നെല്ലിയാമ്പതി: ചെറുനെല്ലി ആദിവാസി കുടുംബങ്ങളുടെ പുനരധിവാസ നടപടി അവതാളത്തില്‍. ഏഴ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കലാണ് നീണ്ടുപോകുന്നത്. 2016 ജൂണില്‍ത്തന്നെ ഇതിനുള്ള ശ്രമം തുടങ്ങിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
കളക്ടറും, എംഎല്‍എയും ചെറുനെല്ലി കോളനിയിലെത്തി പുനരധിവാസം സംബന്ധിച്ച വിവരങ്ങള്‍ ഇവരില്‍നിന്ന് ശേഖരിച്ചു.പരമ്പരാഗതമായ കീഴ് വഴക്കങ്ങളും പൈതൃകവും നിലനിര്‍ത്തി പുനരധിവസിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയത്.
വനത്തോടുചേര്‍ന്നുള്ള പ്രദേശമായിരിക്കണം. വനവിഭവങ്ങള്‍ ശേഖരിക്കാനാകണം. ഏകാധ്യാപകവിദ്യാലയ മാതൃകയില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കണം.കുടിവെള്ളവും ഉപജീവനമാര്‍ഗവും തരപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ആദിവാസികള്‍ ഉന്നയിച്ചത്.
ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചെങ്കിലും നടപടി ഇനിയുമായില്ല.
നെല്ലിയാമ്പതി നെന്മാറ പാതയില്‍ ചെറുനെല്ലി വളവില്‍നിന്ന് കുത്തനെ ഒരു കിലോമീറ്ററിലധികം താഴെയാണ് കോളനി. വന്യമൃഗഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ്.മിക്കവരും കൂട്ടമായാണ് വരുന്നതും പോകുന്നതും.
നെന്മാറയിലേക്ക് പഠിക്കാന്‍ പോകുന്ന കുട്ടികളെ പാതവരെ അനുഗമിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നു.മഴക്കാലത്ത് ചോലവെള്ളം കവിഞ്ഞ് യാത്രതടസ്സപ്പെടുന്നതും പതിവാണ്.കുടിവെള്ളത്തിന് ചെറുഅരുവികളെയാണ് ആശ്രയിക്കുന്നത്. പാതയരികില്‍ സ്ഥാപിച്ച ചെറുടാങ്കില്‍ അരുവിയില്‍ നിന്നുള്ള വെള്ളമിറക്കി കുഴലിലൂടെയാണ് കോളനിയിലെത്തിക്കുന്നത്.
പോത്തുണ്ടി ഡാമിനോട് ചേര്‍ന്നുള്ള വനപ്രദേശത്ത് പുനരധിവാസം ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതിന് വനം വകുപ്പിന്റെ അനുമതി വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: