ബെര്‍ലിന്‍/ന്യൂദല്‍ഹി: ഇന്ത്യയില്‍ 100% വിദേശ നിക്ഷേപത്തോടെ വിമാന കമ്പനി ആരംഭിക്കുവാന്‍ പദ്ധതിയുള്ളതായി ഖത്തര്‍ എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ ബെര്‍ലിനില്‍ പറഞ്ഞു. എയര്‍ലൈന്‍ മേഖലയില്‍ 100% വിദേശ നിക്ഷേപത്തിന് ഇന്ത്യാ സര്‍ക്കാര്‍ അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. 100 വിമാനങ്ങളുമായി ആഭ്യന്തര സര്‍വീസാണ് ലക്ഷ്യമിടുന്നത്.
ഗള്‍ഫ് മേഖലയിലെ മികച്ച മൂന്ന് എയര്‍ലൈനുകളില്‍ ഒന്നാണ് ഖത്തര്‍. വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. വിദേശ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയില്‍ മുതല്‍ മുടക്കുന്നതിനു സഹായകരമായി കഴിഞ്ഞ വര്‍ഷം ജൂണിലാണ് നിയമം ഭേദഗതി ചെയ്തത്.
വിദേശ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യന്‍ വിമാനക്കമ്പനിയില്‍ 49% വരെ മാത്രമേ നിക്ഷേപം അനുവദിച്ചിട്ടുള്ളു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ വിമാനക്കമ്പനികളല്ലാത്ത മറ്റു വിദേശ നിക്ഷേപകര്‍ക്കു 100% നിക്ഷേപമാകാം.
ഖത്തര്‍ സര്‍ക്കാരിന്റെ നിക്ഷേപക വിഭാഗമായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ)യുടെ പങ്കാളിത്തത്തോടെ 100% വിദേശ നിക്ഷേപമുള്ള കമ്പനി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അല്‍ ബേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: