മലപ്പുറം: യുവാക്കളെ ലഹരിയുടെ മായലോകത്തേക്ക് കൂട്ടികൊണ്ടുപോയി ഇഞ്ചിഞ്ചായി കൊല്ലുന്ന മയക്കുമരുന്ന് സ്റ്റിക്കറുകള്‍ വിപണയില്‍ സുലഭം.
മൊബൈല്‍ സിമ്മിന്റെ വലുപ്പത്തിലുള്ള ഒരു കാര്‍ഡില്‍ പൊട്ടു പോലുള്ള സ്റ്റിക്കറുകളാണ് മയക്കുമരുന്നായി ഉപയോഗിക്കുന്നത്. ഇതില്‍ എല്‍എസ്ഡി എന്ന മയക്കുമരുന്ന് ജെല്‍ രൂപത്തില്‍ തേച്ചുപിടിപ്പിച്ചിരിക്കും. ഇത് ഉയര്‍ന്ന ഊഷ്മാവില്‍ അലിഞ്ഞുപോകുന്നതിനാല്‍ എസിയിലാണ് സൂക്ഷിക്കുന്നത്. ഗോവ, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെത്തിച്ച് വിപണനം നടത്തുകയാണു പതിവ്.
നിശാ നൃത്തപരിപാടികളിലും ഈ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായിട്ടുണ്ട്. സെക്സ് റാക്കറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. ഒരു കാര്‍ഡ് മയക്കുമരുന്നിന് 1000 രൂപ മുതല്‍ 1500 രൂപ വരെ ഈടാക്കുന്നുണ്ട്. ആദ്യമായി ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കു ലഹരി 48 മണിക്കൂര്‍ വരെ കിട്ടും. ഉപയോഗം കൂടുന്നതനുസരിച്ചു ലഹരിയുടെ സമയം കുറയും. അപ്പോള്‍ കൂടുതല്‍ കഴിക്കേണ്ടി വരും. വളരെ പെട്ടെന്നു അഡിക്ഷന് ഉണ്ടാക്കുന്ന ലഹരിമരുന്നാണിത്. സ്റ്റാമ്പ്, സ്റ്റിക്കര്‍, ബ്ലോട്ട് തുടങ്ങിയ പേരുകളിലാണു ഇത് അറിയപ്പെടുന്നത്.
ലൈസര്‍ജിക് ആസിഡ്, ഡൈത്തിലാമൈഡ് എന്നീ മയക്കുമരുന്നുകളുടെ ചേരുവയായ മയക്കുമരുന്നു വിദ്യാര്‍ഥികള്‍ക്കിടയില്‍ ആസിഡ് എന്ന പേരിലറിയപ്പെടുന്നു. ഒരു സ്റ്റിക്കറിന് 1000 രൂപയാണു വില. ഇതു കണ്ടാല്‍ പ്രത്യക്ഷത്തില്‍ ഒരു കളര്‍ഫുള്‍ ഗ്രീറ്റിംഗ് കാര്‍ഡ് ആണെന്നെ തോന്നൂ. ഇതിനെ ചെറിയ പീസ് സ്റ്റിക്കറുകളായി പൊളിച്ചെടുക്കാന്‍ കഴിയും. പേപ്പര്‍ സ്റ്റിക്കറില്‍ പിടിപ്പിച്ചിട്ടുള്ള എല്‍എസ്ഡി ജെല്‍ അലിഞ്ഞു തീര്‍ന്നു കഴിഞ്ഞാല്‍ പേപ്പറും ചവച്ചു വിഴുങ്ങും.
ഒരു ലഹരി മരുന്നെന്ന നിലയില്‍ എക്സൈസിനോ പോലീസിനോ അടുത്ത കാലം വരെ ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഇതുപയോഗിക്കുന്നവര്‍ക്കു വീടുകളില്‍ പോലും പരസ്യമായി ഇതു വെയ്ക്കാം. ഒരു ഗ്രീറ്റിംഗ് കാര്‍ഡാണെന്നു മാത്രമേ കാണുന്നയാള്‍ ധരിക്കൂ. പോസ്റ്റലുകള്‍ വഴിയും ഇത്തരം മയക്കുമരുന്നുകള്‍ വില്‍ക്കപ്പെടുന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: