ബാലുശ്ശേരി: ഭക്ഷ്യ ഭദ്രതാ മുന്‍ഗണനാ ലിസ്റ്റിലെ അപാകതയെചൊല്ലി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കോണ്‍ഗ്രസും സിപിഎമ്മും ഏറ്റുമുട്ടി.
സംഘര്‍ഷം രൂക്ഷമായതോടെ വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തിയവര്‍ ജീവനുകൊണ്ട് ഓടി രക്ഷപ്പെട്ടു. കോണ്‍ഗ്രസുകാരുടെ അടിയേറ്റ് സിപിഎം ഉള്ളിയേരി ലോക്കല്‍ സെക്രട്ടറിക്ക് പരിക്ക്. പരിക്കേറ്റ കെ.പി ബാബുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചമുതല്‍ വൈകീട്ട് ആറുവരെ ഉള്ളിയേരി പഞ്ചായത്തില്‍ സിപിഎം മിന്നല്‍ ഹര്‍ത്താല്‍ നടത്തിയതോടെ നിരവധിപേര്‍ ദുരിതത്തിലായി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
പഞ്ചായത്തില്‍ ഭക്ഷ്യ സുരക്ഷ മുന്‍ഗണനാലിസ്റ്റില്‍ നിന്നും നിരവധി പാവപ്പെട്ടവര്‍ പുറത്തായത് ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസിന്റെ പ്രദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം രാവിലെ പഞ്ചായത്ത് ഓഫീസിലെത്തി. സെക്രട്ടറിയുടെ മുറിയില്‍ കയറിയ ഇവര്‍ സെക്രട്ടറിയെ ഉപരോധിച്ചു. സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം സിപിഎമ്മുകാരും സ്ഥലത്തെത്തി. ഇതോടെ വിരലിലെണ്ണാവുന്ന പോലീസിന്റെ സാന്നിധ്യത്തില്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ പരസ്പരം അടി തുടങ്ങി. ഇതിനിടെയാണ് ലോക്കല്‍സെക്രട്ടറിക്ക് പരിക്കേറ്റത്.
ലോക്കല്‍ സെക്രട്ടറിക്ക് അടി കിട്ടിയതോടെ നൂറോളം സിപിഎമ്മുകാര്‍ സംഘടിച്ചെത്തി പഞ്ചായത്ത് ഓഫീസ് വളഞ്ഞു. അപ്പോഴേക്കും് കോണ്‍ഗ്രസുകാരെയെല്ലാം ഓഫീസിനുള്ളിലാക്കി പോലീസ് കതക് പൂട്ടിയതിനാല്‍ കൂടുതല്‍ സംഘര്‍ഷം ഒഴിവായി. പിന്നീട് വടകരയില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയാണ് കോണ്‍ഗ്രസുകാരെ രക്ഷപ്പെടുത്തിയത്.
ഭക്ഷ്യഭദ്രത മുന്‍ഗണന ലിസ്റ്റ് തയ്യാറാക്കുന്നതില്‍ ഗുരുതരവീഴ്‌ച്ചവരുത്തിയ കേരളത്തിലെ ഇടത് -വലത് മുന്നണികളാണ് ലിസ്റ്റ് അട്ടിമറിച്ചതിനുപിന്നിലെന്നും ഇപ്പോള്‍ ഇവര്‍ നടത്തുന്ന സമരം പാവങ്ങളെ പറ്റിക്കാനാണെന്നും ബിജെപി പഞ്ചായത്ത് സമിതി ആരോപിച്ചു.
















