Categories: Kerala

പാറമ്പുഴ മുതല്‍ ഫിറോസാബാദ് വരെ പോലീസിന്റെ ഓപ്പറേഷന്‍ ഹൈ സ്പീഡ്

Published by

കേസ് അന്വേഷിച്ച പോലീസ് ടീം കൊല്ലപ്പെട്ട കുടുംബത്തിലെ അവശേഷിക്കുന്ന അംഗം ബിപിന്‍ ലാലിനൊപ്പം

കോട്ടയം: ഇതരസംസ്ഥാനക്കാരായ കുറ്റവാളികളുടെ ക്രൂരമുഖം കേരളം തിരിച്ചറിഞ്ഞ കേസാണ് പാറമ്പുഴ കൂട്ടക്കൊലക്കേസ്. പോലീസിന്റെ സമര്‍ത്ഥമായ നീക്കങ്ങളിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്തര്‍പ്രദേശുകാരനായ നരേന്ദ്രകുമാറെന്ന നരാധമനെ കയ്യാമം വെച്ചു.

2015 മെയ് 17ന് കോട്ടയം നഗരം ഉണര്‍ന്നത് പാറമ്പുഴയിലെ കൂട്ടക്കൊലപാതക വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. അച്ഛനും അമ്മയും മകനും.ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മൃഗീയമായി കൊലചെയ്യപ്പെട്ടത്. മെയ് 16ന് അര്‍ദ്ധരാത്രിയിലായിരുന്നു പാറമ്പുഴയിലെ ദി വാഷ് വേള്‍ഡ് എന്ന ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ കൂട്ടക്കൊല. സ്ഥാപനത്തിന്റെ ഉടമകളായ പാറമ്പുഴ തുരുത്തേല്‍ കവലയ്‌ക്ക് സമീപം മൂലേപ്പറമ്പില്‍ വീട്ടില്‍ ലാലസന്‍(71), ഭാര്യ പ്രസന്നകുമാരി(55), മകന്‍ പ്രവീണ്‍ലാല്‍(28)എന്നിവരാണ് കൊല്ലപ്പെട്ടത്. ബിബിന്‍ ലാല്‍ മാത്രമാണ് രക്ഷപ്പെട്ടത്.

കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ആസിഡൊഴിച്ച് വികൃതമാക്കാനും ശ്രമിച്ചിരുന്നു.

പ്രവീണിന്റെ ദേഹത്ത് ഷോക്കടിപ്പിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. മൊബൈല്‍ഫോണുകളും സ്വര്‍ണ്ണാഭരണങ്ങളും കാണാതായിരുന്നു. കാതടക്കം അറുത്തെടുത്താണ് പ്രസന്നകുമാരിയുടെ കമ്മല്‍ അപഹരിച്ചത്.

സംഭവം നടക്കുന്നതിന് ഏതാനും ദിവസംമുമ്പ് ഡ്രൈക്ലീനിങ് കടയില്‍ ജോലിക്കെത്തിയ ജെയ്‌സിങ് എന്ന ഇതരസംസ്ഥാനത്തൊഴിലാളിയെ കൊലപാതകത്തിനു ശേഷം കാണാതായതോടെ പോലീസിന്റെ നീക്കം ഇയാളുടെ പിന്നാലെയായി. മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരേന്ത്യയിലേക്ക് പോകുന്ന തീവണ്ടികളില്‍ പരിശോധന നടത്തി. ജെയ്‌സിങ് എന്നത് വ്യാജപേരാണെന്ന് പോലീസ് കണ്ടെത്തി. പ്രതിയുടെ ചിത്രം ലഭിക്കാതെ വന്നത് പോലീസിനെ കുഴക്കി. പാമ്പാടി സിഐ സാജു വാര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ‘ഓപ്പറേഷന്‍ ഹൈ സ്പീഡ്’ എന്ന പേരില്‍ വിപുലപ്പെടുത്തി. സൈബര്‍ സെല്ലിന്റെ സഹായവും തേടി.

പ്രസന്നകുമാരിയുടേയും പ്രവീണിന്റേയും മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെ ചില സൂചനകള്‍ കിട്ടി. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതി ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലുള്ള ഒരാളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യു.പി പോലീസ് പ്രതിയുടെ സുഹൃത്തിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് ഫിറോസാബാദ് സ്വദേശിയായ നരേന്ദ്രകുമാര്‍ എന്ന ആളാണ് കൊലപാതകിയെന്ന് പോലീസ് തിരിച്ചറിഞ്ഞത്. സുഹൃത്തിനെക്കൊണ്ട് നരേന്ദ്രകുമാറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് ഫിറോസാബാദ് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും ഉത്തര്‍പ്രദേശ് പോലീസും ചേര്‍ന്ന് വീടുവളഞ്ഞ് അറസ്റ്റ്‌ചെയ്തു.

കൊലപാതകത്തിനുശേഷം വീട്ടിലെത്തിയ പ്രതി കവര്‍ച്ചചെയ്ത സാധനങ്ങള്‍ അവിടെവച്ചശേഷം മുങ്ങുകയായിരുന്നു. കൊല്ലപ്പെട്ട പ്രസന്നകുമാരിയുടെ മുറിച്ചെടുത്ത ചെവിയുടെ ഭാഗത്തോടുകൂടി കമ്മലും മറ്റ് തൊണ്ടിസാധനങ്ങളും ഇയാളുടെ വീട്ടില്‍ നിന്നു കണ്ടെത്തി.

ഫിറോസാബാദ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കേരള പോലീസിന് വിട്ടുകൊടുത്തു. പ്രതിക്കെതിരെ കടുത്ത ജനരോക്ഷമാണ് നാട്ടില്‍ ഉയരുന്നതെന്ന് മനസ്സിലാക്കിയതോടെ കനത്ത സുരക്ഷയൊരുക്കിയാണ് കോട്ടയത്ത് എത്തിച്ചത്. െ്രെഡ ക്ലീനിംഗ് സെന്ററില്‍ എത്തിച്ച് തെളിവെടുക്കാനുള്ള നീക്കം അവസാനനിമിഷം പോലീസ് ഉപക്ഷേിച്ചു. പ്രതിയുടെ നേരെ ആസിഡാക്രമണം ഉണ്ടാകാമെന്നും,കൊല്ലപ്പെടാന്‍ വരെ സാധ്യതയുണ്ടെന്നുമാണ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്.

പീന്നിട് അതീവ രഹസ്യമായി മറ്റൊരു ദിവസം പ്രതിയെ െ്രെഡക്ലീനിംഗ് സെന്ററില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കോട്ടയത്ത് എത്തുന്നതിനുമുമ്പ് കൊല്ലത്ത് ഇയാള്‍ നിസാര്‍ എന്ന പേരില്‍ ഒരു കടയില്‍ ജോലി ചെയ്യുകയും അവിടെ മോഷണം നടത്തിയശേഷം മുങ്ങിയതാണെന്നും കണ്ടെത്തിയിരുന്നു.

അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കുന്നതിലും പോലീസ് മികവ് പ്രകടിപ്പിച്ചു. എണ്‍പത്തിനാലാം ദിവസം 149 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പാമ്പാടി സി.ഐ സാജു വര്‍ഗീസും അന്വേഷണ സംഘത്തിലുള്ളവരും ജനങ്ങളുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക റിവാര്‍ഡും പ്രഖ്യാപിച്ചു.

വിധി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സന്ദേശമെന്ന് കോടതി

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും അക്രമവാസനയുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സന്ദേശമാണ് വിധിയെന്നും കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. ശാന്തകുമാരിയുടെ ഉത്തരവില്‍ പറയുന്നു. മരിച്ച പ്രവീണ്‍ ലാലിനും പ്രതി നരേന്ദ്രകുമാറിനും ഒരേ പ്രായമാണ്. അതുകൊണ്ട്തന്നെ പ്രായത്തിന്റെ പരിഗണന പ്രതി അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതീക്ഷിച്ച വിധിയെന്ന് മാതാപിതാക്കളും സഹോദരനും നഷ്ടപ്പെട്ട ബിബിന്‍ ലാല്‍ പിന്നീട് പ്രതികരിച്ചു. ശിക്ഷാവിധി അന്വേഷണ സംഘത്തിനുള്ള അംഗീകാരമെന്ന് സി.ഐ സാജു വര്‍ഗീസ് പറഞ്ഞു. വിധികേള്‍ക്കാന്‍ ബിബിന്റെ ബന്ധുക്കളും നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും അടക്കം വന്‍ ജനാവലി എത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by