ജീവിതത്തിന്റെ ദുരന്തമുഖത്ത് നൊമ്പരവുമായി നില്ക്കുന്നവരുടെ ആശ്രയ കേന്ദ്രമാണിന്ന് തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ദീനദയ എന്ന സേവന കേന്ദ്രം. 2000ത്തിലെ വിഷു നാളിലായിരുന്നു ഈ ട്രസ്റ്റിന്റെ തുടക്കം. സേവന തല്പരരായ സജ്ജനങ്ങളാണ് ഇന്ന് മധുരപ്പതിനേഴിലെത്തിനില്ക്കുന്ന ട്രസ്റ്റിന്റെ പിറവിക്ക് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. ആരംഭ കാലത്ത് കൃത്യമായ പദ്ധതികളുണ്ടായിരുന്നെങ്കിലും സഹായവിതരണത്തിനായി കരുതലുകളൊന്നുമുണ്ടായിരുന്നില്ല. സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവര്‍ക്ക് ട്രസ്റ്റ് അംഗങ്ങള്‍ തന്നെ നിശ്ചിത തുക ശേഖരിച്ച് വീതം വച്ച് നല്‍കുകയായിരുന്നു. പഠനോപകരണ വിതരണം,വിവാഹധനസഹായം, ചികിത്സാ ധനസഹായം, എന്നിങ്ങനെയുള്ള സേവന പ്രവര്‍ത്തനങ്ങളാണ് ട്രസ്റ്റ് നിര്‍വ്വഹിച്ചിരുന്നത്.
2005ല്‍ കോലാനിയി ബാലഭവന് ആരംഭിച്ചതോടെയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശ്രദ്ധേയമാകുന്നത്. 12 കുട്ടികളുമായി വാടക കെട്ടിടത്തിലാണ് ബാലഭവന് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ട്രസ്റ്റിന്റെ സേവന മഹത്വം തിരിച്ചറിഞ്ഞ് നിരവധി പ്രമുഖര്‍ സഹായവുമായി എത്തി. ഇതില്‍ പ്രധാനപ്പെട്ടത് ക്രിസ് ഗോപാലകൃഷ്ണന്റെ സഹായമാണ്.
ബാലഭവന് സ്വന്തമായി അമ്പത് സെന്റ് വസ്തുവാങ്ങുന്നതിനും ആധുനിക സംവിധാനങ്ങളോടെയുള്ള മന്ദിരം പണിയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ ഉദാരമതികളുടെ സഹായത്താല്‍ കഴിഞ്ഞു. 2012ല്‍ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്താനും കഴിഞ്ഞു. ബാലഭവനില്‍ ഇപ്പോള്‍ 38 കുട്ടികളുണ്ട്. ട്രസ്റ്റിന്റെ അഭ്യുദയകാംക്ഷികള്‍ നടത്തുന്ന അന്നദാനത്തിലൂടെയാണ് ബാലഭവന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. 500ലധികം പുസ്തകങ്ങളുള്ള മികച്ച ഹോം ലൈബ്രറി ബാലഭവനുണ്ട്. ഏറ്റവും പുതിയ അറിവുകള്‍ കുട്ടികള്‍ക്ക് പ്രാപ്യമാക്കുവാന്‍ തക്കവിധം മികച്ച നിലവാരമുള്ള ഓഡിയോ വിഷ്വല്‍ റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ബാലഭവനിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നതോടൊപ്പം മറ്റ് മേഖലയിലേക്കും ട്രസ്റ്റിന്റെ പ്രവര്‍ത്തനം എത്തി. ദീനദയ സോഷ്യല്‍ ഡവലപ്മെന്റ് സൊസൈറ്റി, പാലിയേറ്റീവ് ഹോംകെയര്‍ സര്‍വ്വീസ്, സുദര്‍ശനം സ്പെഷ്യല്‍ സ്കൂള്‍, കൗണ്‍സലിങ് സെന്റര്‍ എന്നിവയെല്ലാം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്ലുള്ള പ്രവര്‍ത്തനങ്ങളാണ്. സൗജന്യനിരക്കില്‍ ആംബുലന്‍സ് സര്‍വ്വീസും ട്രസ്റ്റിനുണ്ട്. ഇതിനൊടൊപ്പം മറ്റ് നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ട്രസ്റ്റ് മുന്‍കൈയെടുക്കുന്നു.
- പാലിയേറ്റീവ് ഹോം കെയറില്‍ പ്രത്യേക പരിശീലനം നേടിയ രണ്ട് നഴ്സുമാരും ഒരു ട്രസ്റ്റ് അംഗവും ഉള്‍പ്പെടുന്നതാണ് ട്രസ്റ്റിന്റെ പാലിയേറ്റീവ് ടീം.
ഒരു രോഗിയുടെ വീട്ടില്‍ കുറഞ്ഞത് മാസത്തില്‍ ഒരിക്കലെങ്കിലും എത്താന്‍ സാധിക്കുന്ന വിധത്തിലാണ് വീട് സന്ദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്. 2013 ല്‍ തുടങ്ങിയ ഈ പ്രവര്‍ത്തനത്തില്‍ ഇതുവരെ 289 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിവസേന നടത്തുന്ന സന്ദര്‍ശനങ്ങളുടെയും രോഗികളുടെയും വിവരങ്ങള്‍ നിര്‍ദ്ദിഷ്ട രജിസ്റ്ററുകളില്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്. സന്ദര്‍ശന വേളയില്‍ ഡയബറ്റിക്, അള്‍സര്‍ എന്നിവ മൂലമുണ്ടാകുന്ന ഗുരുതര വ്രണങ്ങള്‍ വൃത്തിയാക്കുക, ശരീരം വൃത്തിയാക്കല്‍, ബി പി, ഷുഗര്‍ എന്നിവ പരിശോധിക്കല്‍ തുടങ്ങിയ നഴ്സിങ് പരിചരണങ്ങള്‍ ചെയ്തുവരുന്നു. മരുന്നുകള്‍ വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് സുമനസ്സുകളുടെ സഹായത്തോടെ ഡോക്ടറുടെ കുറിപ്പടി പ്രകാരമുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നു. വീല്‍ചെയറുകള്‍, വാക്കറുകള്‍, ബെഡ്ഡുകള്‍, വസ്ത്രങ്ങള്‍, ഡ്രസ്സിങ് സാധനങ്ങല്‍ എന്നിവയും വിതരണം ചെയ്യുന്നു. കാരുണ്യ സ്പര്‍ശവുമായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് ഹോംകെയര്‍ സര്‍വീസ് മാനവസേവയാണ് മാധവസേവ എന്ന മഹദ് വചനം അന്വര്‍ത്ഥമാക്കുന്നു.
- ഗോകുലം ബാലഭവന് അങ്കണത്തില്‍ സദര്ശനം സ്പെഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനിതക തകരാറുകള്‍കൊണ്ടും പ്രസവസമയത്ത് ഉണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ കൊണ്ടും സംഭവിക്കുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നിവ ബാധിച്ച കുട്ടികളെ പരിചരിക്കുവാനും പരിശീലിപ്പിക്കുവാനും ഉദ്ദേശിച്ചുള്ളതാണ് ഈ സ്കൂള്‍. അഞ്ച് കുട്ടികളാണ് ഈ സ്കൂളില്‍ നിലവില്‍ ഉള്ളത്. സ്കൂളിന് സ്വന്തമായി സ്ഥലംവാങ്ങി കെട്ടിടം പണിയാനുള്ള ശ്രമത്തിലാണിപ്പോള്‍.
പ്രത്യേകം രൂപകല്‍പ്പന ചെയ്ത കളിപ്പാട്ടങ്ങളുടെ സഹായത്തോടെ കുട്ടികളുടെ അവബോധം, അറിവ് എന്നിവ മെച്ചപ്പെടുത്തുക, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, മ്യൂസിക് തെറാപ്പി, വിവിധയിനം കളികളില്‍ ഏര്‍പ്പെടുന്നതിനുള്ള സൗകര്യം, കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിനും തിരികെ വീട്ടില്‍ എത്തിക്കുന്നതിനും വാഹന സൗകര്യം ഇതൊക്കെ പരിമിതികള്‍ക്കുള്ളില്‍ നല്കിവരുന്നു.
- രണ്ടായിരത്തി എട്ടിലാണ് ദീനദയ സോഷ്യല്‍ ഡവലപ്മെന്റ് സൊസൈറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തനം തുടങ്ങുന്നതും. സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 25 സ്വയംസഹായ സംഘങ്ങള്‍ ഇന്നുണ്ട്. ഒരു സംഘത്തില്‍ കുറഞ്ഞത് പത്തും പരമാവധി 20 അംഗങ്ങളാണുള്ളത്. 500 കുടുംബങ്ങള്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ നടത്തുന്ന ഓണം വിപണന മേള പെണ്‍കരുത്തിന്റെ മാതൃകയായി മാറിക്കഴിഞ്ഞിട്ടുണ്ട്. മുതലിയാര്‍മഠം ഹരിഹരാമൃതം സ്വയം സഹായസംഘത്തിലെ ആറ് അംഗങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച സഹയാത്രി ക്യാരിബാഗ് യൂണിറ്റും എടുത്തുപറയേണ്ട വനിതാ സംരംഭമാണ്. ഓണക്കാലത്ത് പച്ചക്കറികളുടെയും വിലനിലവാരം പിടിച്ച് നിര്‍ത്തുന്നതില്‍ സൊസൈറ്റിയുടെ വിപണന മേളയ്ക്ക് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.
- ബാലഭവനില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സലിങ് സെന്റര്‍, സൗജന്യ നിരക്കില്‍ സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സ് എന്നിവ ട്രസ്റ്റിന്റെ ഇതരപ്രവര്ത്തനങ്ങളില് മുഖ്യമായിട്ടുള്ളവയാണ്. കാന്‍സര്‍ ബാധിതരായ 21 സഹോദരങ്ങള്‍ക്ക് പ്രതിമാസം 300 രൂപാ വീതം ട്രസ്റ്റില്‍ നിന്നും പെന്ഷന് നല്‍കുന്നുണ്ട്. കൂടാതെ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ ധനസഹായം സ്കൂള്‍ വര്‍ഷാരംഭത്തില്‍ അര്‍ഹരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എന്നിവയും ട്രസ്റ്റില്‍ നിന്ന് അനുവദിക്കുന്നുണ്ട്. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യബോധവല്‍ക്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. പ്രൊഫഷണല്‍ കോഴ്സുകളില്‍ മെറിറ്റില്‍ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കായംകുളം ശ്രീരാമകൃഷ്ണ ആശ്രമവുമായി ബന്ധപ്പെട്ട് പഠനാവശ്യത്തിനായി പലിശരഹിത വായ്പ സംഘടിപ്പിച്ച് നല്‍കാറുണ്ട്. 21 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ദീനദയ സേവാട്രസ്റ്റിനെ കഴിഞ്ഞ 17 വര്‍ഷമായി നയിക്കുന്നത് ചെയര്മാന് പിഎന്‍എസ് പിള്ളയാണ്. ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടിവ് ട്രസ്റ്റിയായി പ്രൊഫ.പി ജി ഹരിദാസും പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: