കോഴിക്കോട്: എയിംഫില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സമരപ്പന്തലിലെത്തി. ഇന്നലെ രാത്രി എട്ടോടെയാണ് കുമ്മനം രാജശേഖരന്‍ സമരപ്പന്തലില്‍ എത്തിയത്. സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംസാരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, യുവമോര്‍ച്ച നേതാക്കളായ പ്രബീഷ് മാറാട്, പി. ഹരീഷ് തുടങ്ങിയവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
സമരം പന്ത്രണ്ടാം ദിവസം പിന്നിട്ടതോടെ വിദ്യാര്‍ത്ഥികളിലെ മൂന്നാമത്തെ സംഘമാണ് ഇപ്പോള്‍ നിരാഹാര സമരം നടത്തുന്നത്. സി.വി. ഹര്‍ഷാദ്, ടി.കെ. ഷാമില്‍ എന്നിവരാണ് ഇപ്പോള്‍ സമരം നടത്തുന്നത്.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് നേരത്തെ നിരാഹാരം കിടന്നിരുന്ന ആദര്‍ശ്, ഷാദില്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടികളുടെ സത്യഗ്രഹസമരവും തുടരുകയാണ്.
















