ഗുവാഹത്തി: ആസാമില്‍ 10 കോടി മെട്രിക് ടണ്‍ എണ്ണ നിക്ഷേപം കൂടി കണ്ടെത്തി. ജോഹറിലെ സുഫയാം, ദയാല്‍പൂര്‍ എന്നിവിടങ്ങളില്‍ ഒായില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷനാണിത് (ഒഎന്‍ജിസി) കണ്ടെത്തിയത്. രണ്ട് മാസത്തിനുള്ളില്‍ ഖനനം തുടങ്ങുമെന്ന് ഒഎന്‍ജിസി ഡയറക്ടര്‍ വേദ്പ്രകാശ് മഹാവര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇത്രയും വലിയൊരു കണ്ടെത്തല്‍.
ഖനനത്തിനുള്ള നടപടികള്‍ തുടങ്ങിയതായും മഹാവര്‍ പറഞ്ഞു. ഓരോന്നില്‍ നിന്നും പ്രതിദിനം 50 ടണ്‍ എണ്ണ ലഭിക്കുമെന്ന് പ്രതീക്ഷ. ഇതോടെ, ജോഹര്‍ മേഖലയിലെ ലഭ്യത 350 ടണ്‍ മുതല്‍ 400 ടണ്‍ വരെയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ആസാമില്‍ ഈ വര്‍ഷം ലക്ഷ്യം കൈവരിച്ചു. 98 ശതമാനമാണ് ലഭ്യത. ഇത് 100 ശതമാനമാക്കും.
നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഖനനത്തിന് തയാറെടുക്കുന്നതായും മാഹാവര്‍ കൂട്ടിച്ചേര്‍ത്തു. നാഗാലാന്‍ഡ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടങ്ങി. ഒഎന്‍ജിസി ഒറ്റയ്ക്കോ, സംസ്ഥാനവുമായി സഹകരിച്ചോ ആകും പദ്ധതി. ത്രിപുരയില്‍ പ്രകൃതിവാതകമാണ് പ്രധാന ഖനനം.
പ്രതിദിനം 45 ലക്ഷം ക്യുബിക് മീറ്റര്‍ 50 ലക്ഷമായി ഉയര്‍ത്തുക ലക്ഷ്യം. അരുണാചല്‍ പ്രദേശില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയെന്നും അത് പ്രയോജനപ്പെടുത്താനുള്ള നടപടി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: