പ്രശസ്തരുടേയും സാധാരണക്കാരുടേയും ജീവന് ഒരുപോലെയാണ്. അതില്‍ തന്നെ സിനിമാക്കാരുടെ ജീവിതത്തിനും ജീവനും മാനത്തിനും മാത്രമായി പ്രത്യേകതമൊന്നുമില്ല. നടി ആക്രമിക്കപ്പെട്ടതിനെതിരെ നാടുമുഴുവന്‍ വലിയവായില്‍ പ്രതികരിച്ചു. വേണ്ടതു തന്നെ. പക്ഷേ അതിനുശേഷം പിഞ്ചു പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപേര്‍ ക്രൂരമായ ബലാല്‍സംഘത്തിനും മറ്റും ഇരയായി.
പതിനൊന്നും ഒന്‍പതും വയസുള്ള സഹോദരിമാരായ രണ്ടുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായ ശേഷം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ഇപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ സി.എ.വിദ്യാര്‍ഥി മിഷേലും മരണപ്പെട്ടിരിക്കുന്നു.നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ഒച്ചപ്പാടിന്റെ ആയിരത്തിലൊരു ശതമാനംപോലും പ്രതികരണങ്ങള്‍ ഇവരുടെ കാര്യത്തിലൊന്നും ഉണ്ടായില്ല.എന്തുകൊണ്ടാണങ്ങനെ.ഇവരാരും സിനിമാക്കാരാകാത്തതുകൊണ്ടാണോ.സിനിമാക്കാരുടെ മാനത്തിനുമാത്രം പ്രത്യേക പരിഗണനയോ.ജീവനും മാനവും നഷ്ടപ്പെട്ടാല്‍ പേരും പ്രശസ്തിയും നോക്കി പലതരം നീതിയോ.
ഇലഞ്ഞി സ്വദേശിനിയായ മിഷേലിന്റെ മൃതദേഹം ഈ മാര്‍ച്ച് ആറിന് വൈകിട്ട് കൊച്ചി വാര്‍ഫില്‍ നിന്നും കണ്ടെത്തുകയായിരുന്നു.അവള് പാലാരിവട്ടത്ത് സി.എ.ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.തലേന്നു വൈകിട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കുപോയ മിഷേലിനെ പിന്നീടു കാണാതാവുകയായിരുന്നു.
ആക്രമിക്കപ്പെട്ട നടി നമുക്ക് മകളോ സഹോദരിയോ ആയിരുന്നു.മിഷേലും അതുപോലെ നമുക്ക് മകളോ സഹോദരിയോ തന്നെയാണ്.പിന്നെന്തുകൊണ്ട് അവളുടെ ദുരൂഹ മരണത്തെക്കുറിച്ച് ആരും ശബ്ദമുയര്ത്തുന്നില്ല.മിഷേല്‍ സിനിമാ നടി ആകാത്തതുകൊണ്ടാണോ ആരും ശബ്ദമുയര്‍ത്താത്തത്.സിനിമാ നടി ആണെങ്കില്‍ മാത്രമേ പ്രതികരിക്കൂവെന്നുവെച്ചാല് മലയാളീ,കഷ്ടം നിന്റെ നിലവാരം കൃമിയെക്കാള് താഴ്ന്നതോ.
മിഷേല്‍ ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അല്ലെങ്കില്‍ തന്നെ നാട്ടില്‍ നടക്കുന്ന പ്രമാദമായ കേസുകളെല്ലാം അട്ടിമറിക്കുക എന്നതാണോ നമ്മുടെ പോലീസിന്റെ പ്രധാന ജോലി.ദുരൂഹ മരണം സംഭവിച്ചാല്‍ പോലീസിന് ഇപ്പോള്‍ രണ്ടു നിഗമനമേയുള്ളൂ,ഒന്നുകില്‍ ആത്മഹത്യ.അല്ലെങ്കില്‍ പ്രതി തലയ്ക്കു സ്ഥിരതയില്ലാത്തവന്‍.കോട്ടയം പുഷ്പനാഥിന്റെയും നീലകണ്ഠന് പരമാരയുടേയും ഡിറ്റക്റ്റീവ് നോവലുകളില്പോലും കാണാത്ത സിഐഡികളുടെ ഭാവനാ വിലാസം എങ്ങനെയാണ് നമ്മുടെ പോലീസിനു കൈവന്നതെന്നറിഞ്ഞു കൂടാ.ആണുങ്ങളും മിടുമിടുക്കന്മാരുമായവര് കേരളാപോലീസിലുണ്ട്.അത്തരക്കാരെയൊന്നും അന്വേഷണം ഏല്‍പ്പിക്കാതെ കണ്ണീക്കണ്ട അണ്ടനേയും അടകോടനേയും ഏല്‍പ്പിച്ച് എല്ലാം കുളമാക്കുകയാണോ. ജയിലില്‍ കിടക്കുന്ന ക്രിമിനലുകളേക്കാള്‍ ഇരട്ടിയുണ്ട് പോലീസിലെ ക്രിമനലുകള്‍.
എല്‍.ഡി.എഫ് കാലത്ത് പോലീസ് കൂടുതല്‍ നെറികേടുകാണിക്കും എന്നത് മുഖ്യമന്ത്രി പിണറായി വിജയന് ഭൂണണമല്ല. ചുംബന സമരവും ഒരുമിച്ചിരിപ്പും കൊണ്ടുമാത്രം ഉണ്ടാകുന്നതല്ല സ്വാതന്ത്ര്യവും അവകാശവും.അത്തരം പുറംമേനികള് കൊണ്ടുമാത്രം തീരുന്നതല്ല പ്രശ്നങ്ങള്‍.മിഷേലിനു എന്തു സംഭവിച്ചെന്ന് നമുക്കറിയണം.അല്ലെങ്കില്‍ സിനിമാക്കാര്‍ക്കു വേണ്ടിമാത്രം പ്രതികരിക്കുന്ന നമ്മെ അവളുടെ ആത്മാവ് വേട്ടയാടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: