കാണുന്നത് മാത്രമല്ല സത്യം. അതിലേറെ കാര്യങ്ങള്‍ പലയിടത്തും ഒളിഞ്ഞിരിപ്പുണ്ട്. ആ സത്യങ്ങള്‍ ഒരൊറ്റ ക്യാമറ ക്ലിക്കില്‍ നമുക്ക് മുന്നിലെത്തിയാലോ? ഗൂഗിള്‍ ലെന്‍സ് എന്ന ഗൂഗിളിന്റെ പുതിയ ആപ്പ് അത്തരമൊരു വിപ്ലവത്തിന് തുടക്കമിടുകയാണ്. നമ്മള് കണ്ണ് കൊണ്ട് കാണുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ ലെന്‍സ് നമ്മളെ കാണിക്കുമെന്ന് സാരം.
വഴിയിലൂടെ നടന്നുപോകുമ്പോഴായിരിക്കും നിങ്ങള്‍ ഒരു റസ്റ്റോറന്റ് കാണുക. പേരും ഫോണ്‍ നമ്പറുമൊക്കെ അതിന്റെ ബോര്‍ഡില്‍ തന്നെ കാണും. പക്ഷേ, മറ്റു വിവരങ്ങള്‍ അറിയണമെങ്കില്‍ ആരോടെങ്കിലും ചോദിക്കണം. ഇവിടെയാണ് ഗൂഗിള്‍ ലെന്‍സ് അതിന്റെ പണിയെടുക്കുക. ആരോടും ചോദിക്കാതെ തന്നെ ആ സ്ഥാപനത്തിന്റെ മുഴുവന്‍ വിവരങ്ങളും ലെന്‍സ് സ്മാര്‍ട്ട് ഫോണില്‍ കാണിച്ചു തരും. പക്ഷേ, ഒരു കാര്യം നമ്മള് ചെയ്യണം. സ്മാര്‍ട്ട് ഫോണെടുത്ത് റസ്റ്റോറന്റിന്റെ ബോര്‍ഡിന് നേരെ പിടിച്ച് ഒരു പടം പിടിക്കണമെന്ന് മാത്രം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) സാങ്കേതികവിദ്യയില്‍ സെര്‍ച്ചില്‍ വിപ്ലവം സൃഷ്ടിച്ചാണ് ഗൂഗിള്‍ ഇത് സാധ്യമാക്കുന്നത്. ഇനിയുമുണ്ട് വിശേഷങ്ങള്‍. നിങ്ങള്‍ക്ക്, ഒരു പൂവോ ചെടിയോ കണ്ടിട്ട് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? സ്മാര്‍ട്ട് ഫോണില്‍ ഒരു ഫോട്ടോ എടുത്താല്‍ ഗൂഗിള്‍ ലെന്‍സ് അവ ഏതാണെന്ന് പറഞ്ഞു തരും.
ലോഗിന്‍ നെയിമും പാസ് വേഡും അറിയാത്ത വൈ ഫൈ റൂട്ടറിലേക്കും ലെന്‍സിന്റെ കണ്ണ് നുഴഞ്ഞു കയറും. വൈ ഫൈ റൂട്ടറിനു നേരെ പിടിച്ച് ഫോട്ടോ എടുക്കണമെന്ന് മാത്രം. അതുവഴി വൈ ഫൈ സേവനവും പ്രയോജനപ്പെടുത്താനാകും.
ഗൂഗിള്‍ സിഇഒ: സുന്ദര്‍ പിച്ചൈ ഗൂഗിള്‍ ലെന്‍സിന്റെ വിവരങ്ങള്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. അന്നു മുതല്‍ ഗൂഗിള്‍ പ്ളേസ്റ്റോറില്‍ ഗൂഗിള്‍ ലെന്‍സ് ആപ്പിനായി നല്ല തിരച്ചില്‍ നടക്കുന്നുണ്ട്. പക്ഷേ, ആപ്പിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: