കഞ്ചിക്കോട് :ഐഐടിയുടെ ട്രാന്‍സിറ്റ് ക്യാമ്പസിന്റെ നിര്‍മാണം വര്‍ഷാവസാനം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍.
ആഗസ്റ്റില്‍ത്തന്നെ ട്രാന്‍സിറ്റ് ക്യാമ്പസിലെ ലാബുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയ 317.87 ഏക്കര്‍ ഭൂമിയില്‍ 70 ഏക്കര്‍ സ്ഥലത്താണ് ട്രാന്‍സിറ്റ് ക്യാമ്പസ് നിര്‍മിക്കുന്നത്.
നിര്‍മാണ പ്രവൃത്തി ഇതിനകം ആരംഭിച്ചു. കോഴിപ്പാറയിലെ അഹല്യ ക്യാമ്പസിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. താല്‍ക്കാലിക ക്യാമ്പസില്‍ നിന്ന് സ്ഥിരം ക്യാമ്പസിലേക്ക് മാറും മുമ്പുള്ള ഇടക്കാല ക്യാമ്പസിനെയാണ് ട്രാന്‍സിറ്റ് ക്യാമ്പസ് എന്ന് വിളിക്കുന്നത്.
കഞ്ചിക്കോട് വെസ്റ്റ് വില്ലേജില്‍ അഞ്ഞൂറിലധികം ഏക്കര്‍ സ്ഥലത്താണ് ഐഐടിയുടെ സ്ഥിരം ക്യാമ്പസ് സ്ഥാപിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് ഭൂമി ഏറ്റെടുത്ത് നല്‍കുന്നത്. ജനവാസം കുറഞ്ഞ മേഖലയായതിനാല്‍ ഭൂമി ഏറ്റെടുക്കലിന് കാര്യമായ തടസ്സമുണ്ടായില്ല. എന്നാല്‍ ഇടയ്ക്കുള്ള ചില സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ചിലര്‍ വിസമ്മതിച്ചിരുന്നു.
2014 ജൂലൈയില്‍ കേന്ദ്ര ബജറ്റിലാണ് പാലക്കാടടക്കം ആറ് സ്ഥലങ്ങളില്‍ പുതിയ ഐഐടികള്പ്രഖ്യാപിച്ചത്. ഇതില്‍ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങിയത് പാലക്കാട് ഐഐടിയാണ്. അഹല്യ ക്യാമ്പസില്‍ താല്‍ക്കാലികമായി ഐഐടി പ്രവര്‍ത്തനം തുടങ്ങി. കേന്ദ്ര മാനവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയാണ് 2015 ആഗസ്ത് മൂന്നിന് ഉദ്ഘാടനം നിര്‍വഹിച്ചത്.
പ്രഖ്യാപനം നടന്ന് ഒരു വര്‍ഷമായപ്പോള്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞു. സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ശാഖകളില്‍ ബിടെക് കോഴ്സുകളാണ് ആരംഭിച്ചത്. പ്രതിവര്‍ഷം നാല് ശാഖകളിലായി 120 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. അപ്ലൈഡ് മെക്കാനിക്സ്, കെമിസ്ട്രി, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ്, സര്‍വേയിങ്, ഇന്നൊവേഷന് ലാബുകള്‍ ഇതിനകം സജ്ജീകരിച്ചു.
ലാബുകള്‍ ആഗസ്തില്‍ തന്നെ സ്വന്തം സ്ഥലത്ത് സജ്ജീകരിക്കാനാണ് ശ്രമം.കഞ്ചിക്കോട് വെസ്റ്റില്‍ തയ്യാറാക്കുന്ന ട്രാന്‍സിറ്റ് ക്യാമ്പസില്‍ ക്ലാസ് മുറികള്‍, ലാബുകള്‍, ഹോസ്റ്റലുകള്‍, അഡ്മിനിസ്ട്രേറ്റിവ് വിഭാഗം എന്നിവയാണ് തയ്യാറാക്കുക. സ്ഥിരം ക്യാമ്പസ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ട്രാന്‍സിറ്റ് ക്യാമ്പസിനെ ഓഡിറ്റോറിയം, ഹോസ്റ്റല്‍ എന്നീ സൗകര്യങ്ങളുള്ള കോംപ്ലക്സാക്കി മാറ്റും.
500 ഏക്കര്‍ സ്ഥലത്ത് 3000 കോടി രൂപ ചെലവിലാണ് ഐഐടി സ്ഥാപിക്കുക. രാജ്യത്തെ ആദ്യത്തെ ഐഐടി പശ്ചിമബംഗാളിലെ ഖരഗ്പൂരിലാണ് 1951ല്‍ സ്ഥാപിച്ചത്. തുടര്‍ന്ന് മുംബൈ, കാണ്‍പൂര്‍, മദ്രാസ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഐഐടികള്‍ സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: