സര്‍വ്വത്തിനും അടിസ്ഥാനമായ ഒരു വസ്തുവുണ്ട്. ചുവരില്ലാതെ ചിത്രമെഴുതാനാവില്ല. ആ, അടിസ്ഥാന വസ്തുവാണ് ജീവന്‍. ജീവനില്ലെങ്കില്‍ യാതൊന്നുമില്ല- ലോകവുമില്ല. ജീവനില്‍ നിന്നാണ് ലോകത്തിന്റെ ഉത്ഭവം. ഈ ജഡത്തില്‍ ജീവനായ വസ് തുവെനാട്ടി; അതു പാപമായി നശിച്ചുകൊണ്ടിരിക്കുന്നു.
അതായതു പഞ്ചേന്ദ്രിയങ്ങള്‍വഴി ജീവന്‍ പുറത്തേക്കു പോയി (വ്യാപിച്ചു) നശിക്കുന്നു. വായുവിനെ ഉളളിലേക്കെടുക്കുന്നതിനു രണ്ടു വഴികളുണ്ട്. അവ മൂക്കും വായുമാകുന്നു. ഒരേ സമയത്തു രണ്ടു വഴികളിലൂടെയും വായുവെ ഉളളിലേക്കെടുക്കാന്‍ സാധിക്കയില്ല. അതിനാല്‍ ജീവന്‍ പുറത്തുപോയി സ്വയം നശിക്കുന്നു.
അതിനാല്‍ വായുവിനെ ഉളളില്‍നിന്നു പ്രവൃത്തിച്ചു നമ്മള്‍തന്നെ എടുക്കേണ്ടിയിരിക്കുന്നു. അപ്രകാരം ആരും ചെയ്യുന്നില്ല. അതിനാലാണ് നമ്മള്‍ നാശത്തിലിരിക്കുന്നു എന്ന് പറയുവാന്‍ കാരണം. ഇപ്രകാരം നശിക്കാന്‍ ഇടം കൊടുക്കാതെ ജീവനെ തന്നില്‍തന്നെ അടക്കാന്‍ കഴിഞ്ഞാല്‍ അന്നു ജീവിച്ചു.
അതിനുളള മാര്‍ഗ്ഗമിതാ.. ഇപ്രകാരമാണ്. അവര്‍ മരണത്തില്‍ നിന്നു നിത്യജീവന്‍ പ്രാപിച്ചിരിക്കുന്നു. അതാണ് ”ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അനേകായിരങ്ങള്‍ ഉണ്ട്”
എന്നു യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്.
ജീവിക്കാന്‍ പഠിച്ചാല്‍ മരണത്തെ ജയിക്കാം. അപ്പോള്‍ ജീവനെ ആരും നശിപ്പിക്കയില്ല. ഇപ്പോള്‍ നമ്മള്‍ ജീവച്ഛവങ്ങളാണ്. ശവത്തെ വഹിച്ചുകൊണ്ടാണ് നമ്മള്‍ നടക്കുന്നത്. എപ്പോള്‍ ജീവന്‍ ഉളളിലൊതുങ്ങുന്നുവോ അപ്പോള്‍ ‘ജീവശിവോഹ’ മെന്ന നില പ്രാപിക്കാം. ‘ ശിവം ‘ എന്നതില്‍ നിന്ന് ‘ഇ’ കാരം നീക്കിയാല്‍ ശവം ശേഷിക്കുന്നു. ‘ഇ’കാരം ശക്തിയെ കുറിക്കുന്നു.
ഇതിനാലാണ് ‘ശക്തി ഒഴിഞ്ഞാല്‍ ശിവനും ശവരൂപമാം’ എന്നു പറഞ്ഞു വരുന്നത്. ഈ ശക്തിയാണ് കുണ്ഡലിനി. കുണ്ഡലിനി ശക്തിയില്‍ നിന്നാണ് ലോകത്തിന്റെ ഉത്ഭവം. അതിനാലാണ് ‘കുണ്ഡലിനി വിശ്വജനനി’ എന്നു പറയുവാന്‍ കാരണം. ആ ശക്തി വര്‍ദ്ധിക്കുകയും കുറയുകയും ചെയ്യും. കൗമാരത്തില്‍ ശക്തി കുറഞ്ഞും താരുണ്യത്തില്‍ വര്‍ദ്ധിച്ചും വാര്‍ദ്ധക്യത്തില്‍ ക്ഷയിച്ചും കാണപ്പെടുന്നു.
ആ ശക്തിയാണെങ്ങും വ്യാപിച്ചിരിക്കുന്നത്- ഈശ്വരനല്ല. ഈ ശക്തി എങ്ങനെയാണു നശിക്കുന്നതെന്നാല്‍ ‘വം അപാത്മനാജലം കല്‍പയാമി’- അതായത് ശൂന്യമായ ഹൃദയാകാശത്തില്‍ ജീവന്‍ നിഷ്‌കളങ്കനായി- ശിവനായിരിക്കുന്നു.
ദ്വാരങ്ങളുളള ഒരു കുടത്തിലിരുന്നു വെളളം പുറത്തേക്കു കവിഞ്ഞു പോകുന്നതു പോലെ- നമ്മിലിരുന്ന് ജീവന്‍ ജലരൂപമായി നശിക്കുന്നു. ഇപ്രകാരം നശിക്കുന്ന ശക്തിയെ തന്നിലടക്കിയാല്‍ നശിക്കാതിരിക്കാം.
ഏതു പ്രകാരമാണ് തന്നിലടക്കേണ്ടത്? ഗുദംവഴി. ‘ഗുദ’ മെന്നത് ഗോവിനെ ദാനം ചെയ്യുന്നത്. അതു മലദ്വാരമല്ല.ഗോ-വാക്കു, അതായതു ശബ്ദം; ഉത്ഭവിക്കുന്നത് മൂലാധാരത്തില്‍ നിന്നാണ്. ശബ്ദം ആകാശാംശമാകുന്നു. മൂലാധാരമെന്നാല്‍ ഉല്‍പത്തി സ്ഥാനം. എവിടെ നിന്നാണൊ ഉത്ഭവം അവിടെയാണ് മൂലം. ഒരു വിത്ത് അതിന്റെ മുകള്‍ഭാഗത്ത് നിന്നാണ് മുളക്കുന്നത്. ഏതിന്റെയും ഉത്പത്തി മുകളില്‍ നിന്നായിരിക്കും.
ഒമ്പതു വാതിലുകളുളള ശിരസ്സില്‍ അണ്ണാക്കില്‍ നിന്നു മേല്‌പ്പോട്ടു പോകുന്ന രണ്ടു ദ്വാരങ്ങളും, മൂക്കിന്റെ രണ്ടു ദ്വാരങ്ങളും തമ്മില്‍ ചേരുന്നത് ഭ്രൂമദ്ധ്യത്തിനു തൊട്ടുതാഴെയാണ്. അവിടെയാണ് ഗുദം സ്ഥിതി ചെയ്യുന്നത്. ഗുദത്തില്‍ നിന്നാണ് ആകാശാംശമായ ശബ്ദം ഉത്ഭവിക്കുന്നത്. അതാണ് മൂലസ്ഥാനം; അല്ലാതെ മൂലാധാരം മലദ്വാരമല്ല.
ജഡം ഉല്‍പ്പത്തിസ്ഥാനത്തുനിന്നു മുളച്ചു കീഴ്‌പ്പോട്ടു വളരുന്നു. ശുക്ലം ഗര്‍ഭപാത്രത്തില്‍ പതിച്ചാല്‍ ഒറ്റദിവസം കൊണ്ടു അതു രക്തവുമായി കലര്‍ന്ന് ഒന്നായിത്തീരുന്നു. ആദ്യം അതില്‍ സുഷുമ്‌നയാണ് രൂപമെടുക്കുന്നത്. സുഷുമ്‌നയില്‍നിന്നു
കീഴ്‌പോട്ടു വളരുന്നതുകൊണ്ടാണ് ഉടലും കീഴ്‌പോട്ടു വളരുവാന്‍ കാരണം.
അല്ലെങ്കില്‍ ജഡം തടിക്കുക മാത്രമേ ചെയ്യുകയുളളു. അപ്രകാരം ശിരസ്സിലിരിക്കുന്ന മൂലാധാരത്തിലാണ് ഗണപതി ഇരിക്കുന്നത്. മൂലാധാരം മലദ്വാരത്തിലാണെങ്കില്‍ ഗണപതിയുടെ വാസവും അവിടെ ആയിരിക്കാനെ തരമുളളു. ‘ഗണപതി’ യെന്നാല്‍: ഗണാനാം പതി ; ഗണാനാംപതി= ഗണങ്ങളുടെ നാഥന്‍; അതായതു അഷ്ടഗണങ്ങളുടെ നാഥന്‍. അഷ്ട ഗണങ്ങളുടെ ഉത്ഭവം മനസ്സില്‍ നിന്നാണ്.
മനസ്സ് ഈശ്വരങ്കല്‍നിന്നും ഉത്ഭവിക്കുന്നു. അപ്പോള്‍ ഈശ്വരന്റെ സ്ഥാനവും കക്കൂസിലാ (മലദ്വാരം) ണെന്നു വരുന്നു. ഇതൊന്നുമേ ശരിയല്ല. ഈശ്വരന്‍ ശിരസ്സിലിരിക്കുന്നു. മനസ്സിന്റെ സ്ഥാനവും ശിരസ്സിനകത്താണ്. മനസ്സുത്ഭവിക്കുന്ന സ്ഥാനമായ ഭ്രൂമദ്ധ്യമാണ് മൂലാധാരം. ആകയാല്‍, മൂലാധാരത്തില്‍ നിന്നുത്ഭവിച്ചതായ ശക്തിയെ തിരിയെ അവിടെതന്നെ അടക്കിയാല്‍ ചത്തുപോകാതിരിക്കാം. ഇങ്ങിനെയാണ് ജീവിച്ചിരിക്കാനുളള ശ്രമം നടത്തേണ്ടത്.
















