മുപ്പത്തിരണ്ട് വര്‍ഷമായി ജീവനക്കാര്‍ സമരം നടത്തിയിട്ടേയില്ല. സ്ഥാപനത്തിന്റെ ചരിത്രത്തില്‍ ഒറ്റ അഴിമതിയാരോപണവുമുയര്ന്നിട്ടില്ല. ഇതൊക്കെക്കൊണ്ടുതന്നെയാവണം, കടുത്ത സാമ്പത്തിക വെല്ലുവിളി നേരിട്ട കൂട്ടാളികളില്‍ പലരും തളര്‍ന്നും തകര്‍ന്നും പോയപ്പോഴും കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് (സിഎസ്എല്‍) പിടിച്ചുനിന്നത്; അല്ല കുതിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍- കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള, പരാജയക്കൂപ്പുകുത്തുന്നവയുടെ കാര്യം വിട്ടേക്കുക- കേന്ദ്ര,സംസ്ഥാന തലത്തില്‍ സിഎസ്എല്ലിന്റെ ചരിത്രം അനന്യമാണ്.
സ്ഥാപനത്തിന് 21 വര്‍ഷമായി നേട്ടം മാത്രമാണ്. കപ്പലുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയുമാണ് ഇവിടുത്തെ ജോലി. യാത്രയ്ക്കുള്ള ചെറുബോട്ടുമുതല് യുദ്ധവിമാന വാഹിനിക്കപ്പല്‍ വരെ നിര്‍മ്മിക്കുന്നു. കൊച്ചി കോര്‍പ്പറേഷനു മുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുവരെ ജലവാഹനങ്ങള്‍ നിര്‍മ്മിച്ചു നല്കുന്നു. ഇന്ത്യയിലെന്നല്ല ലോകരാജ്യങ്ങള്ക്കിടയില്ത്തന്നെ സിഎസ്എല്‍ ഇന്ന് വിശ്വസ്തതയുടെ പര്യായമാണ്, നിര്‍ദ്ദിഷ്ട സമയത്തിന് മുമ്പ് കരാര്‍പ്രകാരമുള്ള ജോലി പൂര്‍ത്തിയാക്കുന്നതിന്റെ പേരില്‍.
കപ്പല്‍ നിര്‍മാണ മേഖല ഇന്ന് ആഗോളതലത്തില്‍ കടുത്ത മാന്ദ്യം നേരിടുകയാണ്, പക്ഷെ സിഎസ്എല്‍ ഓവര്‍ ടൈം പണിയെടുക്കുകയാണ് ഓര്‍ഡറുകള്‍ തീര്‍ക്കാന്‍. വിദേശങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍, രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ക്കുള്ള ജോലികള്‍ എന്നിങ്ങനെ കപ്പല്‍ശാലയ്ക്ക് തിരക്കോട് തിരക്ക്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ നയത്തിനും പദ്ധതിയ്ക്കുമാണ് നന്ദി പറയേണ്ടത്. പ്രതിരോധ വകുപ്പിന്റെ ആവശ്യങ്ങള്‍ക്കുള്ള കപ്പല്‍-ബോട്ട് നിര്‍മ്മാണവും സിഎസ്എല്ലിനാണ്. തീരരക്ഷാ സേനകള്‍ക്കുവേണ്ടി, 20 പ്രത്യേക സാങ്കേതികതയുള്ള ബോട്ടുകള്‍, ലക്ഷ്യമിട്ട സമയത്തിന് മുമ്പ് നിര്‍മിച്ചുനല്‍കിയത്, സ്ഥാപനത്തിന്റെ ഏറ്റവും പുതിയ നേട്ടം.
പല പൊതുമേഖല സ്ഥാപനങ്ങളും തുലഞ്ഞതിന് കാരണമായി സാമ്പത്തിക വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നത് സാമ്പത്തിക പരിഷ്കാര നയങ്ങളെയാണ്. എന്നാല്‍, കുതിപ്പിന്റെ കഥമാത്രം പറയാനുള്ള സിഎസ്എല്‍ പറയും ഉദാരവല്‍കരണമാണ് സ്ഥാപനത്തെ രക്ഷിച്ചതെന്ന്. അതെ, മനസ്ഥിതിയാണ് ഇത്തരം നിര്‍ണായക നിമിഷങ്ങളില്‍ പ്രധാനം.
കൊച്ചിന് കപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ.് നായര്‍ പറയുന്നു, ”വാസ്തവത്തില്‍ ആഗോളവല്കരണത്തിന്റെ ഭാഗമായ ഉദാരവല്‍കരണമാണ് സിഎസ്എല്ലിനെ രക്ഷിച്ചത്. അതുവരെ 10,000 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തിരുന്നയാളിനോട് പെട്ടെന്ന് 100 മീറ്റര്‍ ഇനത്തില്‍ മത്സരിക്കാന്‍ പറയുന്നതുപോലെയായിരുന്നു അത്. പല സ്ഥാപനങ്ങളും ഈ പരീക്ഷണത്തില്‍ തോറ്റു. ഞങ്ങള്‍ വിജയിച്ചു. കാരണം, നയപരമായ തീരുമാനം, നിഷ്കര്‍ഷയോടെയുള്ള ജീവനക്കാരുടെ പ്രവര്‍ത്തനം, സഹകരണം.”ഫാക്ട്, എച്ച്എംടി, എച്ച്ഒസി, എന്‍ടിപിസി…നീണ്ട നിരയുണ്ട് പിടിച്ചുനില്‍ക്കാനാവാതെ പോയവയുടെ പട്ടികയില്‍
സിഎസ്എല്‍ വെല്ലുവിളിയും മത്സരവും ഏറ്റെടുത്തു. വിദേശരാജ്യങ്ങളാണ് ആഗോളവല്കരണവും ഉദാരവല്കരണവും കൊണ്ടുവന്നത്, ഇന്ത്യയെ തകര്‍ക്കാനാണ് തുടങ്ങിയ വിമര്‍ശനങ്ങള്‍ക്കിടെ സിഎസ്എല്‍ വിദേശത്തേക്ക് തിരിഞ്ഞു.
സാങ്കേതികതയും അദ്ധ്വാനവും കയറ്റുമതി രംഗത്തേയ്ക്ക് തിരിച്ചുവിട്ടു. യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയിലേക്ക് പോയി. നിര്‍ണായകമായിരുന്നു ആ തീരുമാനം. കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും നിര്‍ണയങ്ങളും കൈക്കൊണ്ടു. 1993 ലായിരുന്നു ഉദാരവല്കരണ തീരുമാനം ബാധകമായത്. സാമ്പത്തിക പുനസ്സംഘനയ്ക്ക് തീരുമാനിച്ചു. 1971 ല്‍ സ്ഥാപനം ആരംഭിക്കുമ്പോള്‍, അന്നത്തെ ആസൂത്രണത്തിലെ പിഴവുമൂലം കപ്പല്‍ ശാലയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകാനിടയായി. 72 കോടി രൂപ ലക്ഷ്യമിട്ട് നിര്‍മ്മാണം തുടങ്ങിയ കപ്പല്‍ശാല 130 കോടിയിലാണ് പൂര്‍ത്തിയായത്. 58 കോടി രൂപ ഷിപ്പ്യാര്ഡിന് മേല്‍ തുടക്കത്തില്‍ത്തന്നെ ബാധ്യതയായിരുന്നു. പണം 18 % പലിശയ്ക്കെടുക്കേണ്ടി വരുന്ന കടബാധ്യത തുടക്കക്കാര്‍ക്ക് താങ്ങാനാവാത്തതാണ്. അങ്ങനെ 93-ല്‍ ഒരു തീരുമാനമെടുത്തു, എട്ടുവര്‍ഷത്തേക്ക് കപ്പല്‍ശാല പുതിയ നിര്‍മാണ പ്രവര്‍ത്തനത്തിനില്ല, അറ്റകുറ്റപ്പണികള്‍ മാത്രം ചെയ്യും. ‘റാണി പത്മിനി’ പോലുള്ള കപ്പലുകള്‍ നിര്‍മിച്ച് അതിപ്രശസ്തരായി നില്ക്കുന്ന കാലത്താണിത്.
ഇന്നത്തെ മെട്രോ ശ്രീധരന് കപ്പല്‍ശാലയുടെ നിര്‍ണായക സ്ഥാനത്തിരിക്കുമ്പോള്‍. അതിനിടെ നൂതന സാങ്കേതിക വിദ്യകളിലേക്ക് സിഎസ്എല്‍ മാറി. ”നന്ദി പറയേണ്ടത് സമര്‍ത്ഥരായ ജീവനക്കാര്‍ക്കുതന്നെ. വിദേശ ഓര്‍ഡറുകള്‍ ധാരാളം സ്വീകരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്നും കൊച്ചിന് കപ്പല്‍ശാലയുടെ പേര് അതിപ്രശസ്തമാണ്, ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന കാര്യം. കാര്യക്ഷമത, സമയപാലനം-നിര്‍മാണത്തിലെ ഈ പ്രത്യേകതകള്‍ തന്നെയാണ് കാരണം”. മധു എസ്. നായര്‍ പറയുന്നു.
കപ്പല്‍ശാലയെ സംബന്ധിച്ചിടത്തോളം വിജയചിത്രത്തില്‍ നിന്ന് വിഷമചിത്രത്തിലേക്കുള്ള ഈ മാറ്റത്തിന്റെ വെല്ലുവിളി മികച്ച അവസരമായെന്ന് മധു നായര്‍ വിലയിരുത്തുന്നു. വിദേശവിപണി കിട്ടി, ആഭ്യന്തര ജോലികളും ധാരാളം വന്നു. വ്യോമസേനയ്ക്കും നാവിക സേനയ്ക്കും വേണ്ട എല്ലാ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടെയായി. തീര്‍ച്ചയായും അവസരവും ഭാഗ്യവും തുണച്ചു. ”അടുത്ത 20 വര്‍ഷത്തെ കപ്പല്‍ശാലയുടെ കുതിപ്പ് നിര്‍ണായകമായിരിക്കും. രാജ്യം ലക്ഷ്യമിടുന്ന 7-8 % സാമ്പത്തിക വളര്‍ച്ചയില്‍ കൊച്ചിന് കപ്പല്‍ശാലയ്ക്ക് പങ്കുചേരാനാകും.
ആഗോളരംഗത്ത് മാന്ദ്യം സംഭവിച്ചാലും സിഎസ്എല്ലിന് ലക്ഷ്യം കാണാനാകും. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയ്ക്കാണ് നന്ദി പറയേണ്ടത്. പ്രതിരോധ വകുപ്പിന്റെ കപ്പല്‍ നിര്‍മ്മാണമെല്ലാം സിഎസ്എല്ലിന് കിട്ടുമെന്നാണ് വിശ്വാസം. അതൊരു വലിയ നേട്ടമാകും;” മധു നായര്‍ പറയുന്നു.
നഷ്ടത്തില്‍ തുടങ്ങിയ ഒരു പൊതുമേഖല സ്ഥാപനം ഓഹരി വിപണിയിലിറങ്ങാന്‍ പോകുന്നു. ഏപ്രിലോടെ ഔദ്യോഗിക പ്രഖ്യാപനം വരും. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മികച്ച സൂചനയാണിത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കേരളത്തിനും മാതൃക.
പ്രതിരോധ വകുപ്പും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും ഷിപ്പ്യാര്ഡിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ കാണിക്കുന്നുണ്ട്. സ്വകാര്യ കപ്പല്‍ ശാലകള്‍ മത്സരിക്കാന്‍ സജ്ജമായി രംഗത്തുണ്ടെങ്കിലും പ്രവര്‍ത്തന ചരിത്രം പരിശോധിച്ച് കൊച്ചിന് ഷിപ്പ്യാര്ഡിനൊപ്പം നില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന് താല്പര്യം. എന്നാല്‍, ചട്ടപ്രകാരം സ്വകാര്യമേഖലയെ മാറ്റിനിര്‍ത്താനുമാവില്ല. അവിടെയാണ് പാരമ്പര്യം സിഎസ്എല്ലിന് അനുകൂലമാകുന്നത്. ‘നാളെയുടെ ഇന്ധനമായ’ എല്‍എന്‍ജിയുടെ ചരക്കുകടത്തല്‍ അധികവും ജലപാതയില്‍ കൂടിയാകും. സുരക്ഷയും സൗകര്യവും നോക്കുമ്പോള്‍ അതാണ് മെച്ചം. ഇതിന് പ്രത്യേക കപ്പലുകള്‍ നിര്‍മ്മിക്കണം.
ഓര്‍ഡര്‍ സിഎസ്എല്ലിന് കിട്ടും. അവസാനവട്ട ചര്‍ച്ച കേന്ദ്രമന്ത്രിസഭാ തലത്തില്‍ നടക്കുന്നു.
നിര്‍മ്മാണത്തിന് പ്രത്യേകം ലൈസന്‍സ് വേണം. സാങ്കേതികവിദ്യയുണ്ടാവണം. ലോകത്ത് ആകെ 15 കമ്പനികള്‍ക്കേ ഇതുള്ളു. അതില്‍ സാംസങ് ഹെവി ഇന്‍ഡസ്ട്രിയല്‍ ടെക്നിക്കല്‍ സര്‍വീസ് ഏജന്‍സിയുമായി സിഎസ്എല്‍ സാങ്കേതിക സഹകരണകരാറില്‍ ഒപ്പിട്ടു. കപ്പല്‍ശാലയ്ക്ക് വരുന്ന ഓര്‍ഡറുകള്‍ എല്ലാം ഏറ്റെടുത്ത് നടപ്പാക്കാന്‍ യാഡില്‍ നിലവിലെ സൗകര്യങ്ങള്‍ പോരാ. അതിന്3100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളായി. പുതിയ ഡ്രൈഡോക്ക് നിര്‍മ്മാണം തുടങ്ങി. ഷിപ്പ് ലിഫ്റ്റ് വാങ്ങാന്‍ ഓര്‍ഡര്‍ നല്കി കഴിഞ്ഞു. അറ്റകുറ്റപ്പണികള്‍ക്ക് നൂറിലേറെ കപ്പലുകള്‍ ഒരു വര്‍ഷം വരും.
കൊച്ചി കപ്പല്‍ശാല, ബിഎസ്എന്‍എല്‍ എന്ന ടെലി കമ്യൂണിക്കേഷന്‍ രംഗത്തെ പൊതുമേഖലാ സ്ഥാപനം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കുന്ന സ്ഥാപനമാണ്. 2000 പേര്‍ക്ക് നേരിട്ട് സ്ഥിരം തൊഴില്‍, 10,000ല്‍ പരം പേര്‍ക്ക് പരോക്ഷ ജോലി.
സാധാരണക്കാര്‍ക്ക് തോന്നും, ഷിപ്പ്യാര്ഡുണ്ടായിട്ട് നമുക്കെന്ത് നേട്ടമെന്ന്. നാടിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ പങ്ക് എത്രയെന്നൊന്നും കണക്ക് പറഞ്ഞാല്‍ അവര്‍ക്ക് ദഹിക്കില്ല. എന്നാല്‍, ഷിപ്പ് യാര്‍ഡിന്റെ കാര്യത്തില്‍ അങ്ങനെയല്ല. സിഎസ്എല്ലിന്റെ സഹകരണവും സഹായവും നേരിട്ട് ലഭിക്കുന്നവര്‍ അത് സമ്മതിക്കും.
ഉദാഹരണത്തിന് ചോറ്റാനിക്കരയില്‍ ഒരു വലിയ കോളനിയില്‍ മുന്നൂറിലേറെ കുടുംബത്തിന്റെ കുടിവെള്ള ക്ഷാമം മാറ്റാന്‍ ഷിപ്പ്യാര്ഡ്, അവിടെ കുടിവെള്ള വിതരണ സംവിധാനം തുടങ്ങി. തീരമേഖലയിലെ ഒട്ടേറെ സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് ഒരുക്കി, വായനശാലകള്‍ തുടങ്ങി, വീടുകള്‍ വച്ചുനല്കി, തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിനും മെഡിക്കല്‍ കോളേജുകള്‍ക്കും മറ്റും അടിസ്ഥാന സൗകര്യവികസനം ഒരുക്കാന്‍ സഹായിച്ചു…അങ്ങനെ നീളുന്നു.
കപ്പലോട്ടം ശരിയായ ദിശയില്‍ ശരിയായ പാതയിലായാലേ ലക്ഷ്യം കാണൂ; കൊച്ചി കപ്പല്‍ശാല നേരായ ചാലിലാണ് കുതിയ്ക്കുന്നത്; നേട്ടത്തിന്റെ ചാലിലൂടെ…
ലക്ഷ്യം അറിയുന്ന കപ്പിത്താന്
കപ്പല്‍ എത്ര ശേഷിയും സാങ്കേതിക സംവിധാനവും ഉള്ളതാണെങ്കിലും കപ്പിത്താന്റെ നിയന്ത്രണമാണ് നിര്‍ണായകം. കൊച്ചി കപ്പല്‍ശാലയുടെ കാര്യത്തിലും ഇത് ശരിയാണ്. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായരാണ് കപ്പല്‍ ശാലയുടെ തലപ്പത്ത്. ഒരു ക്യാപ്റ്റനുവേണ്ട എല്ലാ കഴിവും കാഴ്ചപ്പാടും ചേര്ന്നയാളെന്ന് കപ്പല്‍ശാലാ ജീവനക്കാരും വിശേഷിപ്പിക്കുന്നു. നാവികസേനയുമായി ഏറെച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ കൊച്ചി ഷിപ്പ്യാര്ഡിന്റെ തലപ്പത്ത് എന്നും നാവികസേനയില്‍ നിന്നുള്ളവരായിരുന്നു. ആദ്യമായാണ് പുറത്തുനിന്ന് ഒരാള്‍ സിഎംഡി സ്ഥാനത്തെത്തുന്നത്.
പുറത്തുനിന്നല്ല, അകത്തുനിന്നാണ് മധു നായരുടെ വരവ്. കപ്പല്‍ശാലയില്‍ എക്സിക്യൂട്ടീവ് ട്രെയിനിയായി തുടങ്ങിയതാണ് 1998 ല്‍. 15 മാസമായി സിഎംഡി സ്ഥാനത്ത്. കപ്പല്‍ശാലയുടെ ഇന്നത്തെ കുതിപ്പില്‍ മുഖ്യപങ്കുണ്ട് നായര്‍ക്ക്. 28 വര്‍ഷം ഒപ്പം പ്രവര്‍ത്തിച്ചവരുടെ കാഴ്ചപ്പാടും അര്‍പ്പണവും ആത്മാര്‍ത്ഥതയും നയവും നിലപാടും അറിഞ്ഞിട്ടുണ്ട് ഈ ക്യാപ്റ്റന്‍. തോളുതോള് ചേര്‍ന്ന് കഷ്ടപ്പാടുകാലത്തും, നല്ല സമയത്തും, വിയര്‍പ്പൊഴുക്കിയതും കൂടിച്ചിന്തിച്ചതും ഇന്ന് നായകന് സഹായകമാണ്. അതുകൊണ്ടുതന്നെ അഭിപ്രായ ഭിന്നതകളില്ലാതെ മുന്നോട്ടുപോകുന്നു. സര്‍വരുടെയും സഹകരണം നേടുക ചെറിയ കര്യമല്ലല്ലോ; അത് രൂപപ്പെടുത്തുന്ന പ്രവര്‍ത്തനാന്തരീക്ഷവും മികച്ചതാകും.
അങ്ങനെയാണ് കപ്പല്‍ശാലയുടെ പുതിയ ഡ്രൈഡോക്ക് പണിയാന്‍ തീരുമാനിച്ചത്, വിദേശ കമ്പനികളുമായി സാങ്കേതിക സഹായ കരാറില്‍ ഒപ്പുവച്ചത്, കപ്പല്‍ശാലക്ക് മറ്റ് സ്ഥാപനങ്ങളില്‍ ഫ്രാഞ്ചൈസി കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്, ഓഹരി വിപണിയിലിറങ്ങാന്‍ നിശ്ചയിച്ചത്.
ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ ഏറെയുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കുന്ന പദ്ധതി ചെയര്‍മാന്റെ ആശയമാണ്. ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പു കൊടുക്കുന്ന ഷിപ്പ്യാഡ് ‘പരിവാര്‍ പ്രതിഭാ പുരസ്കാര്‍’, മുന്‍ ജീവനക്കാരെ സഹായിക്കുന്ന ‘സാന്ത്വന സ്പര്‍ശം’, പുതിയ ജീവനക്കാരെ മുതിര്‍ന്നവര്‍ പരിശീലിപ്പിക്കുന്ന ‘മെന്റര്‍-മെന്റിസ്കീം’, ഉദ്യോഗസ്ഥരെ കര്‍മ്മരംഗത്ത് കൂടുതല്‍ വളര്‍ത്തുന്ന ‘നേതൃത്വ സംവര്‍ദ്ധിനീ’ യോജന, പ്രജ്യോതി പ്രഭാഷണ പരമ്പര… തീരുന്നില്ല ചെയര്‍മാന്റെ സങ്കല്‍പ്പങ്ങള്‍.
കൃത്യമായ കാഴ്ചപ്പാട്, ദീര്‍ഘദര്‍ശിത്വം, മാനവികത, ആദര്‍ശ ദൃഢത- ഒരുപക്ഷേ സ്ഥാപനങ്ങളുടെ തലവന്മാര്ക്കിടയില് അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ ഗുണങ്ങള്‍ അവശേഷിക്കുന്നവരില്‍ ശേഷിക്കുന്ന ഒരാളാണ് മധു നായര്‍. അദ്ദേഹം പറയുന്നു, ”സത്യസന്ധതയാണ് എന്റെ നയം. സുതാര്യതയാണ് നടപടിക്രമം. കൂടിയാലോചനയാണ് രീതി. വിശ്വാസ്യതയും ആദര്‍ശനിഷ്ഠയും നിശ്ചയദാര്‍ഢ്യവുമാണ് കൈമുതല്‍.” വിജയിക്കാന്‍ ഇതൊക്കെയാണല്ലോ പ്രധാനം.
മധു എസ്. നായര്‍
ജനനം: 1966 ജനുവരി അഞ്ച്. 2016 ജനുരി ഒന്ന് മുതല്‍ ഷിപ്യാര്ഡ് സിഎംഡി. സ്വദേശം: ഗുരുവായൂര്‍. വിദ്യാഭ്യാസം: കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്ബില്ഡിങ്ങില് ബിരുദം. നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എഞ്ചിനീയറിങ്ങില്‍ ജപ്പാനിലെ ഒസാകാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം. കൊച്ചിന് ഷിപ്യാര്ഡില് 1988 ജൂണില്‍ എക്സിക്യൂട്ടീവ് ട്രെയ്നിയായി തുടക്കം.
യാത്രക്കപ്പലുകളുടെ രൂപകല്‍പ്പന-നിര്‍മ്മാണ വിഭാഗത്തിലായിരുന്നു. സാങ്കേതിക മേഖലയില്‍ അന്താരാഷ്ട്ര സഹകരണം സിഎസ്എല്ലിനു നേടാന്‍ കാരണക്കാരനായി. മാര്‍ക്കറ്റിങ് വിഭാഗത്തിലായിരിക്കെ വിദേശ രാജ്യങ്ങളുടെ ചെറുകപ്പല്‍ നിര്‍മ്മാണക്കരാറുകള്‍ ശാലയ്ക്കു നേടിക്കൊടുത്തു. ബ്രിട്ടണ് ആസ്ഥാനമായ ദ് റോയല്‍ ഇന്സ്റ്റിറ്റിയൂഷന് ഓഫ് നേവല്‍ ആര്‍ക്കിടെക്ചര്‍, ഇന്ത്യയിലെ ഇന്സ്റ്റിറ്റിയൂഷന് ഓഫ് നേവല്‍ ആര്‍ക്കിടെക്ട്സ്, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയില്‍ അംഗം.
ഭാര്യ റമീത. കെ, കൊച്ചിയില്‍ എന്പിഒയില് ഡിആര്‍ഡിഒയുടെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞയാണ്. മകള്‍ പാര്‍വതി മധു മദ്രാസ് ഐഐടിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി. മകന് കൃഷ്ണ മധു ഭവന്‍സ് വരുണ വിദ്യാലയത്തില്‍ നാലാം ക്ലാസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: