കഴിഞ്ഞ ദിവസം മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാര പോലീസിങ്ങിനെതിരെ വിവിധ സംഘടനകള്‍ പല തരത്തിലുള്ള സമരമുറകള്‍ നടത്തുന്നുണ്ട്. വാക്വേ അടച്ചിരുന്നാണ് ഒരു സംഘടന സമര പരിപാടികള്‍ നടത്തിയത്. കേരളത്തിലെ നിരത്തുകള്‍ എന്നും സമരങ്ങള്‍കൊണ്ട് ബന്ദിയാകുന്നതിനാല് ഇതത്ര പുതുമയല്ല. കുറെ നേരം കഴിഞ്ഞപ്പോള്‍ വാക്വേ സ്വതന്ത്രമാകുകയും ചെയ്തു. എന്നാല്‍ പൊതുജന പങ്കാളിത്തം ഈ സമരത്തിനു കണ്ടില്ല. ആയിരക്കണക്കിനാളുകള്‍ അന്നേരം മറൈന്‍ ഡ്രൈവിലുണ്ടായിരുന്നു. അവരാരും തന്നെ ഈ സമരസ്ഥലത്തേക്ക് ഒന്നെത്തിനോക്കുകപോലുമുണ്ടായില്ലെന്നതാണ് വാസ്തവം. സമരക്കാരും അതു റിപ്പോര്‍ട്ടു ചെയ്യാന്‍ വന്ന കുറച്ചു പത്രക്കാരും മാത്രമായിരുന്നു അവിടത്തെ ആള്‍ക്കൂട്ടം.
പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയും പടവും വന്നതുകൊണ്ട് സമരം വന്‍ വിജയമായിരുന്നുവെന്ന് സമരക്കാര്‍ക്കു അവകാശപ്പെടാം. സമരം നടക്കുന്നതിന് തൊട്ടടുത്ത് മരത്തണലിലും ബെഞ്ചിലും മറ്റും ഇരുന്നവര്‍പോലും സമരം എന്തിനെന്ന് എത്തിനോക്കാന്‍പോലും മിനക്കെടാതെ പുറംകാഴ്ചകളിലായിരുന്നു. മറ്റ് ആയിരക്കണക്കിനു പേര് ഒന്നും അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ല. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമേ അല്ലെന്നുള്ള ഭാവത്തിലായിരുന്നു അവര്‍. അല്ലെങ്കില്‍ ഇതിലും നൂറിരട്ടി വലിപ്പമുള്ള പ്രശ്നങ്ങള്‍ ഇവിടെ ഉണ്ടായിട്ട് സമരക്കാര്‍ അതൊന്നും കാണുന്നില്ലെന്നോ ആകണം അവരുടെ ഈ മുഖംതിരുവിനുള്ള കാരണം എന്നു തോന്നുന്നു.
നിത്യവും കൊള്ളയും കൊലപാതകവും ബലാല്‍സംഗവും തുടങ്ങി എല്ലാത്തരം ക്രൂരതയുടേയും തലസ്ഥാനമായിത്തീര്ന്നിരിക്കുന്ന കേരളത്തില്‍ പെട്ടെന്നൊരു സദാചാര പോലീസ് ചമഞ്ഞ് കേരളം മാറ്റിക്കളയാമെന്നു ഒരു സംഘടന വിചാരിച്ചതിലെ അല്പ്പത്തമോര്ത്തായിരിക്കണം ജനം ഒന്നെത്തിനോക്കാന്‍പോലും മിനക്കെടാതിരുന്നതെന്നും കരുതാം. അതിനെതിരെ പ്രതികരിച്ചതിനേയും അത്തരത്തില്‍ തന്നെ അവര്‍ വായിച്ചെടുത്തിരിക്കണം.
പൊതുവെ ഇന്നത്തെ സമരത്തിനു പിന്നിലുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും ആത്മാര്ഥതയെക്കുറിച്ചുമൊക്കെ ജനത്തിനു വിശ്വാസമില്ല എന്നതാണു കാരണം. മുന്‍കൂട്ടിയുള്ള ഒത്തുതീര്‍പ്പുകളോ പിന്നീടുള്ള സന്ധിസംഭാഷണമോ ആയി സമരം നിര്‍ത്തുന്നതും പരാജയപ്പെടുന്നതും ജനം കണ്ടു കൊണ്ടിരിക്കുകയാണ്. തോല്ക്കാന്വേണ്ടിമാത്രമുള്ള സമര പരമ്പരകളാണ് കേരളത്തില്‍ വര്‍ഷങ്ങളായി അരങ്ങേറുന്നത് എന്നാണോ ജനം മനസിലാക്കേണ്ടത്. പത്രങ്ങളും ചാനലുകളും പടവും വാര്‍ത്തയും കൊടുത്തില്ലെങ്കില്‍ തീര്‍ന്നുപോകാവുന്ന സമരങ്ങളേ ഇന്ന് ഇവിടെ ഉള്ളുവെന്നും പൊതുവേ അവര്‍ തിരിച്ചറിയുകയാണോ. എന്തു വന്നാലും സമരം ചെയ്യുക എന്നത് സമരം ചെയ്യുന്നവരുടെ നിലനില്‍പ്പും ബാധ്യതയുമായി മാത്രം മാറുകയാണോ.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനാധിപത്യ വ്യവസ്ഥയില്‍ സമരം അനിവാര്യമായ ഒരു വഴിയും നീതിയുമാണ്. അതിനെ തടയുന്നത് ഏകാധിപത്യമാണ്. ജനത്തിന് എതിര്‍പ്പ് ഒരിക്കലും സമരത്തോടല്ല, അതിനു പിന്നിലെ ആത്മാര്‍ഥത ഇല്ലായ്മയോടാണ്. സദാചാരം ഒരിക്കലും മോശപ്പെട്ട കാര്യമല്ല. ദുരാചാരമാണ് നല്ലതെന്ന് ആരും അവകാശപ്പെടുകയുമില്ല. ദുരാചാരം നടന്നാല്‍ അത് നിരീക്ഷിക്കാനും നടപടിയെടുക്കാനും നിയമങ്ങളും കോടതിയുമുണ്ട്. അതിനു പകരം ചിലര്‍ സദാചാര പോലീസ് ചമയുന്നതും നിയമം കയ്യിലെടുക്കുന്നതും ആശാസ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: