പ്ലാസ്റ്റിക് മലിനീകരണം മഹാവിപത്താണെന്ന് നമുക്കൊക്കെ അറിയാം. വര്‍ണ്ണ ശബളമായി പറന്നു നടക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ മാത്രമാണോ മലിനീകരണത്തിന് കാരണം. അല്ല. മറ്റു പലതുമുണ്ട് ഭൂഗോളത്തെ പ്ലാസ്റ്റിക്കില്‍ കുളിപ്പിക്കാന്‍. അത് മനസ്സിലാക്കി മുന്നോട്ട് വന്നത് വടക്കന്‍ കേരളത്തിലെ താമരശ്ശേരിക്കാര്‍. കൃത്യമായി പറഞ്ഞാല്‍ താമരശ്ശേരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ നൂറുകണക്കിന് കുട്ടികള്‍. അവര്‍ കണ്ടെത്തിയ വില്ലനാവട്ടെ ബോള്‍പേനകളും.
ഒന്നെഴുതി മഷി തീരുമ്പോള്‍ വലിച്ചെറിയുന്ന ഡിസ്പോസിബിള്‍ പേനകളും ഓരോ തവണയും മഷി തീരുമ്പോള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ട്യൂബുകളും പ്ലാസ്റ്റിക് സഞ്ചികളേക്കാളും ഭൂമിയെ മലിനീകരിക്കുന്നുണ്ടെന്ന് ആ കുട്ടികള്‍ തിരിച്ചറിഞ്ഞു. അതിന്റെ ഭാഗമായാണ് അവരൊക്കെ ബാള്‍പേന കൈവിട്ട് ഫൗണ്ടന് പേന എന്ന മഷിപ്പേനയിലേക്ക് മാറാന്‍ തീരുമാനിച്ചത്. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് നിര്‍മ്മിത പേനകളും ട്യൂബുകളുമൊക്കെ സ്കൂള്‍ വളപ്പില്‍ സൂക്ഷിച്ചതിനുശേഷം സംസ്കരണത്തിനായി ഗ്രാമപഞ്ചായത്തിന് കൈമാറാനാണ് കുട്ടികളുടെ പരിപാടി. വരുംതലമുറയുടെ ആ ഹരിത ദര്‍ശനത്തിന് നമോവാകം.
നാടെങ്ങും പറന്നുനടക്കുന്ന പ്ലാസ്റ്റിക് സഞ്ചികളാണ് സകലവിപത്തിനും കാരണമെന്ന് പേര്‍ത്തും പേര്‍ത്തും പ്രസ്താവിക്കുന്ന നാമാരും താമരശ്ശേരിയിലെ കുട്ടികളെപ്പോലെ ചിന്തിച്ചില്ലെന്നതാണ് സത്യം. കാരണം ബോള്‍ പേനകളും അതിലെ ട്യൂബും ഡിസ്പോസിബിള്‍ പേനകളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് പ്ലാസ്റ്റിക് കൊണ്ടാണ്. നൂറ്റാണ്ടുകൊണ്ടുപോലും ഭൂമിയില്‍ ദ്രവിച്ചലിയാത്ത മാലിന്യം വിഘടനം സംഭവിക്കുമ്പോഴും തീയില്‍ ഉരുകുമ്പോഴും അത്യപകടകാരികളായ മാരക മാലിന്യങ്ങളെ ഉത്സര്‍ജിക്കുന്നവയാണ്. അത്തരം പതിനായിരക്കണക്കിന് കോടി പേനകളാണ് നമ്മുടെ ഭൂമണ്ഡലത്തെ ഇന്ന് മലിനീകരിക്കുന്നത്.
അതറിയാന്‍ ഒരു ചെറിയ കണക്കിതാ. ഡിസ്പോസിബിള്‍ പേനനിര്മ്മാണ രംഗത്തെ കേമനാണ് ഫ്രാന്‍സിലെ ‘ബിക്’ എന്ന കമ്പനി. 2005 ല്‍ ആ കമ്പനി തങ്ങളുടെ ശ്രദ്ധേയമായ ഒരു നേട്ടം ആഘോഷിച്ചു. പതിനായിരംകോടി പേനകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഒരു പേനക്ക് ശരാശരി അഞ്ചര ഇഞ്ച് നീളമുണ്ടെന്ന് കരുതുക. അത്തരം നൂറുശതകോടി പേനകള്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ 86,80,555 മൈല്‍ ദൈര്‍ഘ്യം വരും. ഭൂമധ്യരേഖയില്‍ ഭൂമിയുടെ ചുറ്റളവ് 24,900 മൈല്‍ എന്ന് കണക്ക്. ചുരുക്കത്തില്‍ 2005 സെപ്തംബര്‍ മാസംവരെ ‘ബിക്’ നിര്‍മ്മിച്ച് പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെട്ട പേനകള്‍ നിരത്തി വച്ചാല്‍ 348 വട്ടം ഭൂമിയെ ചുറ്റാം. അത് 2005 വരെയുള്ള പേനകളുടെ എണ്ണം വച്ചുള്ള കണക്കാണ്. ബാക്കികൂടി ചേര്‍ത്താലോ?
അമേരിക്കയില്‍ മാത്രം ഒരുവര്‍ഷം ഉപയോഗിച്ചു തള്ളുന്ന ഡിസ്പോസിബിള്‍ പേനകളുടെ എണ്ണം 106 ബില്ല്യണ്‍ അഥവാ 106 ശതകോടിയെന്ന് മറ്റൊരു കണക്ക്.
അപ്പോള്‍ ആ രാജ്യത്ത് കാല് നൂറ്റാണ്ടു കാലംകൊണ്ട് വലിച്ചെറിഞ്ഞ പേനകള്‍ നിരനിരയായി വച്ചാല്‍ എത്രത്തോളം നീളം വരുമെന്ന ്ആലോചിച്ച് നോക്കുക. അത് അമേരിക്കയിലെ മാത്രം പേന മാലിന്യത്തിന്റെ കണക്ക്. ഏതാണ്ട് ഇരുനൂറോളം രാജ്യങ്ങളാണ് ്ലോകത്തുള്ളത്. അവിടെയെല്ലാം പ്ലാസ്റ്റിക് പേനയുടെ നിര്‍മ്മാണവും ഉപഭോഗവും വലിച്ചെറിയലും വന്‍തോതില്‍ നടക്കുന്നുണ്ട്. അവയുമെത്തുന്നത് പ്രിയപ്പെട്ട പ്രകൃതിയിലേക്ക്. മണ്ണിലും, മലയിലും, പുഴയിലും കടലിലുമൊക്കെ അവയെല്ലാം ചേരുമ്പോള്‍ എത്രയോ കോടി പ്ലാസ്റ്റിക് മാലിന്യമാണ് ഭൂമിയില്‍ ഒഴുകിപ്പരന്നു നടക്കുന്നതെന്ന് ചിന്തിച്ചു നോക്കുക. പ്ലാസ്റ്റിക് സഞ്ചി പോലെ പറന്നും ഒഴുകിയും നടക്കാത്തതിനാല്‍ ബോള്‍ പെന്‍ മലിനീകരണത്തിന്റെ വ്യാപ്തി ആരും അറിയുന്നില്ലെന്നു മാത്രം.
കട്ടിയുള്ള കടലാസ് പ്രതലത്തില്‍ മഷി കോറാന്‍ തരപ്പെടുന്ന ബോള്‍ പേന നിര്‍മ്മാണത്തിനുള്ള ആദ്യ പേറ്റന്റ് നല്കപ്പെട്ടത് 1888 ഒക്ടോബര്‍ 30ന് ജോണ്‍ ജെലൗഡ് എന്ന സായിവിനാണ്. അതിനും അര നൂറ്റാണ്ട് മുമ്പാണ് ഫൗണ്ടന് പേനയുടെ നിര്‍മ്മാണത്തിനുള്ള ഫ്രഞ്ച് പേറ്റന്റ് റുമാനിയക്കാരനായ ‘പെട്രാഷെ പൊനാരു’ സ്വന്തമാക്കിയത്. ആധുനിക രീതിയിലുള്ള കാപ്പില്ലറി ഫൗണ്ടന് പേന കണ്ടുപിടിച്ചത് 1837 നവംബര്‍ 18ന് ലൂയിസ് എഡ്സണ് വാട്ടര്‍മാന്‍ എന്ന ഇന്‍ഷ്വറന്‍സ് ബ്രോക്കറാണ്. അതുകഴിഞ്ഞ് ഇത്രയും കാലത്തിനിടയില്‍ എത്ര ശതസഹസ്രകോടി പേനകള്‍ അന്തരീക്ഷത്തില്‍ പ്ലാസ്റ്റിക് മാലിന്യമായി ശേഷിച്ചുവെന്ന് ചിന്തിച്ചാല്‍ മാത്രമേ ബോള്‍ പെന്‍ മാലിന്യം (നമുക്കിതിനെ ബി- വേസ്റ്റ് എന്ന് വിളിക്കാം.) എത്രത്തോളം ഭൗമാന്തരീക്ഷത്തെ മലീമസമാക്കുന്നുണ്ടെന്ന് നമുക്ക് ആലോചിക്കാന്‍ കഴിയൂ. ബോള്‍ പേനയും ട്യൂബും ഒക്കെ ഉപേക്ഷിക്കപ്പെടുമ്പോള്‍ പ്ലാസ്റ്റിക്കിനു പുറമെ ലോഹനിര്‍മ്മിതമായ എഴുത്ത് നിബ്ബും സ്പ്രിങ്ങും മൊക്കെ പ്രകൃതിയെ മലിനീകരിക്കാനെത്തുന്നുവെന്നു കൂടി നാം ഓര്‍ക്കണം.
താമരശ്ശേരിയിലെ കുട്ടികളുടെ നിലപാട് നന്മ നിറഞ്ഞ തുടക്കമാണ്. ഇന്നല്ലെങ്കില്‍ നാളെ ലോകമെമ്പാടും ഈ വഴിക്ക് ചിന്തിക്കേണ്ടിവരുമെന്നതിന്റെ ചെറുസൂചന. ഒരു പക്ഷേ, ബോള്‍ പെന്‍ വേസ്റ്റിനെതിരെ ഉയര്‍ന്നുവന്നേക്കാവുന്ന ഈ വിപ്ലവം ‘ഫൗണ്ടന് പെന്‍’ എന്ന് വിളിക്കുന്ന മഷിപ്പേനകളുടെ തിരിച്ചുവരവിനുതന്നെ വഴിയൊരുക്കിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: