വായനയും പുസ്തകവും മരിക്കുകയാണെന്നു ചിലര്‍ പ്രഖ്യാപിക്കുമ്പോഴും പുസ്തക പ്രസാധനത്തിനു യാതൊരു കുറവുമില്ല. അത് നിത്യവും കേരളത്തിന്റെ ഏതെങ്കിലുമൊരു മൂലയില്‍ നടക്കുന്നുണ്ട്. ഇന്നും നടന്നു. കൊച്ചിയിലെ കലൂരില്‍. ട്വിറ്റര്‍ സമൂഹത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നു കഥകളുടെ സമാഹാരമായ നീലച്ചുമര് എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് നടന്നത്.
പുസ്തകം ഇന്നതെന്നോ ആരുടേതെന്നോ എന്നതല്ല പ്രശ്‌നം. പുസ്തകത്തിന്റെ മരണം പ്രവചിക്കുന്ന അല്‍പ ബുദ്ധികള്‍ കുറെക്കൂടി ചിന്തിച്ചു വേണം അഭിപ്രായം പറയാനെന്നതാണ് ഇത്തരം സംരംഭങ്ങള്‍ നല്‍കുന്ന താക്കീത്. അക്ഷരങ്ങള്‍ ഉള്ളിടത്തോളം കാലം പുസ്തകങ്ങള്‍ മരിക്കില്ല. അക്ഷരം എന്ന വാക്കിന്റെ അര്‍ഥം തന്നെ നശിക്കാത്തത് എന്നാണ്.അതുകൊണ്ട് വായനയ്‌ക്കു മരിക്കാനാവില്ല, പുസ്തകങ്ങള്‍ക്കും.
അടുത്തകാലത്തായി, ഷാര്‍ജയിലും ജര്‍മനിയിലും നടക്കുന്ന വന്‍ പുസ്തക മേളയില്‍ തകര്‍പ്പന്‍ പുസ്തകകച്ചവടമാണ് നടക്കുന്നത്. മലയാളികളള്‍ തന്നെ ഡസന്‍കണക്കിനു പുസ്തകങ്ങളാണ് വാങ്ങിച്ചു കൂട്ടുന്നത്. ചില കൊച്ചു കുട്ടികള്‍ തന്നെ ചുമന്നുകൊണ്ടുപോകുന്നത് വലിയ പുസ്തകക്കെട്ടാണ്. ഈ ലോകം തന്ന പുസ്തകങ്ങള്‍ക്കും വായനയ്‌ക്കും വേണ്ടി ഉണ്ടായതാണെന്നു വിശ്വസിക്കുന്നവരുമുണ്ട്.
കുട്ടികള്‍ പുസ്തകങ്ങളോട് കൂട്ടുകൂടണം അതു വലിയൊരു ആസ്തിയാണ്. പുസ്തകം സാംസ്‌ക്കാരികോല്‍പ്പന്നമാണ്. വായന സംസ്‌ക്കാരം കണ്ടെത്തുന്ന ഉപാധിയും. ഓരോ പുസ്തകവും അതില്‍ അടങ്ങിയിരിക്കുന്ന അമൂല്യ നിധി കണ്ടെത്താന്‍ വായനക്കാരെ ക്ഷണിക്കുന്നുണ്ട്. ആ നിധി കണ്ടെത്തുന്ന പൂട്ടും താക്കോലുമാണ് വായന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: