ന്യൂദല്‍ഹി: റിലയന്‍സ് ജിയൊക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസിനുമെതിരെ ഭാരതി എയര്‍ടെല്‍ നല്കിയ പരാതി കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) തള്ളി. വിപണി തത്വങ്ങള്‍ക്കു നിരക്കാതെ ജിയൊ നിരക്ക് ഇളവുകള്‍ അനുവദിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് മൊബൈല്‍ ഫോണ്‍ സേവന വിപണയിലെ മുന്‍നിരക്കാര്‍ എയര്‍ടെല്‍ രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ ജിയൊ ആകര്‍ഷകമായ നിരവധി ഓഫറുകള്‍ പുറത്തിറക്കിയാണ് ഉപഭോക്താക്കളെ പിടിച്ചത്. ഇതിനെതിരെ എയര്‍ടെല്‍ അടക്കം മറ്റു സ്വകാര്യ കമ്പനികള്‍ രംഗത്തെത്തിയിരുന്നു.
വിപണിയില്‍ ആധിപത്യമില്ലാത്തതിനാല് പരാതിയില്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നില്ലെന്ന് സിസിഐ ചെയര്‍പേഴ്സണ്‍ ഡി.കെ. സിക്രിയുടെ നേതൃത്വത്തിലുള്ള ആറംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. സൗജന്യ സേവനം ഈ ഗണത്തില്‍ പെടുത്താനാകില്ല.
മറ്റുള്ളവരും സൗജന്യ സേവനം നല്കുന്നു. രാജ്യത്തെ മുന്‍നിര വ്യവസായ ഗ്രൂപ്പായതുകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടപെടുന്നുവെന്നതും പരിഗണിക്കാനാകില്ലെന്നും സിസിഐ ബെഞ്ച് വ്യക്തമാക്കി. ഇരു ഭാഗത്തിന്റെയും വാദം കേട്ട് വിശദീകരണം തേടിയ ശേഷമാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: