ന്യൂദല്‍ഹി: കര്‍ഷകരുടെ വരുമാനത്തിന് നികുതി ചുമത്തില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ധനകാര്യ ബില്ലിന്മേല് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ജെയ്റ്റ്ലിയുടെ പ്രഖ്യാപനം. ആദായ നികുതി വകുപ്പിന് ഇപ്പോഴുള്ളതില്‍ കൂടുതല്‍ അധികാരം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏപ്രില്‍ ഒന്നു മുതല്‍ ഒട്ടേറെ പരിഷ്കാരങ്ങളാണ് നികുതി ഘടനയിലുണ്ടാകുന്നത്. രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരുടെ നികുതി പത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കുന്നുവെന്നത് ഇതില്‍ പ്രധാനം. ഇവര്‍ക്ക് വര്‍ഷം 12,500 രൂപ വരെ ഇളവുണ്ടാകും. മൂന്നര ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് ഇനി 2,575 രൂപ നികുതി നല്കിയാല് മതി. നിലവിലിത് 5,150 രൂപ.
അതേസമയം, 50 ലക്ഷം മുതല്‍ ഒരു കോടി വരെ വരുമാനമുള്ളവര്‍ക്ക് നികുതിക്കു പുറമെ 10 ശതമാനം സര്‍ചാര്‍ജ് നല്‍കേണ്ടിവരും. ഒരു കോടിക്കു മുകളിലിത് 15 ശതമാനം. സ്ഥാവരസ്വത്തിന്റെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് രണ്ടായി കുറയും. രണ്ടു വര്‍ഷത്തിനു മുകളില്‍ 20 ശതമാനം നികുതി നല്‍കണം. എന്നാല്‍, പുനര്നിക്ഷേപത്തിനോ, വിവിധ ഇളവുകള്‍ക്കോ അര്‍ഹതയുണ്ടാകും.
നികുതി വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഒരു പുറത്തിലുള്ള അപേക്ഷാ ഫോം കൊണ്ടുവരും. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്ക്കാണിത്. ഇത്തരം ഫോമില്‍ ആദ്യമായി അപേക്ഷ നല്‍കുന്നവര്‍ക്ക് സുക്ഷ്മ പരിശോധയുണ്ടാകില്ല. എന്നാല്‍, വ്യവസായികളടക്കമുള്ളവര്‍ക്ക് ഈ സേവനം ഉപയോഗിക്കാനാകില്ല.
2017-18 വര്‍ഷത്തെ നികുതി വിവരം സമര്‍പ്പിക്കാത്തവര്‍ ഡിസംബര്‍ 31നു മുന്‍പ് നല്കിയാല് 5,000 രൂപ മാത്രമേ പിഴയീടാക്കു. അതിനു ശേഷമെങ്കില്‍ പിഴ 10,000 രൂപ. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 1,000 രൂപ. നികുതി പുനപരിശോധനയുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: