ന്യൂയോര്‍ക്കില്‍ റോബോട്ടുകളെ പ്രണയിച്ച ഒരു പയ്യനുണ്ടായിരുന്നു. പേര് ആന്റി റൂബിന്. വളര്‍ന്നു വലുതായപ്പോള്‍ അവന് റോബോട്ടിനേക്കാള്‍ വേഗം സഞ്ചരിച്ചു. ഒടുവില്‍, സ്മാര്‍ട്ട് ഫോണില്‍ വിപ്ലവമുണ്ടാക്കിയ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡിന്റെ പിതാവുമായി ആന്റി മാറി.
മനുഷ്യ രൂപമുള്ള റോബോട്ട് ആന്‍ഡ്രോയ്ഡിന്റെ അര്‍ത്ഥമതാണ്. റോബോട്ടിനോടുള്ള ആന്റിയുടെ പ്രണയമാണ് ഓപ്പറേറ്റിങ് സിസ്റ്റത്തിനും ആ പേര് വീഴാന്‍ കാരണം. ആന്‍ഡ്രോയ്ഡ് ഗൂഗിള്‍ ഏറ്റെടുത്തു. ഇതോടെ, ഗൂഗിളിന്റെ തലപ്പത്തേക്ക് ആന്റിയും എത്തി. സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ക്ക് 17 പേറ്റന്റും അദ്ദേഹം സ്വന്തമാക്കി.
2013 ല്‍ ആന്റി ഗൂഗിളിനോട് വിട പറഞ്ഞെങ്കിലും, തന്റെ സ്വപ്നം കൈവെടിഞ്ഞില്ല. എസന്‍ഷ്യല്‍ പ്രോഡക്ട്സ് എന്ന സ്ഥാപനം തുറന്നു. ഓരോ വര്‍ഷവും ഫോണ്‍ മാറുന്ന രീതിക്ക് മാറ്റം വരുത്തുകയായിരുന്നു ആന്റിയുടെ ലക്ഷ്യം. എസന്‍ഷ്യല്‍ എന്ന സ്മാര്‍ട്ട് ഫോണ്‍ ഇറക്കി ആന്റി, തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. ടൈറ്റാനിയത്താല് നിര്‍മ്മിച്ച ബോഡിയുമായി എസന്‍ഷ്യല്‍ ഏറെക്കാലം നിലനില്‍ക്കുമെന്നാണ് പ്രതീക്ഷ. പോറലോ, പൊട്ടലോ ബോഡിക്കുണ്ടാവില്ലെന്ന് സാരം.
ഓരോ വര്‍ഷവും എത്തുന്ന പുതിയ ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ പാകത്തിന് എല്ലാവിധ സൗകര്യങ്ങളോടെയാണ് ആന്റിയുടെ എസന്‍ഷ്യല്‍ എത്തിയത്. കൂടാതെ ഒട്ടേറെ സവിശേഷതകള്‍ ഈ ഫോണിനുണ്ട്. 64 ബിറ്റ് സ്നാപ്ഡ്രാഗണ്‍ 835 ഒക്ടാകോര്‍ പ്രോസസറാണിതിന്. അതിനാല്‍ മിന്നല്‍ വേഗമായിരിക്കും. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും. 13 എംപി റിയര്‍ ക്യാമറയും 8 എംപി മുന്‍ ക്യാമറയുമുണ്ട്. കുറഞ്ഞ വെളിച്ചത്തില്‍ കൂടുതല്‍ പ്രകാശം ക്രമീകരിച്ച് പടമെടുക്കാന്‍ ശേഷിയുള്ള മോണോ ക്രോം സെന്‍സറുകള്‍ ഇതിനുണ്ട്. 360 ഡിഗ്രി ക്യാമറയാണ് പ്രത്യേകത.
3040 എംഎഎച്ചാണ് ബാറ്ററി.ആന്‍ഡ്രോയ്ഡ് നൂഗ 7.1.1 വെര്‍ഷനാണ് ഓപ്പറേറ്റിങ് സിസ്റ്റം. 48,400 രൂപയാണ് അമേരിക്കയിലെ വില. താമസിയാതെ ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയിലുമെത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: