മുംബൈ : പ്രമുഖ ധനകാര്യ സ്ഥാപനമായ ഇന്‍ഡസന്‍ഡ് ഇന്ത്യാ ബാങ്ക് ഭാരത് ഫിനാന്‍സ് ഇന്‍ക്ലൂഷന്‍ ലിമിറ്റഡിനെ ഏറ്റെടുക്കുന്നു. ചെറുകിട ധനകാര്യ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കുന്നത്.
ഇരു കമ്പനികളും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നു വരികയാണ്. വിശദ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡസന്‍ഡ് അടുത്ത മാസം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒമ്പത് ദശലക്ഷത്തോളം ഉപഭോക്താക്കളാണ് ഇന്‍ഡസന്‍ഡ് ബാങ്കിനുള്ളത്. ഭാരത് ഫിനാന്‍സിനെ ഏറ്റെടുക്കുന്നതോടെ ഗ്രാമീണ പ്രദേശങ്ങളിലെ പ്രാതിനിധ്യം വളര്‍ത്തിയെടുക്കാമെന്നാണ് ഇന്‍ഡസന്‍ഡ് പ്രതീക്ഷിക്കുന്നത്. ഇതിനായി ചെറുകിട വായ്പ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ധനകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പരിഗണിച്ച് വരികയാണെന്ന് ബാങ്ക് സി ഇ ഒ രൊമേഷ് സോബ്തി അറിയിച്ചു. എന്നാല്‍ ഇതു സംബന്ധിച്ചുള്ള ഇന്ഡസന്ഡിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. അതേസമയം വിപണിയിലെ അനുമാനങ്ങളോട് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് ഭാരത് ഫിനാന്‍ഷ്യല്‍ വൃത്തങ്ങള്‍ അറിയിച്ചു.
1998ലാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരത് ഫിനാന്‍ഷ്യല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എസ്കെഎസ് മൈക്രോഫിനാന്‍സ് എന്നാണ് ഇതിന്റെ ആദ്യ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: