ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം കൃത്യമായ വരുമാന കണക്കുകള്‍ നല്കാത്തവര്ക്കെതിരെ കര്‍ശന നടപടിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇത്തരം 9.29 ലക്ഷം അക്കൗണ്ടുകള്‍ നിരീക്ഷണത്തിലെന്നും ലോക്സഭയില്‍ ധനബില്ലിന്മേല് നടന്ന ചര്‍ച്ചയ്ക്കു മറുപടിയായി മന്ത്രി പറഞ്ഞു.
500, 1,000 രൂപ നോട്ടുകള്‍ മാറിയെടുക്കാനെത്തിയ 18 ലക്ഷം പേരുടെ വരുമാന കണക്കുകളില്‍ അപാകതയുണ്ട്. ഇവര്‍ക്ക് ഇ മെയില്‍ വഴിയും എസ്എംഎസ് വഴിയും സന്ദേശം നല്കി. 8.71 ലക്ഷം പേര് മറുപടി നല്കി. മറ്റുള്ളവര്‍ പ്രതികരിച്ചില്ല. ഇവരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ജെയറ്റ്ലി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ സര്‍ക്കാരിന്റെ വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിച്ചു. ഇതോടെ വിവിധ വകുപ്പുകള്‍ക്കും പദ്ധതികള്‍ക്കും പണം അനുവദിക്കുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യമായി. കര്‍ഷകര്‍ക്കും സൈനികര്‍ക്കുമെല്ലാം പ്രയോജനം ലഭിക്കും. അതുകൊണ്ട് പ്രതിപക്ഷ വിമര്‍ശനങ്ങളില്‍ കഴമ്പില്ല.
ബാഹ്യ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകാന്‍ നടപടി തുണച്ചുവെന്നും മന്ത്രി പറഞ്ഞു. കറന്‍സിരഹിത സമൂഹമെന്നതിലേക്ക് പ്രധാന കാല്‍വയ്പ്പായി. വായ്പ നല്‍കാനുള്ള ബാങ്കുകളുടെ ശേഷി വര്‍ധിച്ചു. തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം റിസര്‍വ് ബാങ്ക് വ്യക്തമായ കണക്ക് പുറത്തുവിടുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: