ജി എം എന്ന തൃശ്ശിവപേരൂരിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മുഴുവന്‍ ആദരവിന് പാത്രമായിരുന്ന ജി. മഹാദേവന്റെ ഒന്നാം അനുസ്മരണ ദിനത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായത് വികാരനിര്‍ഭരമായ അനുഭവങ്ങള്‍ സമ്മാനിച്ചു.
മാര്‍ച്ച് അഞ്ചാം തീയതി അവിടത്തെ തിരുവമ്പാടി ദേവസ്വം വക മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും, സഹപ്രവര്‍ത്തകരുമായ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, ബിഷപ്പ് മാര്‍ അപ്രേം, പ്രശസ്ത അധ്യാപകന് പി.സി. തോമസ്, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് തുടങ്ങിയ വന്‍നിര തന്നെ, ഡോ. രാമനാഥന് (സീതാറാം ആയുര്‍വേദ ഔഷധശാല) അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തില്‍ ആദരവുകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. തൃശ്ശിവപേരൂരിലെ സംഘപരിവാറിന്റെ മുഴുവന്‍ സാന്നിദ്ധ്യവും അവിടെ കാണപ്പെട്ടു.
അവരെല്ലാവരും തന്നെ ജിഎമ്മിന്റെ സൗഹൃദവും സ്നേഹാദര വാത്സല്യങ്ങളും സൗമനസ്യവും വേണ്ടുവോളം ആസ്വദിച്ചവരാണെന്ന്, അവിടെ ചെയ്ത ഭാഷണങ്ങളിലും സ്വകാര്യ സംഭാഷണങ്ങളിലും നിന്നു വ്യക്തമായി. എനിക്കും അനവധി സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ഒരിക്കല്‍ കൂടി ബന്ധപ്പെടുവാന്‍ അതവസരം നല്കി. ജിഎമ്മിനെപ്പറ്റി ഈ പംക്തികളില്‍ എത്രയോ തവണ പരാമര്‍ശിച്ചിട്ടുണ്ട്. താന്‍ ഏര്‍പ്പെടുകയും ഇടപെടുകയും ചെയ്ത എല്ലാ രംഗങ്ങളിലും മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കുക മാത്രമല്ല, സര്വാദൃതനാകുക കൂടി ചെയ്ത സവിശേഷത അദ്ദേഹത്തിന്റെ സ്വഭാവത്തിനുണ്ടായിരുന്നു. സാധാരണയായി കാണപ്പെട്ട അസാധാരണ വ്യക്തിത്വമായിരുന്നു ജിഎം.
പ്രൊഫഷണലിസം അദ്ദേഹത്തിന് ജന്മസിദ്ധമായിരുന്നതുപോലെ തോന്നുന്നു. അക്കാദമികമായ പഠിപ്പും തുടര്‍ന്നുള്ള പരിശീലനവും അത്യന്താപേക്ഷിതമായി കരുതപ്പെടുന്ന ബാങ്കിങ് മേഖലയില്‍ ഇതു രണ്ടും ഇല്ലാതെ കേവലം പരിചയവും മനസ്സിരുത്തിയ പരിശ്രമവും സാതത്യവും ഇംഗ്ലീഷില്‍ ‘ആപ്ലിക്കേഷന്‍’ എന്നും ഹിന്ദിയില്‍ ‘ലഗാവ്’ എന്നുപറയുന്ന സവിശേഷഗുണവുംകൊണ്ട് പ്രശസ്തമായ ധനലക്ഷ്മി ബാങ്കിന്റെ ജനറല്‍ മാനേജേറും ചെയര്‍മാനുമായി വിജയകരമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഔപചാരികബന്ധത്തിനപ്പുറം ഊഷ്മളമായ മാനുഷികബന്ധം പുലര്‍ത്തിയതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം എന്ന് അനുസ്മരണം നടത്തിയവരെല്ലാം പറയുകയുണ്ടായി. പഴയ കൊച്ചി രാജ്യത്തെ മെട്രിക്കുലേഷന്‍ പരീക്ഷയ്ക്കപ്പുറം ഔപചാരിക വിദ്യാഭ്യാസം പോയില്ല. ലക്ഷ്മി പ്രസാദ് ബാങ്ക് എന്ന സ്ഥാപനത്തില്‍ ജോലിയായിക്കഴിയുമ്പോഴാണ്, ആ സ്ഥാപനം ധനലക്ഷ്മി ബാങ്കില്‍ ലയിച്ചത്.
വിദ്യാഭ്യാസകാലത്തുതന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ചേര്‍ന്നു. അതദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സ്വാഭാവിക പ്രക്രിയയായേ കണക്കാക്കേണ്ടതുള്ളൂ. മത്സ്യം വെള്ളത്തിലെന്നതുപോലെ അവിടെ അദ്ദേഹം ജീവിച്ചു, അതോടൊപ്പം വളര്‍ന്നു. ഔപചാരികമായി ബാങ്ക് ജീവനത്തില്നിന്നു വിരമിച്ചിട്ടും സംഘജീവിതം തുടര്‍ന്നു.
ലളിതമായ ജീവിതശൈലി ജിഎം-ല്‍ നിന്നുതന്നെ പഠിക്കേണ്ടതാണ്. മുമ്പൊക്കെ സൈക്കിളിലായിരുന്നു യാത്ര. പിന്നീട് സ്കൂട്ടറിലാക്കി.
ജന്മഭൂമിയില് ശ്രീരാമകൃഷ്ണ സമ്പ്രദായത്തിലെ മൃഢാനന്ദ സ്വാമികള്‍ എഴുതിവന്ന ചെറു സദുപദേശ ഖണ്ഡങ്ങളുടെ സമാഹരണം പ്രസിദ്ധീകരിച്ച അവസരത്തില്‍ പൂങ്കുന്നത്തെ ആശ്രമത്തിലെ ചടങ്ങുകള്‍ കഴിഞ്ഞ് ജിഎമ്മിന്റെ വസതിയില്‍ താമസിക്കാന്‍ അദ്ദേഹം ക്ഷണിച്ചു. പോകുന്നവഴിക്ക് പഴയകാല സുഹൃത്തായ ടൈപ്പ്റൈറ്റര്‍ മെക്കാനിക് ‘എക്സല്‍’ ബാലന്റെ താമസ സ്ഥലത്തിനു മുന്നിലെത്തിയപ്പോള്‍ നമുക്ക് ഇവിടെ കയറാം ബാലന് സന്തോഷമാകും എന്നുപറഞ്ഞു കയറി.
കാലിന് സ്വാധീനക്കുറവുള്ള ബാലന് സന്തോഷത്തോടെ സ്വീകരിച്ചു. ടൈപ്പ്റൈറ്റര്‍, കല്ലച്ച്, മെഷിന് മുതലായവ പഴയത് ശേഖരിച്ചു പുതുക്കി വില്‍ക്കുന്ന ബിസിനസ്സാണ് ബാലന്. ആചാര്യ വിനോബാഭാവേ കേരളത്തില്‍ പദയാത്ര നടത്തിയപ്പോള്‍ തൃശ്ശിവപേരൂരില്‍ താമസിക്കവേ അദ്ദേഹത്തിന്റെ ടൈപ്പ് റൈറ്റര്‍ കേടായി. അതു ചുരുങ്ങിയ സമയംകൊണ്ട് നന്നാക്കിക്കൊടുത്ത് അദ്ദേഹത്തിന്റെ സാക്ഷ്യപത്രം വാങ്ങി സൂക്ഷിച്ചയാളാണ് ബാലന്. ജനസംഘത്തിന് ഒരു ടൈപ്പ് റൈറ്റര്‍ വേണ്ടിവന്നപ്പോള്‍ പഴയ റെമിങ്ടണ്‍ പുതുക്കിത്തന്നത്, പിന്നീട് ജന്മഭൂമിയുടെ തുടക്കക്കാലത്ത് അവിടെയും ഉപയോഗിച്ചിരുന്നു. ഒരു കല്ലച്ച് വാങ്ങിയെങ്കിലും വിചാരിച്ചത്ര പ്രയോജനപ്പെട്ടില്ല.
അവിടെനിന്ന് പൂങ്കുന്നം ഗ്രാമത്തില്‍ ജിഎമ്മിന്റെ മഠത്തില്‍ എത്തി ഭക്ഷണം കഴിച്ച് താമസിച്ചു. സാധാരണ സൗകര്യങ്ങള്‍ മാത്രമായിരുന്നു അവിടെ ഭക്ഷണത്തിനും ഉറങ്ങാനും. അദ്ദേഹത്തിന്റെ ജീവിതലാളിത്യം വിസ്മയകരവും മാതൃകാപരവുമായിരുന്നു. മാ. ഭാസ്കര്‍ റാവുജിയുടെ മരണത്തെത്തുടര്‍ന്ന് സപിണ്ഡി കഴിഞ്ഞ് എളമക്കരയിലെ പഴയ ഹാളില്‍ അനുസ്മരണ സമ്മേളനം നടന്നിരുന്നു. അതിനുശേഷം തൃശ്ശിവപേരൂരിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ജിഎം എന്നോടാവശ്യപ്പെട്ടു. ഞങ്ങള്‍ ഒരുമിച്ചു പുറപ്പെട്ടപ്പോള്‍ ഒരു പാസഞ്ചര്‍ വണ്ടിയുടെ സമയമായിരുന്നു. അതിനുപോയാല്‍ ടിക്കറ്റ് 14 രൂപ മതിയെന്ന് പറഞ്ഞ് പുറപ്പെട്ടു. അപ്പോള്‍ ഒരു എക്സ്പ്രസ് പ്ലാറ്റ് ഫോമിലുണ്ടായിരുന്നു. അതില്‍ പോയാല്‍ 19 രൂപ വേണം. പക്ഷേ 30 മിനിറ്റ് നേരത്തെ എത്താം എന്നുപറഞ്ഞ് അതിലാക്കിയാത്ര.
1958 ല്‍ ഞാന്‍ ഗുരുവായൂര്‍ പ്രചാരകനായിരുന്ന കാലത്ത് കോഴിക്കോട്ടു പോകാനുള്ള യാത്രാ സൗകര്യം അദ്ദേഹത്തോടന്വേഷിച്ചു. അന്ന് കോഴിക്കോട്ടേക്ക് നേരിട്ട് ബസ് സര്‍വീസുണ്ടായിരുന്നില്ല. പട്ടാമ്പിയില്‍ ചെന്ന് കടവു കടന്ന് പോകേണ്ടിയിരുന്നു. അതും പലതവണ മാറിക്കേറണം. അതേസമയം പാസഞ്ചര്‍ വണ്ടിയില്‍ ഒരു രൂപ പതിനഞ്ചണ(1.94)യ്ക്കു പോകാമെന്നുപദേശിച്ചു. ജന്മഭൂമിയുടെ മാനേജരായി പ്രവര്‍ത്തിച്ച കാലത്താണ് അവിടെ പാറ്റേണും ശമ്പള സ്കെയിലും പിഎഫ്, ഇഎസ്ഐ മുതലായവയുടെ വ്യവസ്ഥകളും ഏര്‍പ്പാടാക്കിയത്.
ദൈനംദിന ശാഖാ പദ്ധതിക്കപ്പുറമുള്ള പൊതുസമൂഹത്തിലെ ബഹുമുഖ സേവാ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് തൃശ്ശിവപേരൂര്‍ ജില്ലയിലാണ്. സംഘടിതമതങ്ങളുടെ പിടിച്ചടക്കല്‍ ഭീഷണിയെ നേരിട്ടിരുന്ന ജില്ലയിലെ അതിപ്രാചീനവും പ്രശസ്തവുമായിരുന്ന ഏതാനും വിദ്യാലയങ്ങളെ നഷ്ടപ്പെടാതെ രക്ഷിച്ചതിന്റെ സൂത്രധാരത്വവും അദ്ദേഹം സമര്‍ത്ഥമായി നിര്‍വഹിച്ചു. സ്വകാര്യ എയ്ഡഡ് സ്കൂളിനുണ്ടാകാനിടയുള്ള ആന്തരികവും ബാഹ്യവുമായ ഭീഷണികളെ ഫലപ്രദമായി തടയുന്നതിലും വിജയിച്ചു.
ജിഎമ്മിന്റെ ഓര്‍മ്മയ്ക്കായി പേരാമംഗലം ദുര്‍ഗാവിലാസം ഹൈസ്കൂളിന്റെ 30,000 അടിയിലുള്ള മന്ദിരനിര്‍മാണം പി.ഇ.ബി.മേനോന് പ്രഖ്യാപിച്ചപ്പോള്‍ സദസ്യര്‍ ഹര്ഷാരവത്തോടെയാണത് സ്വീകരിച്ചത്. അദ്ദേഹത്തിന് ഒരു അനുസ്മരണ ഗ്രന്ഥം തയ്യാറാക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായി.
ജിയുടെ സഹധര്‍മിണിയോടൊപ്പം അവരുടെ മഠത്തില്‍ എത്തി അത്താഴം കഴിഞ്ഞാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: