പതിവില്‍ക്കവിഞ്ഞ ഉന്മേഷത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് രവികുമാര്‍ അന്നുരാവിലെ നഗരാതിര്ത്തിയ്ക്കടുത്തുള്ള ആ വലിയ അന്താരാഷ്ട്ര കണ്വെന്ഷന് സെന്ററിന് മുന്നില്‍ വന്നിറങ്ങിയത്. മൂവായിരം പേര്‍ക്ക് ഇരിയ്ക്കാവുന്ന മനോഹരമായി പണിത, എല്ലാ ആധുനിക സജ്ജീകരണങ്ങളും മറ്റുസൗകര്യങ്ങളുമുള്ള ഒരു പടുകൂറ്റന്‍ കെട്ടിട സമുച്ചയം. സെന്റര്‍ നോക്കി നടത്തുന്ന വലിയ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ സിഇഒയാണ് രവി കുമാര്‍. പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട് മൂന്ന് വര്‍ഷം ആയെങ്കിലും കഴിഞ്ഞ വര്‍ഷം മുതലേ കാര്യമായ ബിസിനസ് കിട്ടിത്തുടങ്ങിയുള്ളു. അതും വര്‍ഷാരംഭത്തില്‍ ചുമതലയേറ്റ ചെറുപ്പക്കാരനായ സിഇഒയുടെ സാമര്‍ത്ഥ്യം കൊണ്ട്. അദ്ധ്വാനശീലവും അര്‍പ്പണബോധവും ഒത്തിണങ്ങിയ ബിസിനസ് മേധാവിയാണ് രവികുമാര്‍.
രണ്ടുദിവസത്തെ ഒരു ഗംഭീര അന്താരാഷ്ട്ര മെഡിക്കല്‍ കണ്വെന്ഷന് അന്നു രാവിലെ ആരംഭിക്കാന്‍ പോവുകയാണ്. ദേശവിദേശങ്ങളില്‍ നിന്നായി പേരുകേട്ട വിഐപികള്‍ ഉള്‍പ്പെടെ, ആയിരത്തി അഞ്ഞൂറോളം പേരാണ് അതിഥികളായി എത്തുന്നത്. എതിരാളികളുടെ കടുത്ത മത്സരത്തെ അതിജീവിച്ചാണ് രവികുമാര്‍ ഈ മഹത്തായ ഇവന്റ് നേടിയെടുത്തത്. ‘ഒരുക്കങ്ങളെല്ലാം വളരെ ഭംഗിയായെന്ന്’ സംഘാടകര്‍ ഒടുവില്‍ സമ്മതിച്ചാല്‍ ഭാഗ്യം തെളിയും; സെന്ററിന്റേയും രവികുമാറിന്റേയും ഇരുനൂറോളം വരുന്ന ജീവനക്കാരുടേയും.
ഉദ്ഘാടനച്ചടങ്ങ് തുടങ്ങാറായി. വിദേശികള്‍ ഉള്‍പ്പെടെ വിഐപികള്‍ ആര്‍ഭാടത്തോടെ എത്തിത്തുടങ്ങി. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ക്ലീനിങ് ജീവനക്കാരും മറ്റും രംഗമൊഴിഞ്ഞു. സ്വീകരണച്ചടങ്ങിനുള്ളവര് മാത്രം തയ്യാറായി നിന്നു. എല്ലാം നൂറുശതമാനം ശരിയാണെന്ന് ഉറപ്പാക്കണമെന്ന് ശാഠ്യമുള്ള രവികുമാര്‍ ഒരു ചെറിയ ‘മിന്നല്‍’ പരിശോധന കൂടി ആവാമെന്നുവച്ചു. മുന്നോട്ടു നടക്കുമ്പോള്‍ സംശയം തോന്നി. വിഐപി ബാത്ത്റൂമില്‍ കയറി നോക്കി. കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. അത് കഴുകി വൃത്തിയാക്കിയിട്ടില്ലായിരുന്നു.
അഴുക്ക് പിടിച്ച പഴയ ടൗവ്വലും, സോപ്പ് ഡിഷും, തേഞ്ഞ് നിറം മങ്ങിയ സോപ്പും മറ്റും. രവികുമാറിന് മനം മടുത്തു. അടുത്തെങ്ങും ആരുമില്ല. സൂപ്പര്‍വൈസറെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കി. കിട്ടിയില്ല. അയാളെയും കീഴ്ജീവനക്കാരേയും വിളിച്ചുവരുത്തി കടുത്ത ഡോസില്‍ ഒരു ശകാരപ്രഹരം നല്കിയാലോ?. വെറുതെ അന്തരീക്ഷം കലക്കുക മാത്രമാവും ഫലം. അവരെത്തുമ്പോഴേക്കും വൈകുകയും ചെയ്യും. പെട്ടന്ന് വിഐപികളില്‍ ആരെങ്കിലും ബാത്ത് റൂം അന്വേഷിച്ചുവന്നാലോ?. രവികുമാര്‍ വേറൊന്നും ആലോചിച്ചില്ല. ഉടന്‍തന്നെ തന്റെ മുറിയില്‍ച്ചെന്ന് സ്പെയര്‍ വര്‍ക്കിങ് ഡ്രസ് എടുത്തുകൊണ്ടുവന്നു. വിഐപി ബാത്ത് റൂമില്‍ കയറി വാതില്‍ അടച്ചു. ഡ്രസ് മാറി. ബ്രഷും ചൂലും സ്വന്തം കൈയിലെടുത്തു. ബക്കറ്റില്‍ വെള്ളം നിറച്ചു. അഞ്ച് മിനിട്ടിനുള്ളില്‍ അതി സാമര്‍ത്ഥ്യത്തോടെ ഒരു മിന്നല്‍ ക്ലീനിങ്. എല്ലാം ഭംഗിയായെന്നുറപ്പുവരുത്തി, ഡ്രസ് മാറി വീണ്ടുകിട്ടിയ ആത്മവിശ്വാസത്തോടെ രവികുമാര്‍ പുറത്തിറങ്ങി.
സിഇഒ ചെയ്തതിനെപ്പറ്റി പലതരത്തില്‍ വ്യാഖ്യാനിക്കാം. അതെങ്ങനെ ആയാലും ചുമതലാബോധത്തോടെ ബിസിനസിനെ നയിക്കുന്നവര്‍ക്ക് അസാധാരണമായ അവസരങ്ങളില്‍ അസാധാരണമായി തീരുമാനങ്ങളെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടി വരാറുണ്ട്. ബിസിനസില്‍ വ്യക്തികളുടേയും പ്രവര്‍ത്തനങ്ങളുടേയും പ്രയോജനം നിശ്ചയിക്കുന്നത് ഫലപ്രാപ്തി നോക്കിയിട്ടാണ്. മാനേജ്മെന്റ് എന്ന പദത്തിന്റെ പ്രാരംഭ നിര്‍വചനം തന്നെ ‘പ്രവര്‍ത്തികള്‍ ചെയ്തുതീര്‍ക്കുന്ന കല’ എന്നാണല്ലോ. ഒറ്റവാക്കില്‍ കര്മാനുഷ്ഠാനകല എന്ന് വിളിക്കാമോ?
ഒരു വലിയ സ്ഥാപനത്തിന്റെ മേലധികാരിയ്ക്ക് സ്ഥാപനത്തിലെ ടോയ്ലറ്റ് സ്വയം വൃത്തിയാക്കാമെങ്കില്‍ എല്ലാവര്ക്കും അതാവാം. ബിസിനസില്‍ വിജയം കൈവരിക്കുന്ന വ്യക്തിക്ക് സ്ഥാപനത്തില്‍ ഫലവത്തായ പ്രവൃത്തിയുടെ ഒരു സംസ്കാരം സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നു. മറ്റുള്ളവര്‍ ചെയ്തുതീര്‍ക്കുമെന്ന് താന്‍ പ്രതീക്ഷിയ്ക്കുന്നത് വേണ്ടി വന്നാല്‍ സ്വയം ചെയ്തുകൊണ്ട് അയാള്‍ മാതൃക കാണിയ്ക്കുന്നു.
‘നിര്‍മാ’ബ്രാന്‍ഡ് നമുക്കേവര്‍ക്കും സുപരിചിതമാണ്. ഒരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒരു ബിസിനസ് വിജയകഥയാണ് നിര്മയുടേത്. കര്സന് ഭായ് പട്ടേല്‍ എന്ന അഹമ്മദാബാദിലെ ഒരു ചെറുകിട ബിസിനസുകാരന് വീടിനോട് ചേര്‍ന്നുള്ള ഒരു ഷെഡ്ഡില്‍ ഡിറ്റര്‍ജന്റ് പൊടി ഉണ്ടാക്കുന്നത് ഒരു കുടില്‍ വ്യവസായമായി തുടങ്ങി. സര്‍ഫ്, ലക്സ് മുതലായ ലോകപ്രസിദ്ധ ബ്രാന്‍ഡുകള്‍ വിപണിയില്‍ കൊടികുത്തി വാണിരുന്ന കാലം. ഏതാനും വര്‍ഷം കൊണ്ട് കര്സന് ഭായ് അവരെയല്ലാം കടത്തിവെട്ടിക്കൊണ്ട് ഒന്നാം സ്ഥാനത്തെത്തി. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കടുത്ത എതിര്‍പ്പായിരുന്നു അദ്ദേഹത്തെ എതിരേറ്റത്.
ഡീലര്‍മാരേയും കച്ചവടക്കാരേയും ഏല്‍പ്പിക്കുന്ന സ്റ്റോക്ക് വിറ്റുകഴിഞ്ഞാലും പണം കിട്ടില്ല. ചെന്ന് ചോദിച്ച് നിര്‍ബന്ധിച്ചാല്‍ ഏല്‍പ്പിച്ച സ്റ്റോക്കോടെ തന്നെ തിരിച്ചയയ്ക്കും. മറ്റുവഴികള്‍ ഇല്ലാതായപ്പോള്‍ കര്സന് ഭായി ചില തീരുമാനങ്ങളെടുത്തു. ഡീലര്‍മാരുടേയും കച്ചവടക്കാരുടേയും പ്രതികരണങ്ങള്‍ നേരിട്ടുമനസ്സിലാക്കാനായി കടകള്‍ തോറും കയറിയിറങ്ങി. തിരികെ വന്ന് ഒരു ഗംഭീര പരസ്യപരിപാടി പത്രങ്ങളിലും റേഡിയോയിലും ടിവിയിലുമായി രാജ്യം മുഴുവന്‍ നടപ്പിലാക്കി. ‘വാഷിംഗ് പൗഡര്‍ നിര്‍മ’ എന്നു തുടങ്ങുന്ന പരസ്യഗാനശകലം അന്ന് കൊച്ചുകുട്ടികള്‍ പോലും പാടി നടക്കുമായിരുന്നു. ഇതിന് ഏറെ ആകര്‍ഷകമായ പ്രതികരണമാണ് ലഭിച്ചത്. കടകളിലെല്ലാം ആവശ്യക്കാര്‍ നിര്‍മ വാഷിങ് പൗഡര്‍ അന്വേഷിച്ചുചെന്നു തുടങ്ങി. പക്ഷെ,എങ്ങും ഒരുതരി പോലും സ്റ്റോക്കില്ല!.
കാരണം പരസ്യപരിപാടിയുടെ തുടക്കത്തില്‍ തന്നെ കര്സന് ഭായ് വിപണിയില്‍ നിന്ന് ഉള്ള സ്റ്റോക്കുകള്‍ മുഴുവന്‍ പിന്‍വലിച്ചിരുന്നു. ഇല്ലാത്ത ഒരു വസ്തുവിനെപ്പറ്റി എല്ലാവരും അറിഞ്ഞു വരുമ്പോള്‍ അതിന് പ്രിയം കൂടുമല്ലോ. പക്ഷെ ആവശ്യക്കാരെ കര്സന് ഭായി അധികം നിരാശപ്പെടുത്തിയില്ല. ഉല്പന്നം ഉടനെ തന്നെ എല്ലായിടത്തും എത്തിച്ചു. നിര്‍മ ചൂടപ്പം പോലെ വിറ്റഴിയാന്‍ തുടങ്ങി. ഡിറ്റര്‍ജന്റ് വിപണിയില്‍ താമസിയാതെ ഒന്നാം സ്ഥാനവും കൈക്കലാക്കി.
ഇത് അതിബുദ്ധി ഉപയോഗിച്ചുള്ള തന്ത്രങ്ങളുടേയും കഠിന ശ്രമത്തിന്റേയും കഥയാണ്. പക്ഷെ, അതിനേക്കാളേറെ ഏത് ചെറുകാര്യത്തിലും സൂക്ഷ്മ ശ്രദ്ധയര്‍പ്പിക്കുന്ന, ‘എല്ലാം കിറുകൃത്യ’മാണെന്ന് ഉറപ്പുവരുത്തുന്ന ബിസിനസ് പാടവത്തിന്റേയും കഥയാണ്. ഈ രണ്ട് കഴിവുകളും അല്ലെങ്കില്‍ മനോഭാവങ്ങളും നിര്‍വഹണം എന്ന’റെയില്‍പാത’യില്‍ ഒരേ ലക്ഷ്യത്തിലേക്കുള്ള സമാന്തരപാളങ്ങള്‍ പോലെയാണെന്ന് വിശേഷിപ്പിക്കാം.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ദശാബ്ദങ്ങളായി ഭാരതം സാമ്പത്തികമായി പുരോഗമിച്ചെങ്കിലും ഔന്നത്യങ്ങളിലേക്ക് വേഗം എത്താന്‍ കഴിയാതെ പോയത് ഏറെയും കാര്യനിര്‍വഹണത്തില്‍ വന്ന പോരായ്മകള്‍ കൊണ്ടാണെന്ന് പറയാം. ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും ഇവിടെ ഒരു കാലത്തും ക്ഷാമമുണ്ടായിരുന്നില്ലല്ലോ?. രണ്ടാം ലോകയുദ്ധത്തിന് ശേഷം രൂപം കൊണ്ട ശക്തികളില്‍ ഏറ്റവും മികച്ച പ്ലാനിങ് സംവിധാനമാണ് ഭാരതം സൃഷ്ടിച്ചെടുത്തത്. പക്ഷെ ചെറുതിരകളായി വന്ന സ്വപ്നങ്ങള്‍ വളര്‍ന്ന് ഗംഭീര പദ്ധതികളാകുന്ന തിരമാലകളായി ഉയര്‍ന്നുവന്ന് കാര്യനിര്‍വഹണത്തിന്റെ ‘കീറാമുട്ടി’ കളില്‍ തല്ലിത്തകരുന്ന കാഴ്ചയാണ് നാം പലപ്പോഴും കണ്ടത്.
ഇതിന് അപവാദമെന്നോണം ബിസിനസ്സിലും വ്യവസായത്തിലും സ്തുത്യര്‍ഹമായ നിര്വഹണബോധം കാഴ്ചവച്ച നിരവധി വിജയകഥകളുണ്ട്. അതില്‍ ഒരുപക്ഷെ ഏറ്റവും തിളക്കമാര്‍ന്നതും മലയാളിക്ക് എക്കാലവും അഭിമാനിക്കാവുന്നതുമാണ് ഇ.ശ്രീധരന്റെ മാതൃക. തമിഴ്നാട്ടിലെ രാമേശ്വരത്തെ കടലിനുമുകളിലൂടെയുള്ള, ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ പാമ്പന്‍ പാലം 46 ദിവസം കൊണ്ട് കേടുപാടുകള്‍ തീര്‍ത്ത് പൂര്വ്വനിലയിലാക്കിയതും പിന്നീട് ദല്‍ഹി മെട്രോ ഉള്‍പ്പെടെയുള്ള വന്‍ പദ്ധതികള്‍ സമയബന്ധിതമായി കാര്യക്ഷമതയോടെ പൂര്‍ത്തിയാക്കിയതും ഇപ്പോള്‍ കൊച്ചി മെട്രോയെ അതേ ലക്ഷ്യത്തിലേക്ക് തനതായ മികവോടെ നയിക്കുന്നതും വ്യക്തിപരമായ മറ്റു സവിശേഷതകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ, നിര്വ്വഹണബോധത്തില് നിന്ന് ഉയരുന്ന ഒടുങ്ങാത്ത ആവേശം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: