ഞാനാദ്യം കണ്ട സിനിമ ‘യാചകന്’ ആണെന്നാണ് ജ്യേഷ്ഠന്മാര് പറഞ്ഞിട്ടുള്ള അറിവ്. കൈക്കുഞ്ഞായിരുന്ന ഞാന്‍ അവരുടെയും അമ്മയുടെയും മടിയില്‍ മാറിമാറിയിരുന്നും ഉറങ്ങിയുമാണത്രെ ആ ചലച്ചിത്രദൈര്ഘ്യം താണ്ടിയത്. ഓര്‍മയില്‍ ഒരു ഫ്രെയിംപോലും സ്വാഭാവികമായും ഇല്ല. ‘ജീവിതനൗക’ക്കും മറ്റും കൈവന്നതുപോലെ പുനഃപ്രദര്ശനത്തിനുള്ള ഊഴം ഈ ചിത്രത്തിനുണ്ടായതുമില്ല. തന്മൂലം ചിത്രം വീണ്ടും കാണുവാന്‍ കഴിഞ്ഞില്ല.
‘യാചകന്’ എന്ന ചിത്രത്തെക്കുറിച്ച് ഒരു പരാമര്‍ശം കേള്‍ക്കുന്നത് ചിറയിന്‍കീഴില്‍ നടന്ന ഒരു സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ്. സമ്മേളനത്തില്‍ നടന് എം.ജി. സോമന് അതിഥിയായിരുന്നു. കൊല്ലത്തെ ചിത്രീകരണസ്ഥലത്തുനിന്നും സോമന് തിടുക്കപ്പെട്ട് ഓടിയെത്തുമ്പോള്‍ അല്‍പ്പം വൈകി. യോഗം ആരംഭിച്ചുകഴിഞ്ഞിരുന്നു.
സാംസ്കാരിക-സാമൂഹ്യധാരയിലെ ആചാര്യസ്ഥാനീയനായ എം.പി. മന്മഥന് സാര്‍ അപ്പോള്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. അന്നത്തെ മുഖ്യധാരയിലെ മുന്‍നിര താരമായ സോമന് വന്നിറങ്ങുമ്പോള്‍ സദസ്സിന്റെ ശ്രദ്ധ അദ്ദേഹത്തില്‍ നിന്നും തെന്നി സോമനിലേക്കായി.
ആരവവും കൈയടിയും മന്മഥന് സാറിന്റെ പ്രസംഗത്തിന്റെ ധാര മുറിച്ചു. സോമന് വേദിയില്‍ ഉപവിഷ്ടനായശേഷം പ്രസംഗം തുടരുമ്പോള്‍ തനിക്കതില്‍ തോന്നിയ ഈര്‍ഷ്യ അദ്ദേഹം മറയില്ലാതെ പരാമര്‍ശിക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ സിനിമാതാരങ്ങളോടുള്ള അന്ധമായ ആരാധനയോടുള്ള നീരസം ആ വാക്കുകളില്‍ ഉണ്ടായിരുന്നു.
തന്റെ ഊഴമെത്തിയപ്പോള്‍ അതിനോടു കൃത്യമായി പ്രതികരിച്ചുകൊണ്ടാണ് സോമന് സംസാരം തുടങ്ങിയത്.”മനഃസാക്ഷിയും സ്്രതീലോകനീതി, കാലം മാറുന്നു’ തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തില്‍ സംവിധാനം ചെയ്ത് ആര്. വേലപ്പന്‍നായര്‍, അവയ്ക്കു മുന്‍പേ സംവിധാനം ചെയ്ത ‘യാചകന്’ എന്നൊരു ചിത്രമുണ്ട്. കൊട്ടാരക്കരച്ചേട്ടനും എസ്.പി ആശാനും മുതുകുളംസാറും മിസ് കുമാരിയും ആറന്മുള പൊന്നമ്മയും മറ്റും അഭിനയിച്ച ആ ചിത്രത്തില്‍ നായകനായഭിനയിച്ചത് ആദരണീയനായ സാംസ്കാരിക ആചാര്യന് നമ്മുടെ ഈ എം.പി. മന്മഥന് സാറാണ്. ‘യാചകന്’ ചിത്രം വിജയിക്കുകയും അദ്ദേഹം ചലച്ചിത്രാഭിനയം തുടരുകയും ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ എനിയ്ക്കു ലഭിക്കുന്ന ഈ ജനശ്രദ്ധയും പരിഗണനാപരിവേഷവും അങ്ങേയ്ക്കു ലഭിക്കുമായിരുന്നു. അങ്ങിെന സംഭവിക്കാതെ പോയതിന് എന്നോടോ, എന്റെ വര്ഗ്ഗത്തോടോ നിഷ്കളങ്കമായ ആരാധനയുടെ പേരില്‍ ഈ സദസ്സിനോടോ അങ്ങയെപ്പോലെ ജ്ഞാനിയായ ഒരാള്‍ നീരസപ്പെടരുത്…”
മന്മഥന്‍സാറിനെ സോമന്റെ ഈ പ്രതികരണം അല്പം വിമ്മിഷ്ടപ്പെടുത്തി. അതദ്ദേഹത്തിന്റെ മുഖത്ത് കനമായി തൂങ്ങുകയും ചെയ്തു.അന്നാണ് എം.പി. മന്മഥന്‍സാറിന്റെ പൂര്‍വ്വാശ്രമ ജീവിതത്തില്‍ ചലച്ചിത്രാഭിനയത്തിന്റെ ഒരൂഴം ഉണ്ടായിരുന്നുവെന്ന വിവരം ഞാനും സദസ്സിലും വേദിയിലും ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും അറിയുന്നത്…
‘ജീവിതനൗക’ ഒഴികെ 1951 മുതല്‍ മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ‘യാചകന്’ അടക്കമുള്ള മറ്റ് അഞ്ച് ചിത്രങ്ങളെക്കുറിച്ചും (നവലോകം, കേരളകേസരി, രക്തബന്ധം, വനമാല) ഇത്തരം പാര്ശ്വകഥകളാണ് പറയുവാനുള്ളത്. അവയേ പറയുവാനുള്ളൂ. അതിനപ്പുറമുള്ള ചലച്ചിത്രവിചാരണയ്ക്കുള്ള മേന്മ ഈ ചിത്രങ്ങളൊന്നും പേറിയിരുന്നില്ല. മലയാള സിനിമയുടെ ആദ്യപാദത്തിലെ പല ചിത്രങ്ങളെക്കുറിച്ചും ആധികാരികമായ വിശദാംശങ്ങള്‍ ലഭ്യമല്ല എന്നത് ചരിത്രരചനയിലെ വിഷമസന്ധിയാണ്. നാമമാത്രമായെങ്കിലും ചരിത്രത്തിന്റെ സമഗ്രതക്കുവേണ്ടി ആ ചിത്രങ്ങളെയും പരാമര്ശനിരയില് ഉള്‍പ്പെടുത്താതെയും വരും. ചിത്രത്തെ സംബന്ധിച്ച അംശങ്ങള്‍ ലഭ്യമല്ലാത്തപ്പോള്‍ ശേഖരിക്കുവാനാകുന്ന പാര്ശ്വകഥകളിലേക്കു തൂലിക കുതിക്കുന്നത് അത്രയുമെങ്കിലും പരാമര്‍ശ ഓഹരി അവയ്ക്കു ലഭിക്കട്ടെ എന്ന കരുതലിലാണ് എന്നുകൂടി ഏറ്റുപറഞ്ഞുകൊള്ളട്ടെ.
ആ കാലഘട്ടത്തില്‍ പ്രചാരം നേടിയ ഒരു നാടകമായിരുന്നു ‘ഹോട്ടല്‍ക്കാരി’. അതടക്കം പതിനെട്ടോളം നാടകങ്ങളുടെ രചയിതാവായിരുന്ന ചേര്ത്തലക്കാരന് പി.എസ്. നായരായിരുന്നു ‘യാചക’ന്റെ കഥയും സംഭാഷണവും എഴുതിയത്. കാലടിയില്‍ പി.എസ്. നായര്‍ സ്വന്തമായി ഒരു നഴ്സിംഗ് ഹോം നടത്തിയിരുന്നു സിനിമയ്ക്കു വേണ്ടി. (അതാണ് സിനിമയ്ക്കു വേണ്ടതെന്നത് തന്കര്ത്താക്കളുടെ കണ്ടെത്തല്‍!) തട്ടിക്കൂട്ടിയുണ്ടാക്കിയതായിരുന്നു ചിത്രത്തിന്റെ കഥ.
ധനികപുത്രിയായ സതിയും അവളുടെ ജീവിതത്തിലേക്കു പ്രത്യക്ഷത്തില്‍ യാചകന്റെ രൂപത്തില്‍ കടന്നുവരുന്ന ചന്ദ്രനുമാണ് നായികാനായകന്മാര്. ധനാഢ്യനായ സുധാകരനാണ് സതിയുടെ രക്ഷകര്‍ത്താവ്. അയാള്‍ക്കൊരു സഹോദരനുണ്ടായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊള്ളക്കാര്‍ ആ സഹോദരനെ തട്ടിക്കൊണ്ടുപോയി. എന്നെങ്കിലും അവന് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ എല്ലാ വിശേഷാവസരങ്ങളിലും സദ്യ ഒരുക്കുമ്പോള്‍ അയാള്‍ ഒരില ഒഴിച്ചിടും.
തിരുവോണനാളില്‍ ആശ്രിതര്‍ക്ക് സദ്യയൊരുക്കുമ്പോഴും സുധാകരന് അപ്രകാരംചെയ്തു. സദ്യ നടക്കുമ്പോള്‍ യുവാവായ ഒരു യാചകന് തെരുവിലൂടെ വരുന്നത് കാണുന്ന സതി അയാളെ വിളിച്ചുകൊണ്ടുവന്ന് സദ്യയ്ക്കിരുത്തുന്നു. അവള്‍ക്കയാളോട് ഒരു താല്പര്യം തോന്നുന്നു. അയാള്‍ ഒരു ഗായകന്കൂടിയാണെന്നറിയുമ്പോള് താല്പര്യമേറുന്നു. അയാള്‍ക്ക് റേഡിയോയില്‍ പാടാനൊരവസരം കിട്ടി. പാട്ടുകേട്ട സുധാകരന് അയാളോട് വാത്സല്യം തോന്നി. അയാളെ സഹായിക്കുവാന്‍ ഒരു നാടകം നടത്തുവാനനുവദിക്കുകയും നാടകത്തില്‍ അഭിനയിക്കുവാന്‍ സതിയ്ക്കു സമ്മതം നല്‍കുകയും ചെയ്യുന്നു. സ്വാഭാവികമായും സതിയുടെ ചന്ദ്രനോടുള്ള താല്പര്യം അനുരാഗമായി മാറുന്നു. ഇങ്ങനെ തുടങ്ങുന്ന കഥ ഒരുപാട് കുഴമറിച്ചിലുകള്ക്കുശേഷം എവിടെയോ ചെന്നവസാനിക്കുന്നു!
കൈരളി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. ആലപ്പുഴക്കാരനായ ആര്. വേലപ്പന്‍നായരായിരുന്നു സംവിധായകന്. ഛായാഗ്രഹണം നിര്‍വഹിച്ചതും അദ്ദേഹംതന്നെ. അഭയദേവിന്റെ 16 ഗാനങ്ങള്‍ക്കും ബോധേശ്വരന്റെ ‘കേരളഗാന’ത്തിനും ജി. ശങ്കരക്കുറുപ്പിന്റെ വിഖ്യാതമായ ‘ഇന്നു ഞാന്‍, നാളെ നീ’ കവിതയ്ക്കും (അന്തര്നാടകഭാഗത്തില്) സംഗീതം പകര്‍ന്നത് എസ്.എന്‍. ചാമിയാണ്. മെഹബൂബും ട്രിച്ചി ലോകനാഥനും പി. ലീലയും സി.കെ. രേവമ്മയുമായിരുന്നു പിന്നണി പാടിയത്).
വിഖ്യാത വിദ്യാഭ്യാസ വിചക്ഷണയായിരുന്ന ഡോ. രേവമ്മ, കവിയൂര്‍ രേവമ്മ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ശെമ്മാങ്കുടിയുടെ ശിഷ്യയായാണ് അവര്‍ സംഗീതത്തില്‍ നിലയുറപ്പിച്ചത്. പന്തിയില്‍ ശ്രീധരനായിരുന്നു ഭര്‍ത്താവ്. അദ്ദേഹം മദിരാശിയിലെ പ്രമുഖ ഹോട്ടലുടമയായിരുന്നു. ജീവിതനൗക, ചേച്ചി, ശശിധരന്, നവലോകം തുടങ്ങിയ ചിത്രങ്ങളില്‍ രേവമ്മ പിന്നണി പാടിയിട്ടുണ്ട്. കവിയൂര്‍ സ്കൂളിലെ ഒരു ചടങ്ങില്‍ താനൊരു ഗാനമാലപിച്ചത് കേട്ടിഷ്ടപ്പെട്ട രേവമ്മ തന്റെ തലയില്‍ കൈവച്ചനുഗ്രഹിച്ചത് കലാജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും നിര്‍വൃതിദായകമായ നിമിഷമായിരുന്നുവെന്ന് കവിയൂര്‍ പൊന്നമ്മ പറയാറുണ്ട്.
ഉച്ചസ്ഥായിയിലായിരുന്നു ചിത്രത്തിലെ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും. അഭിനയത്തിന് ചായ്വ് ഏറെയും നാടകമട്ടത്തോടും. എന്നാല്‍ അതിലിടപെടുവാനോ രസദായകമായി മിനുക്കിയെടുക്കുവാനോ മന്മഥന് സാറോ ചിത്രത്തില്‍ സഹകരിച്ച മറ്റാരെങ്കിലുമോ ശ്രമിച്ചില്ല, ശ്രദ്ധിച്ചില്ല. മലയാള നാടകവേദിയില്‍ അമ്പലപ്പുഴ സിസ്റ്റേഴ്സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മീനാക്ഷിയും സരസ്വതിയും ‘യാചക’നില് അഭിനയിച്ചിരുന്നു. കൂട്ടത്തില്‍ വൈക്കം രാജുവും.
കൃത്രിമത്വം നിറഞ്ഞുനിന്ന ‘യാചകന്’ പ്രേക്ഷകപ്രീതി നേടാതെ പിന്തള്ളപ്പെട്ടത് സ്വാഭാവികം.
***** ***** ***** *****
ആലുവയിലെ ഒരു കാലഘട്ടത്തിലെ പ്രശസ്തമായ രണ്ടു സ്ഥാപനങ്ങളായിരുന്നു പങ്കജ് മോട്ടോഴ്സും പങ്കജ് തീയേറ്ററും. അവര്‍ക്ക് മൂന്നാറിലും അതേ പേരില്‍ ഒരു തിയേറ്ററുണ്ടായിരുന്നതായാണറിവ്. പങ്കജ്സ്വാമി എന്ന പേരിലാണ് സ്ഥാപനയുടമ അറിയപ്പെടിരുന്നത്. ആ വിളിപ്പേര് മോട്ടോര്‍ സ്ഥാപനവും തീയേറ്ററും ഉടമസ്ഥതയില്‍നിന്ന് കൈമറിഞ്ഞുപോയ ശേഷവും, പിന്‍തലമുറകള്‍ക്കു പതിഞ്ഞുപോന്നു. ഞങ്ങളുടെ തലമുറയില്‍പ്പെട്ട കൃഷ്ണന് എന്ന ചങ്ങാതിക്കും ആ വിളിപ്പേര് പൈതൃകമായി പകുത്തുകിട്ടിയിരുന്നു. കൃഷ്ണനാണ് ഭരതന്റെ സംവിധാനത്തില്‍ ഡേവിഡ് കാച്ചപ്പിള്ളിക്കും ഇന്നസെന്റിനുമൊപ്പം ‘ഓര്‍മ്മയ്ക്കായി’ എന്ന ചിത്രം നിര്‍മിച്ചത്. ഒരുവര്‍ഷം നല്കപ്പെടുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ഒരു ചിത്രം സ്വന്തമാക്കുക എന്ന അപൂര്വ്വസ്ഥാനം നേടി ‘ഓര്‍മ്മയ്ക്കായി’. കൃഷ്ണന് ഇന്ന് ഞങ്ങള്‍ക്കൊപ്പമില്ല. കാലാവധി തികയ്ക്കുവാന്‍ നില്‍ക്കാതെ സ്വയം ജീവിതത്തോടു വിടപറഞ്ഞു. ചങ്ങാതി സമയതീരത്തിനപ്പുറത്തേയ്ക്കു വിടവാങ്ങിയത് മനസ്സിലിപ്പോഴും നെമ്പരം ബാക്കി നീറ്റുന്ന ഒരു ദുഃഖകഥ.
പങ്കജ് മോട്ടോഴ്സിന്റെ മാനേജരായിരുന്ന എന്‍.കെ. കരുണാകരന്‍പിള്ളയാണ് ‘രക്തബന്ധം’ എന്ന ചിത്രം നിര്‍മ്മിച്ചത്. തമിഴില്‍നിന്നും വന്ന വേലന്സ്വാമിക്കവിയായിരുന്നു സംവിധായകന്. കെ. ചെല്ലപ്പന്‍പിള്ളയും എസ്.എന്‍. സ്വാമിയും (ഇന്നത്തെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയല്ല!) അന്ന് രചന നിര്‍വഹിച്ചത്.
ഒരു സുന്ദരിയും അവളുടെ രണ്ടു കാമുകന്മാരുമാണ് രക്തബന്ധത്തിലെ മുഖ്യകഥാപാത്രങ്ങള്‍. കാമുകന്മാര് തമ്മില്‍ കാമിനിയെ ചൊല്ലി മത്സരം; സ്പര്‍ധ. അതു മൂത്ത് അവരിലൊരുവന് മരിച്ചതായി കണ്ട് പോലീസ് രണ്ടാമനെ കാരാഗൃഹത്തിലാക്കുന്നു. പ്രതിയോഗി അഴിക്കുള്ളിലായ സന്തോഷത്തില്‍ കൊല്ലപ്പെട്ടതായി പോലീസ് കണ്ടെത്തിയ ആദ്യകാമുകന് മറവിട്ട് ഉയിര്‍ത്തുവന്നു നായികയെയും കൂട്ടി മദിരാശിയിലേക്കു പോകുന്നു. അവളെ ചലച്ചിത്രനടിയാക്കുകയായിരുന്നു ലക്ഷ്യം! അതിനിടയില്‍ കഥയില്‍ കടന്നുവരുന്ന ഒരു ഡോക്ടര്‍ അതിധനികനാണെന്നറിയുമ്പോള് നീചകാമുകന് സുന്ദരിയെ അയാള്‍ക്കു സമര്‍പ്പിച്ച് സ്വത്ത് കൈക്കലാക്കുവാന്‍ കുതന്ത്രം മെനയുന്നു. അവിടെ മറ്റൊരു ചെറുപ്പക്കാരന് കടന്നുവരുമ്പോള്‍ സുന്ദരിയുടെ ചായ്വ് അയാളോടാകുന്നു.
ആ ഒഴിവില്‍ ഡോക്ടര്‍ക്ക് അടുക്കുവാനും മറ്റൊരുവളെ കഥാകൃത്ത് നിരത്തുന്നു. ജയിലറയില്‍നിന്നും പുറത്തിറങ്ങിയ കാമുകന് തന്റെ നിരപരാധിത്വം തെൡയിച്ചു നീചകാമുകന്റെ വ്യാജം പുറത്തുകൊണ്ടുവരാന്‍ തുടങ്ങുന്നു. ഇതിനിടയില്‍ നാട്ടില്‍നിന്നു വന്ന നായികയുടെ ബന്ധത്തില്‍പ്പെട്ട ഒരുവളുമായി ഡോക്ടര്‍ അടുക്കുന്നു. ഇനിയെങ്ങോട്ടു തിരിയും കഥാഗതി എന്ന അമ്പരപ്പിനു പരിഹാരമായി കഥയില്‍ മുഖംമൂടികള്‍ ആപല്രക്ഷകരായി അവതരിക്കുന്നു. മുഖംമൂടികളും നീചകഥാപാത്രങ്ങളും പോലീസും തമ്മിലുള്ള ഒളിച്ചുകളിയ്ക്കൊടുവില് എങ്ങിനെയോ കഥയൊടുങ്ങി സ്ക്രീനില്‍ ‘സമാപ്തം’ എന്ന വാക്കു തെളിയുന്നു; ശുഭം.
ശുചീന്ദ്രത്തു ജനിച്ച് തെന്നിന്ത്യന്‍ നാടകത്തിലും സിനിമയിലും ഒരുപോലെ പുകള്‍ നേടിയ എസ്.ഡി. സുബ്ബയ്യ, ചേര്‍ത്തല വാസുദേവക്കുറുപ്പ്, എസ്.ജെ. ദേവ് (രാജന് പി. ദേവിന്റെ പിതാവ്), കാലായ്ക്കല്‍ കുമാരന്, വൈക്കം രാജു, എന്‍.എന്‍. പിഷാരടി, ഓമന, മീനാക്ഷി, രാജമ്മ, സരസ്വതി, മാലതി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍. സരസ്വതിയും മാലതിയും ചേര്‍ന്ന ‘ലസി സിസ്റ്റേഴ്സ്’ എന്ന പേരില്‍ കഥാപ്രസംഗ രംഗത്തു പ്രസിദ്ധരായിരുന്നു. വൈക്കം രാജു ‘യാചകനി’ലും അഭിനയിച്ചിരുന്നു.
അഭയദേവും തുമ്പമണ്‍ പത്മനാഭന്കുട്ടിയും എഴുതിയ ഗാനങ്ങള്‍ക്ക് എം.എസ്. സുബ്ബയ്യാ നായിഡുവാണ് സംഗീതം പകര്‍ന്നത്. എം.എസ്. മാലതിയും വി.എസ്. ദേവകിയുമായിരുന്നു ഗായകര്‍. ആര്.ജി. പിള്ള ഛായാഗ്രഹണം നിര്‍വഹിച്ച ‘രക്തബന്ധ’ത്തിലൂടെയായിരുന്നു പിന്നീട് വിഖ്യാത നിര്‍മ്മാതാവായി മാറിയ ആര്.എസ്. പ്രഭുവിന്റെ ചലച്ചിത്ര രംഗപ്രവേശം.
‘രക്തബന്ധ’ത്തിനുശേഷം കരുണാകരന്‍പിള്ള ശോഭന പരമേശ്വരന്‍നായരുടെ ‘നിണമണിഞ്ഞ കാല്പാടുകളി’ല്‍ നിര്മ്മാപങ്കാളിയായതായി കേട്ടിട്ടുണ്ട്. ഏതായാലും കഥാപുരുഷന് നാളുകളില്‍ ഉത്തരാശ്രമം ആലുവയില്‍ ജെഎംഎസ് എന്ന പേരില്‍ ബസ്സര്‍വ്വീസ് നടത്തിയിരുന്നതായാണറിവ്.
അടുത്ത ലക്കത്തില്‍: നവലോകം, കേരളകേസരി, വനമാല
പ്രതികരിക്കാൻ ഇവിടെ എഴുതുക: