കോഴിക്കോട്: കേരള ഫീഡ്സിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുന്നു. പുതിയ ഉല്‍പ്പന്നം പുറത്തിറക്കുന്നതിന്റെ പേരില്‍ സബ്സിഡിയായി 27 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കാനുള്ള നീക്കമാണ് ലക്ഷ്യം കാണുന്നത്.
ഇതിനായി കേരള ഫീഡ്സ് സമര്‍പ്പിച്ച പദ്ധതി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായാണ് സൂചന. ഇതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ ചെയര്മാന്, എംഡി എന്നിവരടങ്ങുന്ന ഉന്നതതല യോഗം ഈ മാസം 23ന് നടക്കും. തുടര്‍ന്ന് 25ന് ഡയരക്ടേര്‍സ് ബോര്‍ഡും യോഗം ചേരും. പുതിയ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഈ യോഗത്തിലുണ്ടാകും.
കേരള ഫീഡ്സിന്റെ കോഴിക്കോട്ടെ ഉല്‍പ്പാദന കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കുന്നതും അന്ന് തീരുമാനിക്കും. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളഫീഡ്സില്. ഏതാനും മാസങ്ങളായി മൂന്ന്, നാല് കോടി രൂപാ നഷ്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മൊത്തം 57 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെയുള്ളത്. ജീവനക്കാരുടെ ശമ്പളമൊഴികെ മറ്റെല്ലാ തലത്തിലും പ്രയാസം ബാധിച്ചു തുടങ്ങി. ഉല്‍പ്പാദനവും കാര്യമായി വെട്ടിക്കുറച്ചു.
കാലിത്തീറ്റ വിപണിയില്‍ മേധാവിത്തമുള്ള കേരളഫീഡ്സില് നഷ്ടത്തിന് കാരണം അസംസ്കൃത വസ്തുക്കളുടെ ഭീമമായ വില വര്‍ദ്ധനവാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ കൊണ്ട്വരുന്നത്. ഇതിനുളള ഗതാഗത ചെലവും കാര്യമായി വര്‍ദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: