കോട്ടയം: മുന്‍കാലങ്ങളില്‍ ഇപിഎഫ് അംഗത്വം കിട്ടാതിരുന്ന തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അംഗമാകുന്നതിന് വ്യവസ്ഥകള്‍ ലളിതമാക്കി. 2009 ഏപ്രില്‍ 9നും 2016 ഡിസംബര്‍ 31നും ഇടയില്‍ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് അംഗത്വത്തിന് അര്‍ഹത ഉണ്ടായിരുന്നിട്ടും അംഗമായി ചേരാന്‍ കഴിയാതെ വന്നിട്ടുള്ളവര്‍ക്കാണ് വീണ്ടും അവസരമൊരുങ്ങുന്നത്. ഇങ്ങനെയുള്ള തൊഴിലാളികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തൊഴിലുടമ സ്വമേധയാ മുന്നോട്ടു വരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിനായി തൊഴിലാളി അംഗത്വ ക്യാമ്പയിന് നടത്തും. അതുവഴി ഇപിഎഫ് ആനുകൂല്യങ്ങള്‍ ഇതുവരെ കിട്ടാതിരുന്ന തൊഴിലാളികളിലേക്കും വ്യാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്.
തൊഴിലാളികളുടെ വിഹിതം പിടിച്ചെടുത്തിട്ടില്ലെന്ന് തൊഴിലുടമ പ്രസ്താവന നല്കിയാല് തൊഴിലാളി വിഹിതം അടയ്ക്കേണ്ടതില്ലെന്നതാണ് ലളിതമാക്കിയ വ്യവസ്ഥകളില്‍ പ്രധാനം. തൊഴിലാളികളുടെ തുക അടയ്ക്കുമ്പോള്‍ നഷ്ടപരിഹാരത്തുക വര്‍ഷത്തില്‍ കേവലം ഒരു രൂപ മാത്രമായിരിക്കും. തൊഴിലുടമ ഇപിഎഫ് സ്കീമില്‍ മുന്നേ തന്നെ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താം. പരാതികളുണ്ടാകാത്തിടത്തോളം കാലം ഈ വിവരങ്ങള്‍ സത്യമാണെന്ന് കണക്കാക്കി പരിശോധനകള്‍ ഒഴിവാക്കും. വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ദിവസം മുതല്‍ 15 ദിവസത്തിനകം വിഹിതം അടയ്ക്കണം.
ഇതിന് താല്പര്യമുള്ള തൊഴിലുടമകള്‍ തൊഴിലാളികളെ അംഗമാക്കുന്നതിന് ഇപിഎഫ് ഓഫീസിന്റെ വെബ്സൈറ്റില്‍ ഈ മാസം 31നു മുമ്പായി അപലോഡ് ചെയ്യണം. ഈ സൗകര്യത്തിനു പുറമെയാണ് സംസ്ഥാന വ്യാപകമായി അംഗത്വ ക്യാമ്പയിന് നടത്തുന്നത്.
ഇപിഎഫ് ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലൂടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന പെന്‍ഷന്‍കാര്‍ രേഖകള്‍ സഹിതം ജില്ലാതലത്തില്‍ നടക്കുന്ന ക്യാമ്പുകളില്‍ എത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: