ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകര്‍ തങ്ങളുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 28000 കോടിരുപ വിലമതിക്കുന്ന 12.75 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. എന്നാല്‍ വാര്‍ത്ത ഇന്‍ഫോസിസ് അധികൃതര്‍ നിഷേധിച്ചു.
പ്രമോട്ടര്‍മാരും കമ്പനി മാനേജ്മെന്റും തമ്മിലുളള അസ്വാരസ്യങ്ങളാണ് വില്‍പ്പനയ്ക്ക് കാരണമെന്നാണ് സൂചന. കമ്പനിയുടെ ഇപ്പോഴത്തെ നടത്തിപ്പില്‍ സ്ഥാപകര്‍ സംതൃപ്തരല്ല.
അതേസമയം, ഓഹരികള്‍ വില്‍ക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ കമ്പനിയുടെ സ്ഥാപകരിലൊരാളായ എന്‍.ആര്.നാരായണ മൂര്‍ത്തി നിഷേധിച്ചു. ഈ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപകന്മാരില് ഏറ്റവും കൂടുതല്‍ ഓഹരികളുളളത് (3.44 ശതമാനം) നാരായണ മൂര്‍ത്തിക്കും കുടുംബത്തിനുമാണ്. മറ്റൊരു സ്ഥാപകനായ നന്ദന് നിന്േകനി ഓഹരി വില്‍പ്പനയെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്‍ഫോസിസിന്റെ സിഇഒ വിശാല്‍ സിക്കക്കെതിരെ നാരായണ മൂര്‍ത്തി പരസ്യമായി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആര്.ശേഷസായി തലവനായ ബോര്‍ഡിന് മാനേജ്മെന്റിനെ ശരിയായ ദിശയില്‍ നയിക്കാന്‍ കഴിയുന്നില്ലെന്ന് നാരായണ മൂര്‍ത്തി ആരോപിച്ചു.
വിശാല്‍ സിക്കയും മുതിര്‍ന്ന എക്സിക്യൂട്ടീവുകളും വന്‍ ശമ്പളം വാങ്ങുന്നതിലും മുന്‍ സിഇഒ രാജീവ് ബന്‍സാലിന് വമ്പന്‍ പാക്കേജ് അനുവദിച്ചതിലും നാരായണമൂര്‍ത്തി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: