ന്യൂദല്‍ഹി: ലാഭത്തിലെന്ന എയര്‍ ഇന്ത്യ മാനേജ്മെന്റിന്റെ കണക്കുകള്‍ തള്ളി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. 2016 സാമ്പത്തിക വര്‍ഷത്തില്‍ 105 കോടി രൂപ ലാഭമെന്നായിരുന്നു എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍, 420 കോടി രൂപ നഷ്ടമെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കി.
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയര്‍ ഇന്ത്യക്ക് 30,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനു ചുവടുപിടിച്ചാണ് അവര്‍ ലാഭക്കണക്ക് നല്‍കിയത്. എന്നാല്‍, പണം നല്കുമ്പോള് വച്ച നിബന്ധനകള്‍ പാലിച്ചില്ലെന്നും നഷ്ടക്കണക്ക് മറച്ചുവച്ചുവെന്നും ഡെപ്യൂട്ടി സിഎജി പ്രദീപ് റാവു പറഞ്ഞു. സാമ്പത്തിക വാര്‍ഷത്തിന്റെ ആദ്യ പാദം 246 കോടി രൂപയായിരുന്നു നഷ്ടം. രണ്ടാം പാദത്തിലിത് 461 കോടിയായി ഉയര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഷ്ടക്കണക്ക് ലഘൂകരിക്കുകയാണ് എയര്‍ ഇന്ത്യ ചെയ്തതെന്ന് സിഎജി ഡയറക്ടര്‍ വി.കെ. കുര്യനും പറഞ്ഞു.
എത്തിഹാദ് എയര്‍വേസിന് അഞ്ച് ബോയിങ് 777 വിമാനങ്ങള്‍ നല്‍കിയതിലും നഷ്ടമെന്നും സിഎജി. 571 കോടി മുതല്‍ 611 കോടി വരെയാണ് ഒരു വിമാനത്തിന് വിലയീടാക്കിയത്. ഇടപാടില്‍ ആകെ നഷ്ടം 671.07 കോടി രൂപയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
2013ല്‍ 1,455 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യയുടെ നഷ്ടം. 2014ല്‍ 2,966 കോടിയായി ഉയര്‍ന്നു. എന്നാല്‍, അടുത്ത വര്‍ഷം 1,922.17 കോടിയായി കുറഞ്ഞു. ഇതിനു പിന്നാലെയാണ് പുനരുദ്ധാരണ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: