കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിന വിലമാറ്റം ജൂണ്‍ 16 മുതല്‍ രാജ്യവ്യാപകമായി നിലവില്‍ വരും. അഞ്ചു നഗരങ്ങളില്‍ നടപ്പിലാക്കിയ പൈലറ്റ് പരിപാടിയുടെ വിജയത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് എന്നീ പൊതുമേഖലാ എണ്ണകമ്പനികള്‍ പ്രതിദിന ഇന്ധന വില മാറ്റം രാജ്യമാകെ വ്യാപിപ്പിക്കുന്നത്.
ചണ്ഡീഗഡ്, ജംഷെഡ്പൂര്‍, പുതുച്ചേരി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നീ നഗരങ്ങളില്‍ തുടര്‍ച്ചയായി 40 ദിവസമാണ് പൈലറ്റ് പരിപാടി നടപ്പിലാക്കിയത്.
അന്താരാഷ്ട്ര എണ്ണ വിലയില്‍ ഉണ്ടാകുന്ന ഏറ്റവും ചെറിയ മാറ്റത്തിന്റെ പോലും ഗുണഫലം പ്രതിദിന ഇന്ധന വിലമാറ്റം വഴി വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട വില ലഭ്യമാക്കുകയും വിലനിര്‍ണയ സംവിധാനം കൂടുതല്‍ സുതാര്യമാക്കുകയുമാണ് പ്രതിദിന വിലനിര്‍ണയത്തിലൂടെ പൊതുമേഖലാ എണ്ണകമ്പനികള്‍ ലക്ഷ്യമാക്കുന്നത്.
ഉപയോക്താക്കള്‍ക്ക് വിലയെപ്പറ്റി ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ ഡീലര്‍മാര്‍ക്ക് സമഗ്രമായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അടുത്ത ദിവസത്തെ വില രാത്രി എട്ടു മണിക്ക് ലഭ്യമാക്കും. ഇന്ത്യന്‍ ഓയിലിന്റെ 10,000 ഓളം വരുന്ന പമ്പുകളില്‍ പ്രതിദിന വില കേന്ദ്രീകൃത ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ അപ്ഡേറ്റ് ചെയ്യും. വിലമാറ്റം ദിവസവും രാത്രി 12 മണി മുതല്‍ നിലവില്‍ വരുന്നതും ഈ സംവിധാനം ഉപയോഗിച്ചാണ്. ഓട്ടോമേറ്റഡ് അല്ലാത്ത പെട്രോള്‍ പമ്പുകളില്‍ കസ്റ്റമൈസ്ഡ് എസ് എം എസ്, ഇ-മെയില്‍, മൊബൈല്‍ ആപ്, വെബ് പോര്‍ട്ടല്‍ എന്നിവ വഴി വില വ്യത്യാസം അറിയിക്കും. ഓട്ടോമേറ്റഡ് പമ്പുകളുടെ ഡീലര്‍മാരെയും ഈ സംവിധാനം വഴി പുതുക്കിയ നിരക്ക് അറിയിക്കും.
ഉപഭോക്താക്കള്‍ക്ക് പ്രതിദിന വില വിവരം Fuel@IOC എന്ന മൊബൈല്‍ ആപ് വഴി അറിയാം. വില പരിശോധിക്കാന്‍ RSP SPACE DEALER CODE അടിച്ച് 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യാം. ഡീലര്‍ കോഡ് ഓരോ പമ്പിലും പ്രദര്‍ശിപ്പിച്ചിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: