വട്ടിയൂര്‍ക്കാവ്: ഏതുനിമിഷവും വീടിനുമുകളിലേക്ക് അടര്‍ന്ന് വീഴാവുന്ന പാറയെയും ഭയന്ന് ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയാണ് ഒരുകുടുംബം. വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് പരുത്തിവിള കല്ലുമല അന്‍വര്‍ മന്‍സിലില്‍ എച്ച്. മുബീന (42) യും കുടുംബവുമാണ് മരണഭീതിയില്‍ കഴിയുന്നത്. കല്ലുമലയില്‍ നാല് കുടുംബങ്ങളാണ് ഉള്ളത്. ഇതില്‍ മൂന്ന് കുടുംബങ്ങളുടെ വീടുകള്‍ സ്ഥിതിചെയ്യുന്നത് നിരപ്പായ ഭൂമിയിലാണ്. മുബീനയുടെ കുടുംബമാണ് ഇളകിവീഴാറായി നില്‍ക്കുന്ന പാറയ്‌ക്കു സമീപം കഴിയുന്നത്. മുബീനയുള്‍പ്പെടെ രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് വീട്ടിലുള്ളത്. അഞ്ച് വര്‍ഷത്തിന്മുമ്പ് പാറയുടെ ഒരുഭാഗം ഇളകിവീണ് ഇവരുടെ ഒരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ഒരു കാലിന് ഇപ്പോഴും സ്വാധീനമില്ല. കാലവര്‍ഷം തുടങ്ങിയതോടെ പാറ മൊത്തത്തില്‍ വീടിനു മുകളില്‍ പതിച്ചേക്കാമെന്ന ഭീതിയിലാണ് കുടുംബം. കഴിഞ്ഞദിവസമുണ്ടായ മഴയില്‍ പാറയുടെ കുറച്ചുഭാഗം പൊടിഞ്ഞ് വീടിനു മുകളില്‍ പതിച്ചതോടെ മുബീനയുടെ കുടുംബത്തെ ചില പ്രാദേശിക രാഷ്‌ട്രീയ നേതൃത്വത്തില്‍പ്പെട്ടവര്‍ സന്ദര്‍ശിച്ചു. ശാസ്തമംഗലത്തെ ഒരു സ്‌കൂളില്‍ അഭയം നല്‍കാനുള്ള തീരുമാനത്തിലായിരുന്നു അവര്‍. എന്നാല്‍ തങ്ങള്‍ക്ക് സ്‌കൂളില്‍ കഴിയാന്‍ സാധിക്കില്ലെന്നും ഭൂമി ഏറ്റെടുത്തശേഷം മറ്റെവിടെയെങ്കിലും വീടുവച്ചു നല്‍കിയാല്‍ മതിയെന്നുമാണ് ഇവര്‍ പറയുന്നത്. പ്രശ്‌നം രൂക്ഷമായിട്ടും പേരൂര്‍ക്കട വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. കഴിഞ്ഞദിവസം പാറയുടെ ഭാഗം ഇടിഞ്ഞുവീണതോടെ വാര്‍ഡ് കൗണ്‍സിലറും തിരുവനന്തപുരം താലൂക്ക് അധികൃതരും വീട്ടിലെത്തിയിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
















