ന്യൂദല്‍ഹി: നഗര മേഖലകളിലെ ഇടത്തരക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ ഭവന വായ്പാ പദ്ധതി. ഒമ്പത് മുതല്‍ 12 ലക്ഷം വരെ വായ്പയെടുത്തവര്‍ക്ക് മാസ തിരിച്ചടവില്‍ മൂന്നു മുതല്‍ നാലു ശതമാനം വരെ കുറവ്. 12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പദ്ധതി.
കേന്ദ്ര നഗര വികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയില്‍ 70 ധനകാര്യ സ്ഥാപനങ്ങള്‍ സഹകരിക്കുന്നു. 45 ഭവന വായ്പാ സ്ഥാപനങ്ങള്‍, പൊതു-സ്വകാര്യ മേഖലയിലെ 15 ബാങ്കുകള്‍, ഗ്രാമീണ, സഹകരണ ബാങ്കുകള്‍ എന്നിവ ദേശീയ ഭവന വായ്പാ ബാങ്കുമായി കരാറിലെത്തി. 12 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ ഒമ്പത് ലക്ഷം രൂപ വായ്പയെടുത്താല്‍ തിരിച്ചടവ് നാലു ശതമാനം കുറയും. 18 ലക്ഷം വാര്‍ഷിക വരുമാനമെങ്കില്‍ 12 ലക്ഷം വായ്പയെടുത്താല്‍ മൂന്നു ശതമാനം കിഴിവ്. നികുതി കൃത്യമായി നല്കി രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകുന്ന ഒരു വിഭാഗത്തിന്റെ വീടെന്ന സ്വപ്നം പ്രാവര്‍ത്തികമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു.
ഒമ്പത് ലക്ഷം രൂപ വായ്പയെടുക്കുന്നവര്‍ക്ക് നാലു ശതമാനം കിഴിവ് ലഭിക്കുമ്പോള്‍ 2,062 രൂപയുടെ കുറവുണ്ടാകുമെന്ന് ദേശീയ ഭവന വായ്പാ ബാങ്ക് സിഇഒ ശ്രീരാം കല്യാണരാമന് അറിയിച്ചു. 12 ലക്ഷം രൂപയെടുത്തവര്ക്ക് മൂന്നു ശതമാനം കിഴിവു നല്കുമ്പോള് 2,019 രൂപയുടെ കുറവുണ്ടാകും. 8.65 ശതമാനമാണ് പലിശ. 2015-16 വര്‍ഷം 9.5 ലക്ഷം കോടി രൂപ വായ്പയായി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിധവകള്‍, അവിവാഹിതരായ സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗം, പിന്നോക്ക വിഭാഗം, ദിവ്യാംഗര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും ചെറുകിട ധനകാര്യ ബാങ്കുകളെയും വായ്പ നല്കാന് അധികാരപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 70 കമ്പനികള്‍ സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: