കുറ്റിയാടി: മലയോരമേഖലയില്‍ പനിപടരുമ്പോഴും ആരോഗ്യവകുപ്പിന്റെ തികഞ്ഞ നിസ്സംഗത ജനങ്ങളെ ആശങ്കയിലാക്കുന്നു.ആയിരത്തിനടുത്ത് രോഗികളാണ് കുറ്റിയാടി ഗവ:താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ പകുതിയിലേറെപ്പേരും പനി ബാധിച്ചവരാണ്.
പകര്‍ച്ചപ്പനിക്ക് പുറമെ നിരവധി പേര്‍ക്ക് ഡങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.പനിബാധിതരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുമ്പോഴും ബോധവല്‍ക്കരണത്തിനും ശുചീകരണത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്. കെട്ടിക്കിടക്കുന്ന മലിന ജലത്തില്‍ കൊതുക് പെരുകുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പല പഞ്ചായത്തുകളും മഴക്കാല പൂര്‍വ്വ ശുചീകരണം വഴിപാടാക്കിയതാണ് കൊതുക് പെരുകുന്നതിനും പകര്‍ച്ചപ്പനിയും മറ്റ് രോഗങ്ങളും പടരുന്നതിന് ഇടയാക്കിയത്.
കൊതുക് നശീകരണത്തിനാവശ്യമായ നടപടികളൊന്നും ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കുറ്റിയാടി ടൗണിലെ ഇറച്ചി മത്സ്യ കടകളില്‍ നിന്ന് ഇപ്പോഴും പ്ലാസ്റ്റിക് സഞ്ചികളിലാണ് സാധനങ്ങള്‍ നല്‍കുന്നത്. ഇതിനെതിരെ യാതൊരു നടപടിയും എടുക്കാന്‍ ആരോഗ്യ വകുപ്പോ,പഞ്ചായത്തോ തയ്യാറായിട്ടില്ല. കെട്ടിക്കിടക്കുന്ന മലിനജലവും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളമാലിന്യങ്ങളും വന്‍തോതിലുള്ള പകര്‍ച്ചവ്യാധി ഭീഷണിയാണ് ഉയര്‍ത്തുന്നത്.
















