ഇറാഖിലും സിറിയയിലും ഐഎസ് ഭീകരർ അനുദിനം സാധാരണ ജനങ്ങളെ കൂട്ടക്കൊല നടത്തുന്നതിന്റെ പര്യായമെന്നോണമാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ കാടത്തം നടനമാടുന്നത്. തങ്ങളുടെ ജിഹാദ് ഭരണത്തെ അവഗണിക്കുന്നവരെ നിഷ്ഠൂരം കൊലപ്പെടുത്തുന്ന ഇവർ ഒരുപക്ഷേ ഐഎസ് ഭീകരരേക്കാൾ ഒരുപടി മുന്നിലെന്നു വേണം കരുതുവാൻ. സ്വതന്ത്ര താലിബാൻ ഭരണകൂടം സ്വപ്നം കണ്ട് ഇവർ അഫ്ഗാനിസ്ഥാനിൽ കാട്ടിക്കൂട്ടുന്ന മനുഷ്യധ്വംസനങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.
ഇതിന് ഉത്തമ ഉദാഹരണമാണ് അഫ്ഗാനിസ്ഥാനിലെ ഗോർ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. താലിബാൻ നേതാവിനെ കൊലപ്പെടുത്തി എന്ന ആരോപിച്ച് പാവപ്പെട്ട ഒരു ചെറുപ്പക്കാരനെ തൊലിയുരിഞ്ഞാണ് താലിബാൻ ഭീകരർ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് ഫസൽ അഹമ്മദ്(21) എന്ന ചെറുപ്പക്കാരൻ താലിബാൻ ഭീകരരുടെ വാളിന് ഇരയായത്.
വീട്ടിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം സന്തോഷം പങ്കിട്ടിരുന്ന സമയത്താണ് ഭീകരർ അഹമ്മദിനെ വീട്ടിൽ നിന്നും വലിച്ച് പുറത്തേക്കിട്ടത്. താലിബാൻ നേതാവിനെ കൊലപ്പെടുത്തിയ ഇവൻ ജീവിക്കാൻ ഇനി അർഹനല്ല എന്ന് ചുറ്റും കൂടി നിന്നവരോടായി പറഞ്ഞ് കൊണ്ട് അഹമ്മദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അഹമ്മദിന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ജീവനോടെ കശാപ്പ് കത്തി ഉപയോഗിച്ച് തൊലിയുരിയുകയുമായിരുന്നു. അഹമ്മദിന്റെ കരച്ചിൽ ബന്ധുമിത്രാദി ജനങ്ങൾക്ക് കണ്ണീർ പൊഴിക്കുവാൻ ഇടയാക്കിയെങ്കിൽ ഭീകരർക്ക് ആനന്ദലഹരിയാണ് നൽകിയത്. ശരീരത്തിലെ തൊലിയുരിഞ്ഞ് ഹൃദയം പുറത്തെടുത്താണ് ആ നരാധമന്മാർ ആ യുവാവിനെ മരണത്തിലേക്ക് തള്ളിയിട്ടത്. റോഡരികിൽ കിടന്നിരുന്ന ശവശരീരത്തെ തൊടാൻ പോലുമുള്ള അർഹത വീട്ടുകാർക്ക് നിഷേധിക്കുകയും ചെയ്തു.
ഇത്തരത്തിൽ നിരവധി കൊടും ക്രൂരതകളാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്വാധീന മേഖലകളിൽ അരങ്ങേറുന്നത്. നിസാര കുറ്റങ്ങൾക്ക് പോലും സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുന്ന പതിവും താലിബാൻ സ്വീകരിക്കുന്നത് ഏറെ പൈശാചികത നിറഞ്ഞതാണ്. 2001 വരെ അഫ്ഗാനിസ്ഥാനിൽ താലിബാൻ നടപ്പിലാക്കിയ ക്രൂരതകൾ എളുപ്പത്തിൽ പറയാനാകില്ല. 1990കളിൽ തുടങ്ങിയതാണ് പൊതുജന മധ്യത്തിൽ വധശിക്ഷ നടപ്പിലാക്കുന്നത്. എന്നാൽ 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം അമേരിക്ക ആരംഭിച്ച ഭീകര വേട്ടയിൽ നിരവധി താലിബാൻ ഭീകർ കൊല്ലപ്പെട്ടിരുന്നു. എങ്കിലും 2001നു ശേഷമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ പതിനായിരക്കണക്കിന് ജനങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
പുതിയതായി വളർന്ന് വരുന്ന യുവാക്കളും താലിബാനിലേക്ക് ആകൃഷ്ടരാകുകയാണ് ഇപ്പോൾ. യുട്യൂബിലും സാമുഹിക മാധ്യമങ്ങളിലും മറ്റും വരുന്ന ക്രൂരതകളിൽ ആവേശം കണ്ടാണ് കൂടുതൽ പേരും ഇതിലേക്ക് എത്തിപ്പെടുന്നത്. ഇതിനു പുറമെ വിശുദ്ധയുദ്ധം എന്ന കാപട്യത്തിന്റെ പേരിൽ മതഭ്രാന്തന്മാരും യുവാക്കളെ ഭീകര സംഘടനയിൽ എത്തിക്കുന്നുണ്ട്. അഫ്ഗാൻ സമൂഹത്തിനു മുന്നിൽ സർക്കാർ വെറും കോമരമാണെന്നും തങ്ങളാണ് അതികായകരെന്നും ചിത്രീകരിക്കാനാണ് താലിബാൻ ശ്രമിക്കുന്നത്. എന്നാൽ അഫ്ഗാനിസ്ഥാനിൽ അടുത്തിടെ ഗ്രാമങ്ങളിലടക്കം തുടങ്ങിയ ഭീകരവിരുദ്ധ പ്രവർത്തന പദ്ധതികൾ താലിബാന് വെല്ലുവിളി ഉയർത്തുമെന്നതിൽ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: