വടകര: കൈവേലി എടോനി മേക്കാട്ടുമലയില്‍ 41 തെങ്ങുകള്‍ വെട്ടിനശിപ്പിച്ച സംഭവം സിപിഎം പാര്‍ട്ടി കോടതി വിധി നടപ്പിലാക്കിയതാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുള്ളമ്പത്ത് അറക്കലപൊയില്‍ വിനോദന്റെ സ്ഥലത്തുള്ള തെങ്ങുകളാണ് മുറിച്ചുമാറ്റിയത്. വിനോദിന്റെ തെങ്ങുകള്‍ മുറിച്ചത് സിപിഎം ആണെന്നും പാര്‍ട്ടി ഗ്രാമത്തില്‍ മറ്റാരെയും വച്ചുപൊറുപ്പിക്കില്ലെന്ന തീരുമാനം നടപ്പാക്കുകയാണ് ചെയ്തതെന്നും വേണു പറഞ്ഞു. സിപിഎമ്മിനെ ഭയന്ന് തെളിവുനല്‍കാന്‍ പോലും ആരും തയ്യാറാകുന്നില്ല. വേണു പറഞ്ഞു.
മാര്‍ച്ച് ആദ്യവാരത്തിലാണ് വിനോദന്‍ പുതുതായി വാങ്ങിച്ച ഈ സ്ഥലത്തെ 41 തെങ്ങുകള്‍ വെട്ടി നശിപ്പിച്ചത്. വിനോദന്‍ വാങ്ങിയ ശേഷം തേങ്ങമോഷണം ഇവിടെ പതിവായിരുന്നു. ഇതുസംബന്ധിച്ച് സിപിഎം പ്രാദേശിക നേതാക്കളോട് ചോദിച്ചപ്പോള്‍ അത് സ്വാഭാവികമാണെന്നായിരുന്നു മറുപടി. തെങ്ങു മുറിച്ചശേഷം പോലീസില്‍ പരാതിപ്പെട്ടപ്പോഴാകട്ടെ പ്രതികളെ കാണിച്ചുകൊടുക്കണമെന്ന വിചിത്രമായ ന്യായമാണ് പോലീസ് പറഞ്ഞത്. മലയോര പ്രദേശമായ ഇവിടെ കാട്ടുമൃഗങ്ങള്‍ കൃഷിനശിപ്പിക്കുന്നതിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരാണ് ഇപ്പോള്‍ ഈ ഹീനകൃത്യം ചെയ്തിരിക്കുന്നത്.
















