായ കഥകള്‍ വെളിച്ചത്തു വരുന്നത്. വയനാട്ടിലെ യത്തീംഖാനയോടനുബന്ധിച്ചുള്ള സ്ക്കൂളിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴു വിദ്യാര്‍ഥിനികളാണ് ക്രൂരമായ പീഡനത്തിനിരയായിരിക്കുന്നത്. അടുത്തുള്ള കച്ചവടക്കാരനടക്കം ആറുപേരാണ് കഴിഞ്ഞ ആറുമാസമായി കുട്ടികളെ നിരന്തരമായി പീഡിപ്പിച്ചുവരുന്നത്. മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ ഇവര്‍ നിരന്തരം ഉപദ്രവിച്ചത്.
വാളയാറില്‍ സഹോദരിമാരായ രണ്ടുകുട്ടികളാണ് പീഡനത്തിനിരയായത്. ഇതില്‍ പതിനൊന്നുകാരിയായ മൂത്ത കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടതിന്റെ അമ്പത്തിരണ്ടാം ദിവസം ഇളയ കുട്ടിയേയും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയുണ്ടായി. മൂത്ത കുട്ടിയെ പീഡിപ്പിച്ചത് കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനാണെന്നു അമ്മ തന്നെ മൊഴികൊടുത്ത പ്രകാരം അയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇളയ കുട്ടിയും പീഡിപ്പിക്കപ്പെട്ടതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. മൂത്തകുട്ടിയുടെ മരണശേഷം പോലീസ് ശരിയായ അന്വേഷണം നടത്തിയില്ലെന്ന് ആരോപണമുണ്ട്. നാളെയും മറ്റന്നാളും എന്നും ഇതിലും വലിയ പീഡനകഥകള്‍ വരാം. കേസ് അട്ടിമറിക്കപ്പെടാം. കാശും സ്വാധീനവുമുള്ള പ്രതി രക്ഷപെടാം. ചിലപ്പോള്‍ ശിക്ഷിക്കപ്പെട്ടേക്കാം.
സ്ത്രീ പീഡനം നടന്നാല്‍ പ്രതിക്ക് തക്ക ശിക്ഷ കിട്ടണം. ഒപ്പം ഇരയ്ക്ക് യാതൊരു വിവേചനവും കൂടാതെ ജീവിക്കാനുള്ള അന്തരീക്ഷം സര്‍ക്കാരും പൊതുസമൂഹവും സൃഷ്ടിക്കണം. സ്ത്രീ സുരക്ഷയ്ക്ക് നമ്മുടെ നാട്ടില്‍ കാക്കത്തൊള്ളായിരം നിയമങ്ങളും പദ്ധതികളുമുണ്ട്. പക്ഷേ അതുകൊണ്ടൊന്നും ഒരു നടപടിയുമില്ല. മിക്കവാറും വേട്ടക്കാരൊക്കെ രക്ഷപെടുകയാണ് പതിവ്. പോലീസും നിയമവും കോടതിയും വേട്ടക്കാരനൊപ്പമെന്നതരത്തിലാണ് പലപ്പോഴും വിധി വരുന്നത്. തക്കതായ ശിക്ഷ മിക്കവാറും കേസുകളില്‍ കിട്ടാറില്ല. സര്ക്കാരുപോലും കൊടും ക്രിമിനലുകള്‍ക്കുവേണ്ടി കോടതിയില്‍ തോറ്റുകൊടുക്കാറുണ്ട്. സൗമ്യാക്കേസില് സര്‍ക്കാര്‍ ഇങ്ങനെ തോറ്റുകൊടുത്തതുകൊണ്ടാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറഞ്ഞത്.
അന്താരാഷ്ട്രാ വനിതാ ദിനം ആഘോഷിക്കുന്ന വേളയിലാണ് കാല്‍ക്കാശിനു വിലയില്ലാത്തവിധം സ്ത്രീകളുടെ മാനം കശ്മലന്മാരുടെ കൈകളില്‍ പിടയുന്നത്. നിയമവും കോടതിയുമൊക്കെ നോക്കുകുത്തിയാകുന്ന കാലത്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. എന്നാലും കോടതിയിലുള്ള വിശ്വാസം തീരെ ഇല്ലാതായിട്ടില്ല. അതും ഇല്ലാതാവുമ്പോഴാണ് ചിലരെങ്കിലും അവരുടെ സ്വന്തം വിധി പ്രതിക്കുനേരെ നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: