കോഴിക്കോട്: സര്‍വ്വ ശിക്ഷാ അഭിയാന്റെ കീഴിലെ സെപ്ഷ്യലിസ്റ്റ് അദ്ധ്യാപക നിയമങ്ങനങ്ങളിലെ അഴിമതിയില്‍ പ്രതിഷേധിച്ച് അദ്ധ്യാപകര്‍ നടത്തിവരുന്ന സമരം ശക്തമാക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ മുപ്പതില്‍പരം അദ്ധ്യാപകരാണ് കഴിഞ്ഞ 50 ദിവസമായി സമരം നടത്തുന്നത്. എസ്എസ്എ നിയമനങ്ങളില്‍ 50% മാര്‍ക്ക് ഇന്റര്‍വ്യുവിന് നല്‍കി സ്വന്തക്കാരെ നിയമിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു. കോഴ്‌സ് കഴിഞ്ഞിറങ്ങി ഒറിജിനില്‍ സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് നിയമനം നല്‍കുക, രണ്ട് വര്‍ഷം യോഗ്യത വേണ്ടിടത്ത് 6 മാസത്തെ കോഴ്‌സ് കഴിഞ്ഞവരെ നിയമിക്കുക എന്നിങ്ങനെ യാണ് അധികൃതര്‍ നിയമനത്തില്‍ സ്വീകരിച്ചത്. റിസര്‍വേഷന്‍ ടേണ്‍ അട്ടിമറിച്ച് പ്രമുഖ സിപിഎം നേതാവിന്റെ അടുത്ത ബന്ധുവിനെ നിയമിച്ചതായും സമരസമിതി നേതാക്കള്‍ ആരോപിച്ചു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10ന് ഡിഡിഇ ഓഫീസിന് മുമ്പില്‍ ‘നില്‍ക്കും ഞങ്ങളിരിക്കും’ വായ്‌മൂടിക്കെട്ടി സമരം നടത്തും. 19ന് രാവിലെ 10 മുതല്‍ എസ്എസ്എ പ്രോജക്ട് ഓഫീസ് ഉപരോധവും 21ന് രാവിലെ 10 മുതല്‍ കടപ്പുറത്ത് മുഖ്യമന്ത്രിയുടെ ഛായാചിത്രരചന, കാരിക്കേച്ചര്‍ രചന എന്നിവയും സമരത്തിന്റെ ഭാഗമായി നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സമരസമിതി നേതാക്കളായ എസ്.എസ്. ചന്ദ്രബോസ്, പ്രസന്ന കെ.കെ., സ്വപ്ന ബി., ബിന്ദുറാണി, ശ്രീഗേഷ് എന്നിവര്‍ പങ്കെടുത്തു.
















