മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയെ സമ്പുഷ്ഠമാക്കുന്ന കുന്തിപ്പുഴയിലും നെല്ലിപ്പുഴയിലും കയ്യേറ്റം വ്യാപകമാകുന്നു. കുന്തിദേവിയുടെ പാദസ്പര്‍ശമേറ്റ പുണ്യനദിയാണ് കുന്തിപ്പുഴയെന്ന് ജനങ്ങള്‍ പരക്കെ വിശ്വസിക്കുന്നു.
സൈരന്ധ്രീ വനത്തിലൂടെ കുന്തിപ്പുഴ ഇന്ന് നീര്ചാലായി മാറിയിരിക്കുന്നു. കയ്യേറ്റക്കാരും മണല്‍മാഫിയയുമാണ് ഇതിന് പ്രധാന കാരണമെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. പുഴ കയേറ്റവും മണല്‍കടത്തും നടത്തുന്നത് പലപ്പോഴും അധികൃതര്‍ നോക്കിനില്ക്കയാണ്. തിട്ടകളിടിച്ചും, പുഴയില്‍ കുഴികളുണ്ടാക്കിയുമാണ് ഇപ്പോള്‍ മണലെടുക്കുന്നത്. രാത്രികാലങ്ങളില്‍ പെട്ടിഓട്ടോകളിലാണ് ഇവ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്.ഒരു കാലത്ത് പുഴയില്‍ ധാരാളമായുണ്ടായിരുന്ന ഉരുളന്‍കല്ലുകളും ഇന്ന് അസ്തമിച്ചിരിക്കുകയാണ്.
ഇവ ഇന്ത്യയില്‍ തന്നെ അപൂര്‍വമാണെന്ന് പറയപ്പെടുന്നു. അലങ്കാരപണികള്ക്കും മറ്റുമാണ് ഇ വന്‍തോതില്‍ കടത്തിക്കൊണ്ടുപോയിട്ടുള്ളത്. വല്ലപ്പോഴും പിടിക്കപ്പെടുമ്പോള്‍ പിടിക്കപ്പെടുന്നവര്‍ കൈമലര്‍ത്തുകയാണ് പതിവ്. നെല്ലിപ്പുഴയുടെ ഓരത്തും കയേറ്റം വ്യാപകമാണ്. പുഴസംരക്ഷണത്തിന്റെ പേരിലാണ് ഇവ കയേറി വേലികെട്ടിയിട്ടുള്ളത്. പുഴസംരക്ഷണത്തിന്റെ പേരില്‍ പലഭാഗത്തും മണ്ണിട്ടു നികത്തുകയാണ് ഇതിനെതിരെ റവന്യൂ വകുപ്പ് ഒരു തരത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ല. മണ്ണാര്‍ക്കാട്, പൊമ്പ്ര, തെങ്കര, മെഴുകുംപാറ, കാഞ്ഞിരപ്പുഴ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.
പലതിനും ലൈസന്‍സ് ഇല്ലെന്നാണ് പറയപ്പെടുന്നത്. രാവിലെ എഴുമുതല്‍ ഒമ്പതുവരെയാണ് പ്രവര്ത്തനാനുമതിയെങ്കിലും ഇവിടെ അത് ബാധകമാകാറില്ല. ഈ പ്രദേശത്ത് അടുത്തിടെ നടത്തിയ റെയ്ഡില്‍ കരിങ്കല്‍ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍ ഇവരെ രക്ഷപ്പെടുത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: