ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ പഞ്ചായത്തിലുള്ള പാരിപ്പള്ളി കമ്മ്യൂണിറ്റിഹാളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുന്നു. കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമായി സാധാരണക്കാര്‍ മിക്കപ്പോഴും കമ്മ്യൂണിറ്റി ഹാളിനെയാണ് ആശ്രയിക്കുന്നത്. കല്യാണത്തലേന്നുള്ള വിരുന്നുസല്‍ക്കാരത്തിനും കല്യാണ ദിവസത്തിനും കൂടി വാടകയിനത്തില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും 14400 രൂപയും പട്ടികവിഭാഗക്കാരില്‍ നിന്നും 12400 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി.
പാചകം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായുള്ള വെള്ളം പുറത്തുനിന്നും കൊണ്ടുവരേണ്ട അവസ്ഥയാണ് ഉള്ളത്. പരിസരത്ത് കൊണ്ടുതള്ളുന്ന മാലിന്യകൂമ്പാരങ്ങള്‍ അരിച്ചിറങ്ങി കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലാതായി. ചിലര്‍ക്കെങ്കിലും ഈ വൃത്തികെട്ട വെള്ളം ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. പരിസരത്ത് കൂമ്പാരമായി കെട്ടികിടക്കുന്ന മാലിന്യങ്ങളെ കുറിച്ചും അവമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെകുറിച്ചും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്തില്‍ നിന്നും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.
പാചകത്തിന് ഉപയോഗിക്കേണ്ടുന്ന പാത്രങ്ങള്‍, തവികള്‍ തുടങ്ങി മിക്ക സാധനങ്ങളും ഇല്ല. ഉള്ളവ മിക്കതും തുള വീണ് നശിച്ച നിലയിലുമാണ്. മാലിന്യങ്ങള്‍ നശിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ബുക്ക് ചെയ്യുന്നവര്‍ തന്നെ അവശിഷ്ടങ്ങള്‍ കൊണ്ടുപോകേണ്ടതുണ്ട്. ഭക്ഷണം കഴിക്കുന്നതിനുള്ള ഹാളിലെ ലൈറ്റുകളൊന്നും പ്രകാശിക്കുന്നില്ല. വൈദ്യുതികരണത്തിലുള്ള തകരാറ് കാരണം ചെറിയ ജനറേറ്ററുകള്‍ ഉപയോഗിച്ച് ലൈറ്റുകള്‍ ഇടുന്നവരുമുണ്ട്. ശുചിമുറിയും, കുളിമുറിയും വൃത്തിയുള്ള നിലയിലല്ല ഉള്ളത്. എന്നാല്‍ ബുക്ക് ചെയ്യാന്‍ എത്തുന്നവരോട് ഇത്തരം അസൗകര്യങ്ങളെകുറിച്ച് പറയാറില്ല എന്നാണ് പരാതി. കഴിഞ്ഞവര്‍ഷം കമ്മ്യൂണിറ്റി ഹാളിന്റെ മെയിന്റനന്‍സിനായി 16 ലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് മാറ്റിവച്ചത്. എന്നാല്‍ ശരിയായ ഒരു പുനര്‍നിര്‍മാണവും നടന്നിട്ടില്ല എന്നാണ് ആക്ഷേപം. ഹാളില്‍ ടൈലിടുകയും ചുറ്റുമതിലില്‍ അറ്റകുറ്റപ്പണിയും, ഹാളിനകത്തായി സ്റ്റീല്‍ പൈപ് ഉപയോഗിച്ചുള്ള ചില പണികളും മാത്രമാണ് നടന്നിട്ടുള്ളത്. പഞ്ചായത്തിന്റെ ഈ അനാസ്ഥ മൂലം കഷ്ടത്തിലാകുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
















