ന്യൂദല്‍ഹി: പൊതുമേഖല എണ്ണക്കമ്പനികളുടെ ലയന നടപടികള്‍ക്കു വേഗത കൂട്ടാന്‍ സര്‍ക്കാര്‍. ലയനത്തിനുള്ള രൂപരേഖ തയാറാക്കി നല്കാന് കമ്പനികളോട് ആവശ്യപ്പെട്ടുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. എണ്ണ, വാതക മേഖലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പരാതി പരിഹാര സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വ്യത്യസ്ത സാമ്പത്തിക ചക്രത്തില്‍ പരസ്പരം സഹായിച്ച് എങ്ങനെ സംയോജിക്കാമെന്ന് അവര്‍ ധാരണയിലെത്തണം. അടിസ്ഥാന വസ്തുതകളും പരിശോധിക്കണം. ഖനന-ഉത്പാദന കമ്പനികളെ ശുദ്ധീകരണ-വിതരണ കമ്പനികളുമായി ലയിപ്പിച്ച് ദേശീയ താതപര്യം സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പ്രകൃതി വാതക മേഖലയില്‍ ഏഷ്യയിലെ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് നീങ്ങും. ചൈന, ജപ്പാന്, ദക്ഷിണ കൊറിയയുമായി സഹകരിച്ച് വിലക്കുറവില്‍ വാതകം എത്തിക്കാനുള്ള ശ്രമങ്ങള്‍ പരിഗണനയില്‍. ഇതു പൂര്‍ണമായും ഉപഭോക്തൃ സൗഹൃദമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലയനം പൂര്‍ത്തിയായാല്‍ ആഗോള വിപണയിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്ക്കാകുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ലയന പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്ററി സമിതിയും അനുകൂലിച്ചു. പ്രഹ്ലാദ് ജോഷി അധ്യക്ഷനായ സമിതി കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ ഏറെ ശ്രദ്ധിച്ചാകണം നടപടികളെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഭ്യന്തര മേഖലയില്‍ ഉണര്‍വേകുന്നതിനൊപ്പം ആഗോള തലത്തില്‍ മത്സരാധിഷ്ഠിതമായി രംഗത്തിറങ്ങാനും ഇന്ത്യന്‍ കമ്പനികള്‍ക്കാകും. മനുഷ്യവിഭവശേഷി വിനിയോഗം, പ്രവര്‍ത്തനം തുടങ്ങിയവയിലടക്കം വെല്ലുവിളികള്‍ അതിജീവിക്കാനാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖനന മേഖലയിലെ ഒഎന്‍ജിസിയും വിതരണ രംഗത്തെ എച്ച്പിസിഎല്ലും ലയന ചര്‍ച്ച തുടങ്ങിയതായും റിപ്പോര്‍ട്ട്. എന്നാല്‍, ഇതേക്കുറിച്ച് അറിയില്ലെന്ന് ഒഎന്‍ജിസി ഫിനാന്‍സ് ഡയറക്ടര്‍ എ.കെ. ശ്രീനിവാസന് പ്രതികരിച്ചു. എച്ച്പിസിഎല്‍ ചെയര്മാന് എ.കെ. സുരാന നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: