കശ്മീര്‍ താഴ്വരകളും കേരളവും സമമായിക്കൊണ്ടിരിക്കുന്നു. അവിടെ വിഘടനവാദികള്‍ പോലീസിനെതിരെ കല്ലെറിയും. കോടതിക്കെതിരെ മുദ്രാവാക്യം വിളിക്കും. ജഡ്ജിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തും. പട്ടാളക്കാരെ തല്ലുകയും അവഹേളിക്കുകയും ചെയ്യും. ഏതാണ്ട് ഇതൊക്കെത്തന്നെയാണ് മെയ് 29ന് എറണാകുളത്ത് നടന്നതും. അവിടെ കൂടിയവര്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് വാഹനങ്ങളില്‍ കയറി പ്രസംഗിച്ചു. ജഡ്ജിയെ ഭീഷണിപ്പെടുത്തി. ബദര്‍ യുദ്ധം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു.
“ബോലോ തക്ബീര്‍, അള്ളാഹു അക്ബര്‍“ വിളികള്‍ കൂടുതല്‍ കേട്ടിട്ടുള്ളത് കലാപങ്ങളിലും യുദ്ധവേളകളിലുമാണ്. ഇവിടെ യുദ്ധാഹ്വാനം മുഴക്കിക്കൊണ്ടാണ് തക്ബീര്‍ വിളികള്‍ മുഴക്കിയത്. അതായത് പരസ്യയുദ്ധം കേരളത്തിലും ആരംഭിക്കുന്നു എന്നര്‍ത്ഥം. ആഗോളതലത്തില്‍ ഭീകരവാദികള്‍ സ്വീകരിച്ചിട്ടുള്ള നയമാണ് എറാണാകുളത്തും അരങ്ങേറിയത്. ഭീകരവാദികള്‍ക്കെതിരായി വിധി പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ പരസ്യമായി ഭീഷണിപ്പെടുത്തുക. അവര്‍ക്കെതിരെ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതികളില്‍ കേസ് കൊടുക്കുക. ഭീകരവാദ സംഘടനകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരെയുള്ള നടപടികളെ ഇസ്ലാംവിരുദ്ധമായി ചിത്രീകരിക്കുക. ഇങ്ങനെ വളരെ വിശാലമായ ഓപ്പറേഷനാണ് ആഗോള ഭീകര പ്രസ്ഥാനങ്ങള്‍ നടത്തുന്നത്. അല്‍-ക്വയ്ദ മാന്വല്‍ എന്ന് ഈ പദ്ധതിയുടെ പേര്. പതിനെട്ട് അധ്യായങ്ങളും 180ഓളം പേജുകളുമുള്ള അല്‍-ക്വയ്ദ മാന്വല്‍ ബ്രിട്ടണില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്.
കേരളത്തില്‍ ഇത്രയും പരസ്യമായി മത ഭീകരവാദികള്‍ അഴിഞ്ഞാടിയിട്ടും നാല് വോട്ടിനും താല്‍ക്കാലിക അധികാരത്തിനുമായി കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും നിശ്ശബ്ദത പാലിച്ചു. അതുപക്ഷെ അവരുടെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് കരുതാം. സ്വാതന്ത്ര്യസമരത്തെ ദുര്‍ബലപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ തുടങ്ങിയതാണല്ലോ കോണ്‍ഗ്രസ്. പിന്നീട് ബാലഗംഗാധര തിലകനും അരവിന്ദഘോഷും കോണ്‍ഗ്രസ് നേതാക്കളായപ്പോള്‍ മാത്രമാണ് അത് സ്വാതന്ത്ര്യസമര പ്രസ്ഥാനമായി മാറിയത്. ഇവരെത്തുടര്‍ന്ന് ഗാന്ധിജിയും സുഭാഷും മറ്റുചില ദേശീയവാദികളും വന്നതൊഴിച്ചാല്‍ കോണ്‍ഗ്രസ് അന്നും ഇന്നും എന്നും വിഘടനവാദികളെ പ്രീണിപ്പിച്ചിട്ടേയുള്ളൂ.
കമ്യൂണിസ്റ്റുകള്‍ ഒരു പടികൂടി കടന്ന് വിഘടനവാദികളോടൊപ്പമാണ് എന്നും. അതിനു കാരണം അവര്‍ ദേശീയതയെ അംഗീകരിക്കുന്നില്ല എന്നതുതന്നെ. അതുകൊണ്ടുതന്നെ ദേശീയത പറയുന്നവരും അവരുടെ പ്രഖ്യാപിത ശത്രുക്കളാണ്. ആര്‍എസ്എസ് അവരുടെ ഒന്നാം നമ്പര്‍ ശത്രുവായത് അങ്ങനെയാണ്. ദേശീയത അവരെ സംബന്ധിച്ചിടത്തോളം സഹിക്കാന്‍ കഴിയാത്ത കാര്യമാണ്. അതുകൊണ്ടാണ് കമ്യൂണിസ്റ്റുകള്‍ മഹാത്മാഗാന്ധിയെ എതിര്‍ത്തത്; സുഭാഷ് ചന്ദ്രബോസിനെ തെറി വിളിച്ചത്; അംബേദ്ക്കറെ അംഗീകരിക്കാതിരുന്നത്; ജയപ്രകാശ് നാരായണനെ അധിക്ഷേപിച്ചത്; സ്വാതന്ത്ര്യസമരത്തെ തന്നെ ഒറ്റുകൊടുത്തത്; പാക്കിസ്ഥാന് വാദത്തെ പിന്തുണച്ചത്. ആത്യന്തികമായി, ഭാരതത്തെ പതിനാറ് രാജ്യങ്ങളായി വിഭജിക്കണമെന്ന് 1942 സെപ്റ്റംബറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്രമേയം പാസാക്കിയത്. സംശയമുള്ളവര്‍ക്ക് പാര്‍ട്ടി രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.
കമ്യൂണിസ്റ്റുകള്‍ എല്ലാക്കാലവും ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നത് അവരുടെ നിലപാട് ദേശീയതയ്ക്ക് എതിരായതുകൊണ്ടാണ്. ക്വിറ്റ് ഇന്ത്യാ സമരവേളയില്‍ അവര്‍ അന്തര്‍ദേശീയ തലത്തില്‍ ഹിറ്റ്ലര്‍ക്ക് ഒപ്പമായിരുന്നു. ഹിറ്റ്ലറുടെ ഫാസിസവുമായി (നാസി പാര്‍ട്ടി) ഉടമ്പടിയുണ്ടാക്കിയ ലോകത്തിലെ ഒരേയൊരു കക്ഷി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കമ്യൂണിസവും ഫാസിസവും കൈകോര്‍ത്തത് ആരും ശ്രദ്ധിക്കാതിരിക്കാനാണ് അവര്‍ മറ്റുള്ളവരെ ഫാസിസ്റ്റ് എന്നു വിളിക്കുന്നത്. മുസോളിനിയുമായി കൂടി കണ്ടവരെയെല്ലാം – ഗാന്ധിജി, ടാഗോര്‍, ഡോ.മൂഞ്ചേ അവര്‍ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധ മാറ്റാനാണ്.
അന്തര്‍ദേശീയ തലത്തിലും ഇസ്ലാമിക ലോലത്തോടല്ല കമ്യൂണിസ്റ്റുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളത്. പകരം ആഗോള ഭീകരവാദ പ്രസ്ഥാനങ്ങളോടും ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കിയവരോടുമൊപ്പമാണ് പാര്‍ട്ടി എന്നും. ആ നിലപാടില്‍ നിന്നുകൊണ്ടാണ് പാര്‍ട്ടി സദ്ദാം ഹുസൈന്റെ പേരില്‍ കണ്ണീരൊഴുക്കിയത്, ബിന്‍ ലാദനെ മാതൃകാപുരുഷനായി ചിത്രീകരിച്ചത്. അതേ കാരണംകൊണ്ടാണ് പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സല് ഗുരുവിനെ രക്തസാക്ഷിയായി ആദരിച്ചത്. ഭീകരവാദി നേതാവ് മക്ബൂല്‍ ഭട്ടിന്റെ രക്തസാക്ഷി ദിനം ആചരിച്ചത്. അവര്‍ ദേശീയതയെ എതിര്‍ക്കുന്നതുകൊണ്ടാണ് ദേശസുരക്ഷ നടത്തിക്കൊണ്ടിരുന്ന സിആര്‍പിഎഫ് ജവാന്മാരെ കമ്യൂണിസ്റ്റുകള്‍ കൊന്നത്. കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോള്‍ സര്‍വകലാശാല ക്യാമ്പസില്‍ ആഹ്ലാദപ്രകടനം നടത്തിയത്. അത്രയും എങ്കിലും രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷമാണവര്ക്കുള്ളത്.
മുസ്ലീം സ്നേഹമാണ് ഉണ്ടായിരുന്നതെങ്കില്‍ കമ്യൂണിസ്റ്റുകള്‍ അബ്ദുള്‍ കലാമിനെ ആദരിക്കേണ്ടതിന് പകരം അഫ്സല് ഗുരുവിനെ ആദരിക്കില്ലായിരുന്നു. അവര്‍ ദേശീയ മുസ്ലീങ്ങളെ പിന്തുണയ്ക്കുകയും മദനിയേയും കൂട്ടരേയും ഒഴിവാക്കുകയും ചെയ്യുമായിരുന്നു.
ഇന്ന് കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലാണ് ഭീകരവാദം വേരു പിടിച്ചത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കണ്ണൂരും കാസര്‍കോടും പാലക്കാടുമൊക്കെയായിരുന്നു പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍. തിരുവിതാംകൂറില്‍ അമ്പലപ്പുഴയും കൊല്ലവും. ഇവിടെയൊക്കെയാണ് ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും കൂടുതല്‍ വേരോട്ടമുണ്ടായത്. മലപ്പുറം പണ്ടേ കമ്യൂണിസ്റ്റുകള്‍ വര്‍ഗീയ വിഘടന ശക്തികള്‍ക്ക് തീറെഴുതിക്കൊടുത്തതാണല്ലോ. ഇത് പഴയ ചരിത്രത്തിന്റെ ആവര്‍ത്തനമാണ്.
ഒരു കാലത്ത് സാംസ്കാരികമായി അധഃപതിച്ചുപോയ ഭാരതത്തെ അതിന്റെ ഓജസും തേജസും വീണ്ടെടുക്കുന്നതിനാണ് ശ്രീബുദ്ധന് ജന്മം കൊണ്ടത്. അത് സാധിക്കുകയും ചെയ്തു. എന്നാല്‍ നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞപ്പോള്‍ ബുദ്ധമതാനുയായികളിലും പതനം സംഭവിച്ചു. ബ്രാഹ്മണരും ബുദ്ധരും തമ്മില്‍ വലിയ അകല്‍ച്ചയും വിദ്വോഷവുമുണ്ടായി. ആ സന്ദര്‍ഭത്തിലാണ് അറേബ്യയില്‍ നിന്നും മറ്റും മുസ്ലീം ആക്രമണം ഉണ്ടായത്. സ്വന്തം നാട്ടിലെ എതിരാളിയെ തോല്‍പ്പിക്കാന്‍ വിദേശ ശത്രുവിന്റെ ആക്രമണം ഉപയോഗപ്പെടുത്തി ബുദ്ധര്‍. പൊതുവര്‍ഷം 712ല്‍ മുഹമ്മദ് ബിന്‍ കാസിം അറബി നാട്ടില്‍ നിന്ന് വന്നപ്പോള്‍ ബൗദ്ധര് പിന്തുണ നല്കി. സിന്ധിലെ ദാഹിറിനെ തദ്ദേശീയ ബൗദ്ധരുടെ സഹായത്തോടെ കാസിം കീഴടക്കി. ബൗദ്ധര് സന്തോഷിപ്പിച്ചു. എന്നാല്‍ അത് അധികകാലം നീണ്ടു നിന്നില്ല. രണ്ടുകൊല്ലത്തിനുള്ളില് ബുദ്ധ വിഹാരങ്ങളെല്ലാം (അവിടെയും വിഗ്രഹങ്ങളാണല്ലോ) ഇടിച്ചു നിരത്തി. ബൗദ്ധരെ മുഴുവന്‍ എളുപ്പത്തില്‍ മതം മാറ്റി. സമ്മതിക്കാത്തവരെ നിഷ്കരുണം കൊന്നൊടുക്കി. ഇതു തന്നെ പതിനൊന്നാം നൂറ്റാണ്ടില്‍ മുഹമ്മദ് ഗസ്നി ആക്രമിച്ചപ്പോഴും ആവര്‍ത്തിച്ചു. അങ്ങനെയാണ് ഇന്നത്തെ അഫ്ഗാന്, പഞ്ചാബ് (പാക്കിസ്ഥാന്) പ്രദേശങ്ങള്‍ മുസ്ലീം ഭൂരിപക്ഷമായത്. അന്നത്തെ ബൗദ്ധ നിലപാട് മൂലം ഇത്ര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും അതിന്റെ ദുരന്തം അനുഭവിക്കുന്നു അവിടെയുള്ള ജനങ്ങള്‍. ലോകത്തിലെ ഏറ്റവും അസ്വസ്ഥത നിറഞ്ഞതും ഭീകരവാദികള്‍ ഉള്ളതും ഈ രണ്ടു പ്രദേശങ്ങളിലാണല്ലോ.
അന്ന് ബൗദ്ധര് ചെയ്ത ചതി ഇന്ന് കമ്മ്യൂണിസ്റ്റുകള്‍ കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഭാവിയില്‍ കേരളവും ഒരു അഫ്ഗാനിസ്ഥാനോ പാക്കിസ്ഥാനോ ആയി മാറിയേക്കാം. അതിന് നൂറ് ശതമാനവും കാരണക്കാര്‍ കമ്യൂണിസ്റ്റുകളായിരിക്കും. ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ് ഇന്നത്തെ കമ്യൂണിസ്റ്റ് ഭരണം. ഹൈക്കോടതിക്കെതിരെ നടന്ന ആക്രമണങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് ഭീകരവാദികള്ക്കൊപ്പമായിരുന്നു. കേരളത്തിലെ ഭീകരവാദ ക്യാമ്പുകളുടെ കാര്യത്തിലും അവര്‍ മറ്റൊരു നിലപാടല്ല നടത്തിയത്. അവയെ നേരിടുന്നതിന് പകരം എല്ലാ വര്‍ഷവും നടക്കുന്ന ആര്.എസ്.എസിന്റെ പഠന ശിബിരത്തെ ലക്ഷ്യമാക്കാനായിരുന്നു പാര്‍ട്ടിക്ക് താല്പര്യം. അതിനവര്‍ ഭീകരവാദികളോടൊപ്പം കൈകോര്‍ക്കുക കൂടി ചെയ്തു.
അതേ ദേശവിരുദ്ധ നിലപാടാണ് പാര്‍ട്ടി ഭീകരവാദികളുടെ രണ്ടാം നിരയായ മതപരിവര്‍ത്തന സംഘങ്ങളുടെ കാര്യത്തിലും കൈക്കൊണ്ടത് – ഹിന്ദു യുവാക്കളെ പ്രലോഭിപ്പിച്ച് മതം മാറ്റി വിദേശത്തേയ്ക്ക് കടത്തുന്നതിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പിണറായി സര്‍ക്കാരും പിന്തുണയ്ക്കുകയായിരുന്നു. കുറച്ചു നാള് മുമ്പ് ദല്‍ഹിയില്‍ വച്ചു നടത്തിയ പത്രസമ്മേളനത്തില്‍ വി;എസ് അച്യുതാനന്ദന് പറഞ്ഞത് കേരളത്തെ ഒരു മുസ്ലീം സംസ്ഥാനമാക്കാന്‍ ഇസ്ലാമിക സംഘടനകള്‍ പദ്ധതിയിട്ടിട്ടുണ്ട് എന്നായിരുന്നു. അതിന്റെ ഭാഗമാണ് ലൗജിഹാദും മറ്റും. കേരളത്തില്‍ ആയിരക്കണക്കിന് ആള്‍ക്കാരെ ഇങ്ങനെ മതം മാറ്റിയതിന്റെ കണക്ക് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിരവധി ലൗ ജിഹാദ് കേസുകള്‍ ഹൈക്കോടതിയില്‍ വന്നിട്ടുണ്ട്. ബ്രെയിന്‍വാഷ് ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായി എന്ന ഒറ്റക്കാരണത്താല്‍ അവരെയൊക്കെ കുടുംബങ്ങള്‍ക്ക് നഷ്ടപ്പെട്ടു. പലരും സമ്പന്നരാവുകയും പിതൃതുല്യരായവരോടൊപ്പം ഭാര്യ എന്ന പേരില്‍ കഴിച്ചു കൂട്ടേണ്ടിയും വന്നു. മറ്റു ചിലര്‍ ചാവേറുകളാവാന്‍ അഫ്ഗാനിസ്ഥാനിലേയ്ക്കും സിറിയയിലേക്കും പോയി.
കിട്ടിയ ഇഹലോക ജീവിതം ഉപേക്ഷിച്ച് മതത്തിന്റെ തട്ടിപ്പില്‍പ്പെട്ട് ഇല്ല്ലാത്ത പരലോകം തേടിപ്പോയി. അവര്‍ അങ്ങനെ പോകുന്നതിലല്ല കഷ്ടം. ദൈവത്തിന്റെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുന്നു. സമൂഹത്തില്‍ അക്രമം അഴിച്ചുവിടുന്നത് നല്ല മതത്തിന്റെ ലക്ഷണമാണോ? ഈ വൃത്തികെട്ട ലോകനാശകമായ പ്രവര്‍ത്തനത്തെയാണ് കമ്യൂണിസ്റ്റുകള്‍ പിന്തുണയ്ക്കുന്നത്. അവര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. രാഷ്ട്രവും സംസ്കാരവും ഒന്നും അവരെ സംബന്ധിച്ചിടത്തോളം കൊള്ളരുതായ്മയാണ്.
എന്നാല്‍ നാടിനെ സ്നേഹിക്കുകയും സംസ്കാരത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നവര്‍ ഉദാസീനരായിരുന്നുകൂടാ. തങ്ങളുടെ കുടുംബത്തെയും ഭാവി തലമുറയേയും പറ്റി ആകാംക്ഷയുള്ളവര്‍ കപട മതേതരത്വത്തിന്റെ പേരില്‍ തീവ്രവാദികളെ പിന്തുണയ്ക്കരുത്. ഇത്തരം ദേശദ്രോഹ നിലപാടുകളെ ചെറുക്കാന്‍ തയാറാകണം. കേരളത്തിലാണ് ഭീകരവാദ പരിശീലന ക്യാമ്പ് ഒരു തടസവും കൂടാതെ നടന്നത്. ഇടുക്കിയിലും എടയാറിലും കണ്ണൂരിലും ഒക്കെ സ്വതന്ത്രമായി അവര്‍ക്ക് വിഹരിക്കാന്‍ കഴിഞ്ഞത് ആരുടെ സംരക്ഷണത്തിലായിരുന്നു? പാക്കിസ്ഥാനിലും കാശ്മീര്‍ താഴ്വരയിലും പാക് സര്‍ക്കാരിന്റെ ഒത്താശയോടെ ഭീകരവാദ പരിശീലനം നടക്കുന്നു. അതിന് തുല്യമായി കേരളത്തില്‍ കമ്യൂണിസ്റ്റ് പിന്തുണയോടെ ഭീകരവാദികള്‍ സുരക്ഷിതരായി പ്രവര്‍ത്തിക്കുന്നു. ഇത് നാം കണ്ടറിയണം. അല്ലെങ്കില്‍ കൊണ്ടറിയേണ്ടി വരും. അപ്പോള്‍ ഒന്നും ചെയ്യാനുണ്ടാവില്ല.
അങ്ങനെയൊരു അവസരം ഉണ്ടാകാതിരിക്കണമെങ്കില്‍ ഭീകരവാദ സംരക്ഷണമല്ല മുസ്ലീം സംരക്ഷണമെന്ന് തിരിച്ചറിയണം. വര്‍ഗീയ പ്രീണനമല്ല ന്യൂനപക്ഷ സംരക്ഷണമെന്ന് ബോധ്യമുണ്ടാകണം. പ്രണയവും വിവാഹവുമല്ല ലൗ ജിഹാദെന്ന് മനസിലാക്കണം. ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമല്ല രഷ്ട്രദ്രോഹമെന്ന് അറിയാന്‍ കഴിയണം. ഇവയുടെ വ്യത്യാസം തിരിച്ചറിയുകയാണ് ഭരണാധികാരികളും പൊതുസമൂഹവും ചെയ്യേണ്ടത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിവേചന ബുദ്ധി അല്ലെങ്കില്‍ തിരിച്ചറിവ് ഉണ്ടാവണമെന്ന് സാരം. അല്ലെങ്കില്‍ കേരളം കശ്മീരല്ല മറ്റൊരു അഫ്ഗാനിസ്ഥാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: