ന്യൂദല്‍ഹി: ദേശീയ കാര്‍ഷിക വിപണിയുടെ ഇ-ട്രേഡിംഗ് പ്ലാറ്റ്ഫോമായ ഇ-നാമില്‍ കേരളവും. കേരളത്തിലെ ആറു കാര്‍ഷിക മൊത്ത വ്യാപാര വിപണികളെ ഇ-നാം നെറ്റ്വര്ക്കില് ഉള്‍പ്പെടുത്താമെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് ഉറപ്പു നല്കി. സംസ്ഥാന കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ നേട്ടമാകുന്ന സുപ്രധാന തീരുമാനം കേന്ദ്രകൃഷിമന്ത്രി അറിയിച്ചത്.
രാജ്യത്ത് നിലവിലുള്ള എപിഎംസി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) വിപണികളെ കൂട്ടിയോജിപ്പിച്ച് ദേശീയാടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുള്ള ഇ-ട്രേഡിങ് നെറ്റ് വര്‍ക്കാണ് ഇ-നാം. കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നടപടിസ്വീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ പ്രധാന ആറു പ്രധാന കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ ഇ-നാമിന്റെ പരിധിയില്‍ വരും.
തിരുവനന്തപുരം ജില്ലയിലെ ആനയറ, നെടുമങ്ങാട് കാര്‍ഷിക മൊത്തവ്യാപാര വിപണികള്‍, എറണാകുളം ജില്ലയിലെ മരട്, മൂവാറ്റുപുഴ കാര്‍ഷിക വിപണികള്‍, കോഴിക്കോട് ജില്ലയിലെ വേങ്ങേരി, വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി എന്നീ കാര്‍ഷിക വിപണികളാണ് ഇ-നാമിന്റെ നെറ്റ്വര്ക്കില് വരുന്നത്. ഇതോടെ കേരളത്തിലെ കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ രാജ്യത്ത് എവിടെയും ഉത്പന്നങ്ങള്‍ വില്ക്കാന് കഴിയും.
സംസ്ഥാനത്തെ സുഗന്ധവ്യജ്ഞന കര്‍ഷകര്‍ക്കും, നെല്ല്, കാപ്പി, പൈനാപ്പിള്‍, വാഴ, പ്രകൃതിദത്ത റബര്‍ കര്‍ഷകര്‍ക്കുമാകും ഇ-നാം വരുന്നതുകൊണ്ടുള്ള പ്രയോജനം ഏറെ ലഭിക്കുന്നത്. ഇ-നാം നെറ്റ്വര്ക്കില് വരുതുകൊണ്ട് ഉപഭോക്താക്കള്‍ക്കും വലിയ പ്രയോജനമുണ്ടാകും. പരിപ്പ് വര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, ശീതകാല പച്ചക്കറികള്‍, ഉള്ളി തുടങ്ങിയവ ഇനി ഇടനിലക്കാരുടെ കൈകളിലൂടെയല്ലാതെ നേരിട്ട് നമ്മുടെ വിപണികളിലേക്കെത്തും. ഇത് ഈ ഉത്പങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്കും വ്യാപാര മേഖലയ്ക്കും വലിയ നേട്ടമുണ്ടാക്കുന്നതാകും ഇ-നാം നെറ്റ് വര്‍ക്കില്‍ ലഭിക്കുന്ന അംഗത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: