സി.ജെ. ഈ തിരക്കഥ എഴുതിയതും ചലച്ചിത്രമാക്കുവാന്‍ ശ്രമിച്ചതും ഏതേതുവര്ഷമായിരുന്നാലും ആ കാലഘട്ടമെന്ന് പറയുന്നത് മലയാള സിനിമയുടെ ശൈശവ കാലമായിരുന്നു. 1950 തൊട്ട് മലയാള ചലച്ചിത്ര നിര്‍മാണം സജീവമായി എന്നു നാം കണ്ടു. ആറുചിത്രങ്ങള്‍ ആ വര്ഷമിറങ്ങിയല്ലോ. 1951 ലും ആറു ചിത്രങ്ങള്‍ ഉണ്ടായി. ജീവിത നൗക, നവലോകം, കേരള കേസരി, രക്തബന്ധം, വനമാല, യാചകന്. 1952 എത്തുമ്പോള്‍ ചിത്രങ്ങളുടെ എണ്ണം പത്തായി. അമ്മ, സുഹൃത്ത്, ആത്മശാന്തി, ആത്മസഖി, വിശപ്പിന്റെ വിളി, മരുമകള്‍, പ്രേമലേഖ, അല്‍ഫോന്‍സ, കാഞ്ചന, അച്ഛന്. പതിനൊന്നാമതായി ദേശഭക്തന് എന്നൊരു ചിത്രം കൂടി ആ വര്‍ഷം ഇറങ്ങിയിരുന്നുവെങ്കിലും അതൊരു ഡബ്ബിങ് ചിത്രമായിരുന്നു. 1953 ല്‍ ചിത്രങ്ങളുടെ എണ്ണം ഏഴായി കുറഞ്ഞു; വേലക്കാരന്, തിരമാല, ലോകനീതി, ആശാദീപം, ജനോവ, ശരിയോ തെറ്റോ, പൊന്കതിര് എന്നീ ഏഴ് ചിത്രങ്ങള്‍. 1954 ലാണ് നിയോറിയലിസത്തിന്റെ സാന്നിദ്ധ്യസാക്ഷ്യവുമായി നീലക്കുയില്‍ വരുന്നത്. 1955 ല്‍ ന്യൂസ് പേപ്പര്‍ ബോയിയും വന്നു.
സമാന്തരമായും തൊട്ടുപുറകെയുമാണ് സത്യജിത് റായിയുടെ പാഥേര്‍ പാഞ്ച്ലി ബംഗാളിലിറങ്ങുന്നതും ഇന്ത്യന്‍ സിനിമ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങുന്നതെന്നോര്ക്കുക. ഡോ. റസലുദ്ദീന്റെ നിഗമനപ്രകാരമാണെങ്കില് വെള്ളിനക്ഷത്രത്തിന്റെയും നല്ല തങ്ക (1950)യുടെയും സമകാലികമായാണ് ഈ തിരക്കഥ എഴുതപ്പെട്ടിരിക്കുന്നത്. ഇത് ചിത്രമാക്കുവാനുള്ള ശ്രമം നടന്നിരിക്കുക ജീവിതനൗക (1951) തൊട്ട് മരുമകള്‍ (1952) വരെയോ ഏറിയാല്‍ പൊന്കതിര് (1953) വരെയോയുള്ള കാലത്തെപ്പോഴോ എന്നുകൂടി റോസി തോമസിന്റെ പരാമര്ശങ്ങള്ക്കിടയില്നിന്ന് വായിച്ചെടുക്കാം. സാധ്യതകള്‍ അങ്ങനെയാണ്. നീലക്കുയിലിനും ന്യൂസ്പേപ്പര്‍ ബോയിക്കും മുന്‍പേ സിജെ ഈ തിരക്കഥയെഴുതുകയും ആ തിരക്കഥ സിനിമയാക്കുവാന്‍ ശ്രമം നടക്കുകയുമുണ്ടായി എന്നുമാണ് മനസ്സിലാക്കാവുന്നത്. അതായത് സത്യജിത് റേയുടെ പാഥേര്‍ പാഞ്ച്ലിക്കും മുന്‍പേ! പൂര്‍വസൂരികളായി പലരേയും ചൂണ്ടിക്കാട്ടുവാനുണ്ടെങ്കിലും ചിത്രം കൈവരിച്ച കലാപരമായ മികവിന്റെ പേരില്‍ നീലക്കുയിലിന്റെ രചയിതാവായ ഉറൂബിന് നാമൊരു പ്രത്യേകസ്ഥാനം നല്‍കേണ്ടതുണ്ട്. സിനിമയായി ഭവിച്ചില്ലെങ്കിലും ഈ തിരക്കഥയെഴുതുകയും അത് സിനിമയാക്കുവാന്‍ ശ്രമം നടക്കുകയും ചെയ്തപ്പോള്‍ സിജെ ഫലത്തില്‍ വന്നു കയറി സ്വന്തമാക്കിയത് ഉറൂബ് അടക്കമുള്ള ആദ്യകാല ചലച്ചിത്ര രചയിതാക്കള്‍ക്കൊപ്പം ഒരിരിപ്പിടമാണ്. ലക്ഷണയുക്തമായതെന്നോ ദൃശ്യസാധ്യതകളോടു ചേര്ന്നുനിന്നതെന്നോ പറയാവുന്ന മലയാള തിരക്കഥയിലെ പ്രത്യക്ഷത്തിന്റെ ചരിത്രം അങ്ങനെ പറയുമ്പോള്‍ ഉറൂബില്‍നിന്ന് എന്നത് സിജെയില്‍ നിന്നുകൂടി എന്നു ചേര്‍ത്തു പറയാവുന്നതാണ്; പറയേണ്ടതാണ്.
മലയാള സിനിമയുടെ ചരിത്രത്തില്‍ കൂടി ഇതിലൂടെ സിജെ സ്ഥാനം നേടുകയാണ്; അതാവട്ടെ, ഫലശ്രുതിയിലെത്തിയിരുന്നുവെങ്കില് വളരെ പ്രമുഖമായ ഒരു സ്ഥാനം തന്നെയാകുമായിരുന്നുവെന്ന് ഈ തിരക്കഥ നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട്. ഒരുപക്ഷേ സിജെ മനസ്സില്‍ ഇതര ചിത്രങ്ങളുടെ രചന കൂടി സംഭവിച്ചിരുന്നെങ്കില്‍ അതൊരു നവോത്ഥാനത്തിന്റെ വേറിട്ട ധാരതന്നെയാകുമായിരുന്നുവെന്ന് കരുതാന്‍ സിജെയുടെ പ്രതിഭയിലുള്ള ബോധ്യം നമ്മെ പ്രേരിപ്പിക്കുന്നുമുണ്ട്. ജീവിതത്തില്‍ പലയിടത്തും പരാജയങ്ങളെ നേരിട്ടിട്ടുള്ള ഒരു കലാപകാരിയാണ് സിജെ. ചലച്ചിത്ര ശ്രമം പരാജയപ്പെട്ടതു സിജെയെ പ്രത്യേകമായി തളര്‍ത്തണമെന്നില്ല. പക്ഷെ താന്‍ കബളിപ്പിക്കപ്പെട്ടു എന്ന അറിവ് പ്രതീക്ഷയോടെ താന്‍ വ്യാപരിക്കുവാനാഗ്രഹിച്ച മാധ്യമത്തോടുതന്നെ ഒരു വിരക്തി സിജെയില്‍ സൃഷ്ടിച്ചിരിക്കാം. തങ്ങളുടെ കുടുംബജീവിതത്തിനും ഭാവിക്കും സാരമായ ഉലച്ചില്‍ തട്ടിയ ഒരു സംഭവമായിരുന്നു അതെന്നാണ് റോസി എഴുതിയിട്ടുള്ളതും.
പാളിപ്പോയ ചലച്ചിത്രശ്രമം സിജെ പിന്നീടൊരിക്കലും ആവര്‍ത്തിച്ചില്ല. പി. ഭാസ്കരനും അടൂര്‍ഭാസിയും ശാന്ത പി. നായരുമൊക്കെ സിജെയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. മദിരാശിയില്‍ കുറേക്കാലം സിജെയും പ്രേം നസീറും അടുത്തടുത്ത മുറികളിലാണ് താമസിച്ചിരുന്നത്. സിജെയെപ്പോലൊരാള്ക്ക് അതല്ലാതെയും എത്രയോ വലിയ സൗഹൃദങ്ങള്‍ ഉണ്ടാകുമായിരുന്നിട്ടുണ്ടാകും. ആ വഴിക്കൊന്നും സിജെ ശ്രമിച്ചില്ല.
ചെറിയതോതില്‍ ആലോചിക്കാവുന്ന ഒരു ചലച്ചിത്ര പദ്ധതിയായിരുന്നില്ല ഇതെന്നത് പല കാരണങ്ങളില്‍ ഒന്നാകാം. പക്ഷെ, അത് ആദ്യശ്രമം നടത്തുമ്പോഴേ അറിയാത്തതായിരുന്നില്ലല്ലോ സിജെയ്ക്ക്. മനസ്സുമടുത്തും നൊന്തും ഈ തിരക്കഥ സിജെ കൈപ്പാടില്‍ നിന്നും കര്‍മ്മ മോഹങ്ങളില്‍ നിന്നും മാറ്റി വച്ചു. എന്നതുതന്നെയാവണം മുഖ്യകാരണം. പിന്നീട് ഒരിടത്തും ഇതേക്കുറിച്ച് ഒരു പരാമര്‍ശം സിജെ നടത്തിയതായി അറിയുന്നില്ല. സിജെയെക്കുറിച്ചുണ്ടായ പരാമര്‍ശങ്ങളിലും ഇതുള്ച്ചേര്ന്ന് (ഡോ. റസലുദ്ദീന്റെ പഠനത്തിലൊഴികെ) കണ്ടിട്ടില്ല. ഇവന് എന്റെ പ്രിയ സി. ജെയിലെ പരാമര്‍ശത്തിനപ്പുറം റോസിയും ഇതൊരു ഘോഷിക്കേണ്ട കാര്യമായി കരുതിയില്ല.
ജീവിത സായാഹ്നത്തോടടുക്കുമ്പോള്‍ എപ്പോഴോ ആവണം റോസി, സിജെയുടെ കൈപ്പടയില്‍ മൂന്ന് നോട്ടുബുക്കുകളിലായി കുറിച്ചിട്ട ഈ തിരക്കഥ വീണ്ടും ഓര്‍ത്തെടുക്കുന്നതും കുംടുംബ സുഹൃത്തുകൂടിയായ എം.കെ. സാനു മാസ്റ്ററെ ഏല്‍പ്പിക്കുന്നതും. സാനു മാസ്റ്ററുടെ കൈയില്‍ നിന്നാണ് ഡോ.റസലുദ്ദീന് തന്റെ പ്രബന്ധത്തിന് ഉപോല്‍ബലകമായ ഈ തിരക്കഥ വാങ്ങി വായിക്കുന്നത്. പഠനാനന്തരം അദ്ദേഹം അത് തിരികെ നല്‍കുകയും ചെയ്തു. അത് പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് അദ്ദേഹത്തിനും തോന്നിയില്ല. സാനു മാസ്റ്റര്‍ പിന്നീട് ഈ തിരക്കഥ എം.തോമസ് മാത്യുവിന് കൈമാറുകയും അദ്ദേഹം അത് ടി.എം. അബ്രഹാം വഴി എന്നെ ഏല്‍പ്പിക്കുകയുമായിരുന്നു. എന്റെ കൈയില്‍ ഈ നോട്ടുബുക്കുകള്‍ എത്തുമ്പോഴേക്കും റോസി തോമസും ഓര്‍മ്മയായി മാറിക്കഴിഞ്ഞിരുന്നു.
ചരിത്രരേഖ എന്ന നിലയില്‍ പ്രാധാന്യവും പ്രസക്തിയുമുള്ള ഈ രചന എങ്ങനെ ഈവ്വിധം ശ്രദ്ധയില്‍പ്പെടാതെ പോയി എന്നത് ഉത്തരമില്ലാത്ത സമസ്യയായി അവശേഷിക്കുന്നു. സ്വയം ഭംഗിയായി എഴുതുകയും സിജെയെ കൃത്യമായി മനസ്സിലാക്കുകയും ചെയ്തിരുന്ന റോസിക്ക് അത് തിരിച്ചറിയാതെ വരുന്നതെങ്ങനെ! സിജെയ്ക്ക് ഇച്ഛാഭംഗവും മനഃക്ലേശവും ഉണ്ടാക്കിയ ഒരു ശ്രമത്തിന്റെ ബാക്കി ശേഷിപ്പ് എന്ന നിലയില്‍ സിജെയ്ക്ക് അതിനോടുതോന്നിയിരുന്ന വിരക്തി റോസിയും പങ്കിട്ടിരുന്നിരിക്കാം എന്നേ ന്യായമായി കാണാനാകുന്നുള്ളൂ. സിജെയില്ലാതെ, മൂന്നു കുട്ടികളെ ചിറകുമുറ്റാറാക്കി ഒരു ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള ഒറ്റയാള്‍ യുദ്ധത്തിനിടയില്‍ റോസിക്ക് ഓര്‍ക്കുവാനോ ശ്രദ്ധിക്കുവാനോ കഴിഞ്ഞിട്ടുമുണ്ടാവില്ല. പിന്നീടെപ്പോഴോ, സായാഹ്ന വേളയില്‍, യാദൃച്ഛികമായി ശേഖരങ്ങള്‍ക്കിടയില്‍ കണ്ടെത്തിയപ്പോഴാകാം അതു വീണ്ടും ഓര്‍മയിലെത്തിയതും വൈകാതെ സാനുമാസ്റ്ററെ ഏല്‍പ്പിച്ചതും.
അനുമാനങ്ങള്‍ക്കേ ഇനി സാധ്യതയുള്ളൂ; അവയില്‍നിന്നുള്ള നിഗമനങ്ങള്‍ക്കും.
ചോദിച്ചറിയുവാന്‍ സിജെയും റോസി തോമസും ഇന്നില്ലല്ലോ! മൂന്നു നൂറു പേജിന്റെ നോട്ടുബുക്കുകളിലായാണ് ഈ തിരക്കഥ സി.ജെ. എഴുതിയിട്ടുള്ളത്. സിജെയുടെ ഭംഗിയുള്ള കൈപ്പടയില്‍ സ്വതഃസിദ്ധമായ ഒഴുക്കോടെ തന്നെ എഴുതിയിരിക്കുന്നു. വെട്ടും തിരുത്തും അപൂര്‍വം; അതേറെയും സംഭാഷണങ്ങളില്‍; അതും പരിമിതമായി മാത്രം. ആദ്യ ഡ്രാഫ്റ്റ് തന്നെയാണിത്. വേറെ മിനുക്കലുകള്‍ വേണ്ടി വന്നിട്ടില്ല; അതുകൊണ്ട് പകര്‍ത്തി വീണ്ടുമെഴുതലും. എഴുതുന്നതിനെക്കുറിച്ചുള്ള തികഞ്ഞ ബോധ്യം വരികളില്‍ സ്പഷ്ടം. സംഭാഷണങ്ങള്‍ കാച്ചിക്കുറുക്കുന്നതിന്റെ ഭാഗമായി ചിലയിടത്തു വെട്ടിത്തിരുത്തിയെഴുതിപ്പോന്നിട്ടുണ്ട്. മുറിഞ്ഞുപോകാതെ ഒരു തുടര്‍ച്ചയില്‍ത്തന്നെ എഴുതിയ പ്രതീതി വായനയില്‍ വ്യക്തമാണ്. സിനിമയായാലുള്ള ചിത്രം അതിന്റെ സമഗ്രതയോടെ മനസ്സില്‍ തെളിച്ചുകണ്ടുകൊണ്ടു തന്നെയാണ് ഓരോ ദൃശ്യവും ഇണക്കിച്ചേര്ത്തിട്ടുള്ളത്.
സംഭാഷണ ഭാഗങ്ങള്‍ മലയാളത്തിലും മറ്റു വിവരണങ്ങള്‍ അത്രയും ഇംഗ്ലീഷിലുമാണ് എഴുതിയിരിക്കുന്നത്.
സിജെ എഴുതിയപ്പോള്‍ വിവരണങ്ങള്‍ ഇംഗ്ലീഷിലാകുവാന് കാരണം സിനിമയെക്കുറിച്ചും അതിന്റെ ദൃശ്യഭാഷയെക്കുറിച്ചും സിജെ വായിച്ചിട്ടുള്ളതും മനസ്സിലാക്കിയിട്ടുള്ളതും ഏറെയും വിദേശ ചിത്രങ്ങളില്‍ നിന്നും വിദേശ ഗ്രന്ഥങ്ങളില്‍ നിന്നുമാണ് എന്നതാവണം. മലയാള ചിത്രങ്ങളില്‍ നിന്ന് അങ്ങനെയൊരവബോധം പ്രാപിക്കുവാന്‍ മാത്രം മലയാള സിനിമ അന്ന് പരിപാകമായിരുന്നുമില്ലല്ലോ. സിനിമയുടെ ഭാഷയെപ്പറ്റിയോ സൗന്ദര്യസാങ്കേതിക ശാസ്ത്രത്തെക്കുറിച്ചോ മലയാളത്തില്‍ അക്കാലത്ത് പ്രസ്താവ്യമായ പുസ്തകങ്ങള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ആദ്യകാല മലയാള ചിത്രങ്ങളിലെ സാങ്കേതിക കലാകാരന്മാര് അധികവും മറ്റുഭാഷക്കാരായിരുന്നു. വിഗതകുമാരന് ഒരുക്കിയ ഡോ.ജെ.സി. ദാനിയേല്‍ നാഗര്കോവില്കാരനായിരുന്നു. പാലക്കാട്ടുകാരനായ പി.വി. കൃഷ്ണയ്യര്‍ ആയിരുന്നു നിര്‍മലയുടെ സംവിധായകന്. അവിടെയും സാങ്കേതിക വിദഗ്ധരില്‍ പലരും മറ്റുഭാഷക്കാരായിരുന്നു. ആര്. വേലപ്പന് നായര്‍, ജോസഫ് പള്ളിപ്പാട്ട്, ജോസഫ് തളിയത്ത്, ഒ.ജെ. തോട്ടാന്‍, വിമല്‍ കുമാര്‍ , പി.ആര്.എസ്. പിള്ള, തിക്കുറിശ്ശി തുടങ്ങിയ ആദ്യകാല മലയാളി സംവിധായകരുടെ കാര്യത്തിലും ഇതിപ്രകാരമായിരുന്നിരിക്കണം. പ്രയോഗ ഭാഷ ഇംഗ്ലീഷോ തമിഴോ ആയിരുന്നിരിക്കണം. സിനിമ മാത്രമാണ് മലയാളം സംസാരിച്ചിരുന്നത്; ഒരുപക്ഷെ അനുബന്ധ ജീവനക്കാരില്‍ കുറേപ്പേരും. അന്നത്തെ ചര്‍ച്ചകളില്‍ ഇംഗ്ലീഷിനായിരുന്നു കൂടുതല്‍ പ്രസക്തി എന്ന് ടി.ഇ. വാസുദേവനെപ്പോലുള്ള ആദ്യകാല നിര്‍മാതാക്കള്‍ പറഞ്ഞുകേട്ടിട്ടുമുണ്ട്. സിനിമ സങ്കല്‍പ്പിച്ചത് മലയാളത്തിനായിട്ടായിരുന്നുവെങ്കിലും സ്വാഭാവികമായും സിജെയും അതിനായി ചിന്തിച്ചതും ഇംഗ്ലീഷില്‍ ആയിരുന്നിരിക്കണം. അവലംബിച്ച പ്രമേയത്തിന്റെ വൈദേശിക പശ്ചാത്തലവും പരിവൃത്തവും അതിന് മറ്റൊരു വിധത്തില്‍ പ്രേരകമായിട്ടുമുണ്ടാകാം.
തിരക്കഥയില്‍ ഉടനീളം ദൃശ്യാംശങ്ങള്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഒപ്പം അതാത് സന്ദര്‍ഭങ്ങളില്‍ കഥാപാത്രങ്ങളുടെ മാനസികതലത്തെ ചുരുങ്ങിയ വാക്കുകളില്‍ ഭംഗിയായി സൂചിപ്പിക്കുന്നുമുണ്ട്. ഇത് രണ്ടിനും കൂടുതല്‍ നല്ലത്, മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ക്കൂടി, ഇംഗ്ലീഷാണെന്നും സിജെ കരുതിയിട്ടുണ്ടാകാം. തിരക്കഥയുടെ രീതിശാസ്ത്രങ്ങളെക്കുറിച്ച് സൂചകങ്ങളോ, അവലംബിക്കാവുന്ന റഫറല്‍ ഗ്രന്ഥങ്ങളോ ഇവിടെ അന്ന് ലഭ്യമായിരുന്നില്ലല്ലോ. എങ്കിലും സിനിമയുടെ സാങ്കേതിക വശങ്ങള്, സംവിധാനം, ഫോട്ടോഗ്രഫി, തിരക്കഥ മുതലായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വിലപിടിപ്പുള്ള പുസ്തകങ്ങള്‍ ശ്രമപ്പെട്ടുവരുത്തി സിജെ പഠനം നടത്തിയിരുന്നു. ആ വഴിക്കും പിന്നെ ചിത്രങ്ങള്‍ കണ്ടിട്ടും, ചിത്രങ്ങളുടെ സൃഷ്ടിവഴികളെ കുറിച്ച് ആരാഞ്ഞറിഞ്ഞിട്ടും നേടിയെടുത്ത പൊട്ടും പൊടിയും സാമാന്യവത്കരിച്ചുണ്ടാക്കി സ്വന്തം സങ്കല്പത്തോട് ചേര്‍ത്തിണക്കി സ്വയം ശിക്ഷണത്തിലൂടെ നേടിയെടുത്തിരിക്കാവുന്ന, ചലച്ചിത്രാവബോധവും തിരക്കഥാ സങ്കല്പവുമായിരുന്നു സിജെയുടെ പിന്‍ബലം. ഫോട്ടോഗ്രഫിയിലും ചിത്രകലയിലുമുള്ള നൈപുണ്യവും സിജെയുടെ ആത്മവിശ്വാസം വര്ധിപ്പിച്ചിട്ടുമുണ്ടാകാം…
അടുത്ത ലക്കത്തില്‍
യൂദാസ് എഴുതാതെ പോയ സുവിശേഷം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: