സ്വന്തം ജീവിതത്തേയും ചുറ്റുപാടുകളേയും നിലാവിന്റെ നറുംചിരിയോടെ കാണുകയായിരുന്നു ആ കൗമാരക്കാരി.എന്നിട്ടും അവള് അലസമായ സ്വപ്നത്തില്‍പോലും കാണാത്ത ക്രൂരത അനുഭവിക്കുകയും അതുതന്നെ എമ്പാടും കാണുകയും കേള്‍ക്കുകയുംചെയ്തു.അപ്പോഴും അവള് എഴുതി,എല്ലാറ്റിനും ഉപരി മനുഷ്യര്‍ ആത്മാവില്‍ നല്ലവരാണെന്നു തന്നെ ഞാന്‍ ഇപ്പഴും വിശ്വസിക്കുന്നു.പൈശാചികതയെ സ്നേഹത്തിന്റെ നിലാവുകൊണ്ടു മുറിക്കുന്ന ഈ വാക്കുകള്‍ ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളില്‍ നെഞ്ചുരുക്കത്തോടെ വായിക്കാം.യുദ്ധ സാഹിത്യത്തിലെ ക്ളാസിക്കാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി.ഒളിമുറിയിലെ ഇരുള്‍വെളിച്ചത്തില്‍ തകര്‍ച്ചയുടെ ഭൂകമ്പത്തിനുമേലിരുന്ന് അവളെഴുതിയ ഡയറിക്കുറിപ്പുകള്‍ വായിച്ചവരിലെല്ലാം സ്നേഹത്തിന്റെ ഒഴിയാ ബാധപോലെ നൊമ്പരത്തിപ്പൂവിന്റെ ചിറകുകള് വെച്ച് അവള് പറന്നുവന്നിട്ടുണ്ടാവണം.ഇന്ന് ആന്‍ ഫ്രാങ്കിന്റെ ജന്മദിനം.
1929 ജൂണ്‍ 12ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ജൂത കുടുംബത്തിലാണ് ആനിന്റെ ജനനം.കുടുംബത്തിലെ തലമുറകള്‍ ജനിച്ചു വളര്‍ന്ന നഗരം.നാലര വയസില്‍ പക്ഷേ,അവള്‍ക്കു ആ നഗരം നഷ്ടമായി.ഫ്രാങ്ക്ഫര്‍ട്ടില്‍ നാസികളുടെ സ്വാധീനമായപ്പോള് വരാനിരിക്കുന്ന അപകട നാളുകള്‍ മുന്നില്‍ കണ്ട് ആനും കുടുംബവും പിതാവിന് ബിസിനസുള്ള ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേക്കു പോകുന്നു.പിന്നെ അവിടെയായി ജീവിതം.ലോകമെമ്പാടുമുള്ള ജൂതന്റെ രക്തചഷകംകൊണ്ട് ഹിറ്റ്ലര്‍ ആഹ്ളാദിക്കുന്നകാലം.
ആസ്റ്റര്‍ഡാമിലെ ജൂതര്‍ക്കു ചുറ്റും ഹിറ്റ്ലറുടെ രഹസ്യപ്പോലീസായ ഗസ്റ്റപ്പോയുടെ കഴുകന് കണ്ണുകള്‍ റോന്തു ചുറ്റുന്ന കാളരാത്രികളും പകലുകളും.ആ കണ്ണുകള്‍ ഫ്രാങ്ക് കുടുംബത്തിനുമേലും റാഞ്ചിക്കളിക്കാന് തുടങ്ങി. അറസ്റ്റു ഭയന്ന് ഫ്രാങ്കും കുടുംബവും ഒളിവില്പ്പോകുന്നു.പിതാവ് ഓട്ടോ ഫ്രാങ്ക് ജോലി ചെയ്തിരുന്ന കെട്ടിടത്തിലെ ബുക് ഷെല്ഫിനു പിന്നിലെ മുറികളായിരുന്നു അവരുടെ രഹസ്യവീട്.ബുക്കലമാരകൊണ്ട് വാതില്‍ മറച്ച് ഒരായുസ്പോലെ നീണ്ട രണ്ടു വര്‍ഷം.1942 മുതല്‍ 44വരെയുള്ള നാളുകളാണ് ആന്‍ ഫ്രാങ്കിന്റ ഡയറിക്കുറിപ്പിലെ കാലം.
ഫ്രാങ്ക് കുടുംബത്തിന്റെ അറസ്റ്റിനുശേഷം അവര്‍ നാസികളുടെ ബര്‍ജന്‍-ബസ്ലര്‍ തടവറയിലായി.പിന്നീട് അതില്‍നിന്നും ഓട്ടോഫ്രാങ്കിനുമാത്രം രക്ഷപെടാനായി.1945 ഏപ്രില്‍ 15ന് ബ്രിട്ടീഷ് സൈന്യം തടവുകാരെ മോചിപ്പിച്ചു.പക്ഷേ അതിന് ഏതാനും ദിവസം മുന്‍പ് ആനും സഹോദരിയും ടൈഫോയിഡുപിടിപെട്ടു മരിച്ചിരുന്നു.മനുഷ്യന് മനുഷ്യനോടു ചെയ്യുന്ന ക്രൂരതയുടെ ദൃക്സാക്ഷിയായി ഏതുനിമിഷവും പിടിക്കപ്പെട്ട് മരണത്തിലേക്കു തള്ളപ്പെടാന്നുമാത്രം ഗ്യാരണ്ടിയുള്ള കൊച്ചുജീവിതത്തിനിടയില് പ്രതീക്ഷയും സ്വപ്നവും കൊണ്ട് ലോകത്തിനു കരുതലു നല്കുന്ന ആനിന്റെ കാഴ്ചപ്പാട് പ്രായത്തെ തോല്‍പ്പിക്കുന്ന അനുഭവങ്ങളുടെ ഉച്ചവെയിലില്‍ ഉണക്കാനിട്ട പക്വതയില്നിന്നും ഉണ്ടായതാണ്.മകളുടെ ഡയറി നെഞ്ചിടിപ്പോടെ വായിച്ച പിതാവ് ഓട്ടോ ഫ്രാങ്ക് പറഞ്ഞത് എഴുത്തിന്റെ ഔന്നത്യംകൊണ്ട് പലതും തനിക്കു മനസിലാവുന്നില്ലെന്നാണ്.
മരിക്കുമ്പോള്‍ ആനിന് പതിനഞ്ചുവയസായിരുന്നു.പതിമൂന്നാം വയസിലെ ജന്മനാളില് തനിക്കു സമ്മാനമായി കിട്ടിയ ചുവപ്പും വെള്ളയും ചേര്‍ന്ന നിറമുള്ള തുണിയുടെ ബൈന്റിട്ട ഡയറിയിലാണ് പിന്നീട് ലോകത്തിന്റെ തന്നെ വേദനയുടെ കുറിപ്പുകളായിത്തീര്ന്ന അനുഭവങ്ങളും കാഴ്ചകളും ആന്‍ എഴുതിയത്. മനോഹരമായ ആ ഡയറില്‍ കൗമാരത്തിന്റെ സ്വകാര്യ കൗതുകങ്ങള്‍ എഴുതേണ്ടതിനു പകരം ലോകത്തെ ഏറ്റവും വലിയ നരവേട്ടയുടെ നാസിനാളുകളില് താനും മറ്റുള്ളവരും അനുഭവിച്ച വേദനയുടെ കനംവെച്ചു വരുന്ന രാപകലുകളുടെ കഥ എഴുതി ആന്‍. ജന്മനാളിനു മുന്‍പൊരു ദിവസം നഗരത്തിലെ കടയിലെ ചില്ലുജനാലയിലൂടെ ആന്‍ ആ ഡയറി പപ്പയെ കാണിച്ചുകൊടുത്തിരുന്നു.ദീര്ഘായുസുകൊണ്ടുപോലും എഴുതിത്തീര്ക്കാനാവാത്തത്ര നടുക്കവും വ്യസനവുംപ്രതിഷേധവും അതിലുപരി പ്രതീക്ഷയുടെ ഭാവികാല കുളിരുകൊണ്ടും തീര്‍ത്തതാണ് ആനിന്റെ ഡയറിക്കുറിപ്പുകള്‍.
ചിന്തകരും എഴുത്തുകാരുമൊക്കെ ഡയറിവായിച്ച് അതിന്റെ അകമേയ്ക്കു പോയിട്ടുണ്ട്.ടെന്‍ഷന്‍ നിലനിര്‍ത്തുന്ന ഒരുനോവലുപോലെയും നാടകംപോലെയും ഡയറിക്കുറിപ്പുകള്‍ വായിക്കാം എന്നുകൂടി അവര്‍ നിരീക്ഷിച്ചു.പിതാവ് ഓട്ടോ ഫ്രാങ്കിന്റെ നേതൃത്വത്തില്‍ 1947ല്‍ ആനിന്റെ ഡയറിക്കുറിപ്പുകള്‍ ആദ്യമായി അച്ചടിമഷി പുരണ്ടു.പിന്നീട് 1952ല്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചു.60 ഭാഷകളിലായി അതിപ്പഴും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു ഉണര്‍വു നല്കി ലോകവായനയില്‍ മുന്നിട്ടു നില്ക്കുന്നു.തങ്ങള്‍ ജൂതരേയും മറ്റുമനുഷ്യരെപ്പോലെ പരിഗണിക്കുന്ന കാലംവരുമെന്ന് ആന്‍ ഫ്രാങ്ക് തന്റെ ഡയറിയില്‍ പ്രത്യാശകൊള്ളുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: