ആലത്തൂര്‍: ആലത്തൂര്‍ നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ ഉണ്ടായ വന്‍ കവര്‍ച്ച പോലീസിന് തലവേദനയാകുന്നു. ഇതിനു് മുന്‍പ് രണ്ട് സ്വര്‍ണ കടകളില്‍ ഉണ്ടായ മോഷണത്തിന് സമാനമായ രീതിയിലാണ് ഇവിടെയും മോഷണം നടന്നിരിക്കുന്നത്. മാത്രമല്ല അവിടെ നിന്ന് ലഭിച്ച പോലെ ഇവിടെയും മോഷ്ടാക്കളുടെദൃശ്യം സി.സി.ടി.വി.യില്‍ ലഭ്യമായിട്ടുണ്ട്. സ്വര്‍ണ കടകളില്‍ നടന്ന മോഷണത്തിലെ പ്രതികളുടെ മുഖം വ്യക്തമായിരുന്നു.
എന്നാല്‍ മൊബൈല്‍ ഷോപ്പിലെ മോഷണത്തിലെ മോഷ്ടാക്കള്‍ മുഖം മൂടി അണിഞ്ഞിരുന്നു.പുതിയ ബസ് സ്റ്റാന്‍ഡിലെ ന്യൂ സജ്ന മൊബൈല്‍സ് എന്ന സ്ഥാപനത്തിലാണ് വെള്ളിയാഴ്ച 1.50 നും 1.55 നും ഇടയില്‍ മോഷണം നടന്നത്. അഞ്ച് ലക്ഷം രൂപയുടെ മൊബൈലും ആക്സസറീസും 6000 രൂപയുമാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്.
ഇതിനു സമീപത്തെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നും ലിങ്ക് റോഡിലെ മെന്‍സ് വെയറില്‍ നിന്നുമാണ് സി.സി.ടി.വി.ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. സ്വര്ണകടകളിലെ മോഷണത്തിന് എട്ട് മാസമാകാറായിട്ടും തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ഡിസംബര്‍ 29ന് കോര്‍ട്ട് റോഡിലെ പ്രൈഡ്, ലക്ഷ്മി എന്നീ ജ്വല്ലറികളില്‍ നിന്ന് 34 പവന് സ്വര്‍ണാഭരണങ്ങളും അര ലക്ഷം രൂപയുമാണ് നഷ്ടപെട്ടത്. കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് പോലീസ് നിഗമനത്തിലെത്തിയിരുന്നു.
മോഷ്ടാക്കളുടെ ദൃശ്യം ലക്ഷ്മി ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറയില്‍ നിന്ന് ലഭിച്ചിരുന്നു.ഇവര്‍ക്ക് ഉത്തരേന്ത്യക്കാരുടെ മുഖച്ഛായയാണ്. മോഷണം നടന്നതിന്റെ രണ്ട് ദിവസം മുമ്പ് ഹിന്ദി സംസാരിക്കുന്ന തുണിക്കച്ചവടക്കാര്‍ സംശയാസ്പദമായി രണ്ട് ജ്വല്ലറികളിലും എത്തിയിരുന്നു.
വിവിധ സ്ഥലങ്ങളില്‍ തമ്പടിച്ച് കച്ചവടവും ജോലിയും ചെയ്യുന്ന നൂറോളം ഉത്തരേന്ത്യക്കാരെ പോലീസ് ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ സി.സി.ടി.വി.ദൃശ്യം ഉപയോഗിച്ച് അവരുടെ ഗ്രാമത്തിലെത്തി വരെ തെളിയിക്കുന്ന സാഹചര്യമുണ്ട്.
എന്നാല്‍ ഈ കേസിന് ഇതുവരെയും യാതൊരു തുമ്പും പോലീസിന് കണ്ടെത്താന്‍ കഴിയാത്തത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സി.സി.ടി.വി ദ്യശ്യം കിട്ടിയിട്ടു പോലും ശാസ്ത്രീയമായ അന്വോഷണത്തിന് പോലീസിന് സാധിച്ചിട്ടില്ല.
അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലാത്തതില് സ്വര്‍ണ കട ഉടമകള്‍ അസംതൃപ്തരാണ്. ഇതുപോലെ ഈ കേസും ആകുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: