പാലക്കാട്: സ്ത്രീധനപീഡനത്തിന്റെ പേരില്‍ ദൂരുഹസഹാചര്യത്തില് മരണമടഞ്ഞ കോട്ടായി ഓടാനിക്കാട് വീട്ടില്‍ പരേതനായ കറുപ്പസ്വാമിയുടെയും ദേവുവിന്റെയും മകള്‍ അനിതയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരള പുലയര്‍ മഹാസഭ ജില്ലാ കണ്‍വീനര്‍ ആറുചാമി അമ്പലക്കാട് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2012 ജൂണ്‍ 22നാണ് തൂങ്ങിമരിച്ച നിലയില്‍ അനിതയെ വീട്ടില്‍ കണ്ടെത്തിയത്.അയല്‍ക്കാരനായ യുവാവിനെ പ്രണയിച്ചുവിവാഹം കഴിച്ചതിനാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കയറ്റിയിരുന്നില്ല.അനിതയും ഭര്‍ത്താവ് ശ്രീജിത്തും അനിതയുടെ വീട്ടിലായിരുന്നു താമസം.
25 പവനും അമ്പതിനായിരം രൂപയും ആവശ്യപ്പെട്ടുള്ള ഭര്‍ത്തൃവീട്ടുകാരുടെ പീഡനമുണ്ടായിരുന്നതായും പറയുന്നു.മരണത്തില്‍ ദൂരുഹതയുണ്ടെങ്കിലും പോലീസ് അധികൃതര്‍ കേസ് ആത്മഹത്യയാക്കി മാറ്റി പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇത് സംബന്ധിച്ച് എറണാകുളത്ത് പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു.
കോട്ടായി പോലീസും ജില്ലാ പോലീസും ജില്ലാ ക്രൈംബ്രാഞ്ചും ആത്മഹത്യയാണെന്ന് എഴുതി തള്ളിയ കേസ് ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ അന്വേഷണത്തില്‍ കൊലപാതകമാണെന്നും തെളിഞ്ഞിട്ടും പ്രതികളെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്. കേസന്വേഷണത്തിലെ വീഴ്ചയുമായി ബന്ധപ്പെട്ട് 23പോലീസുകാരെ സ്ഥലംമാറ്റിയിരുന്നു.
മരണത്തിനുത്തരവാദപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസിന് വീണ്ടും ബന്ധുക്കള്‍ പരാതി നല്‍കും. നടപടിയെടുക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകുമെന്ന കണ്‍വീനര്‍ മുന്നറിയിപ്പ് നല്കി. പത്രസമ്മേളനത്തില്‍ അനിതയുടെ അമ്മാവന് ഇ.കെ.വേലായുധനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: